റീറ്റെയ്ല്‍, ഫ്രാഞ്ചൈസ് അവസരങ്ങള്‍ തുറന്ന്‌ ധനം സമ്മിറ്റ്

30 വര്‍ഷത്തിലധികമായി ഈ രംഗത്ത് സജീവമായ കമ്പനിക്ക് 40ലധികം ഫ്രാഞ്ചൈസികളുണ്ട്

Update:2023-12-07 18:06 IST

കെ.പി.ജി റൂഫിംഗ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി റജീല്‍, നാച്വറല്‍സ് സലൂണ്‍ ആന്‍ഡ് സ്പാ ബിസിനസ് ഡെവലപ്‌മെന്റ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. ചാക്കോച്ചന്‍ മത്തായി, പെറ്റ്‌സ് ഹോസ്പിറ്റല്‍ ആന്‍ഡ് പെറ്റ് ഗ്രൂമിംഗ് മാനേജിംഗ് ഡയറക്ടര്‍ സുധിന്‍ ജോണ്‍ വിലങ്ങാടന്‍, ടി ദി ബ്രാന്‍ഡ് സി.ഇ.ഒയും സ്ഥാപകനുമായ ശ്രീജിത്ത് ശ്രീകുമാര്‍, സ്‌റ്റൈലൂപ്പ് സ്ഥാപകനും സി.ഇ.ഒയുമായ ദിലീപ് രാജ് എന്നിവര്‍ ധനം ബിസിനസ് റീറ്റെയ്ല്‍, ഫ്രാഞ്ചൈസ് സമ്മിറ്റില്‍ ഫ്രാഞ്ചൈസ് അവസരങ്ങള്‍ അവതരിപ്പിക്കുന്നു

വിജയസാധ്യതയുള്ള ബിസിനസ് അവസരം കണ്ടെത്തുക സംരംഭകരെ സംബന്ധിച്ച് ഒരു വെല്ലുവിളിയാണ്. വളർച്ചാ സാധ്യതയുള്ള ബിസിനസ് ആശയത്തില്‍ പണം നിക്ഷേപിച്ചതു കൊണ്ട് മാത്രം വിജയകരമായ സംരംഭം കെട്ടിപ്പടുക്കാനാവില്ലെന്ന് നമുക്കറിയാം.

ഏറെ താല്‍പ്പര്യമുള്ള രംഗത്ത് സമയവും കാലവും നോക്കാതെ അങ്ങേയറ്റം ഫോക്കസോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ നേട്ടമുണ്ടാക്കാന്‍ സാധിക്കൂ.
സംരംഭകരെ പ്രോത്സാഹിപ്പിക്കാനും സംരംഭകത്വം വളര്‍ത്താനുമായി മൂന്നര പതിറ്റാണ്ടായി നിലകൊള്ളുന്ന ധനത്തിന്റെ അഞ്ചാമത് റീറ്റെയ്ല്‍ ആന്‍ഡ് ഫ്രാഞ്ചൈസ് സമ്മിറ്റ് വ്യത്യസ്തമാകുന്നത് ഇവിടെയാണ്. ഫ്രാഞ്ചൈസി നല്‍കി കൊണ്ട് ബിസിനസിനെ അടുത്ത ഘട്ടത്തിലേക്ക് വളര്‍ത്തുന്ന സംരംഭകരെയും മികച്ച ബിസിനസ് ആശയങ്ങള്‍ തേടുന്നവരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു പുതിയ പ്ലാറ്റ്‌ഫോമായിരുന്നു ഈ വര്‍ഷത്തെ സമ്മിറ്റിലെ ഒരു പ്രധാനം ആകര്‍ഷണം.
അഞ്ച് വ്യത്യസ്ത അവസരങ്ങള്‍
കെ.പി.ജി റൂഫിംഗ്‌സ്, ടി ദി ബ്രാന്‍ഡ്, ഡോ.സൂ, സ്‌റ്റൈലൂപ്പ്, നാച്വറല്‍സ് എന്നീ അഞ്ച് പ്രമുഖ ബ്രാന്‍ഡുകളാണ് ധനം സമ്മിറ്റിന്റെ നിറഞ്ഞ വേദിയില്‍ ഫ്രാഞ്ചൈസ് അവസരങ്ങള്‍ അവതരിപ്പിച്ചത്.
കോഴിക്കോട് ആസ്ഥാനമായ റൂഫിംഗ് ഷീറ്റ് നിര്‍മാതാക്കളാണ് കെ.പി.ജി റൂഫിംഗ്‌സ്. 30 വര്‍ഷത്തിലധികമായി ഈ രംഗത്ത് സജീവമായ കമ്പനിക്ക് 40ലധികം ഫ്രാഞ്ചൈസികളുണ്ട്. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി. റജീലാണ് കമ്പനിയുടെ ഭാവി സാധ്യതകളെ കുറിച്ച് സംരംഭകര്‍ക്ക് മുന്നില്‍ വിവരിച്ചത്.
കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബ്ലേസേഴ്‌സ് നിര്‍മാതാക്കളാണ് ടി ദി ബ്രാന്‍ഡ്. നാല് മാസം മുന്‍പ് പ്രവർത്തനം ആരംഭിച്ച കമ്പനി ഇതിനകം തന്നെ കേരളത്തിലും തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. ടി ദി ബ്രാന്‍ഡ് സി.ഇ.ഒയും സ്ഥാപകനുമായ ശ്രീജിത്ത് ശ്രീകുമാര്‍ കമ്പനിയുടെ ഫ്രാഞ്ചൈസ് സാധ്യതകള്‍ അവതരിപ്പിച്ചു.
വളര്‍ത്ത് മൃഗങ്ങള്‍ക്ക് മികച്ച പരിപാലനം നല്‍കുന്ന കൊച്ചിയിലെ പ്രമുഖ വെറ്ററിനറി  സ്ഥാപനമാണ് ഡോ. സൂ പെറ്റ്‌സ് ഹോസ്പിറ്റല്‍ ആന്‍ഡ് പെറ്റ് ഗ്രൂമിംഗ്. മാനേജിംഗ് ഡയറക്ടര്‍ സുധിന്‍ ജോണ്‍ വിലങ്ങാടനാണ് കമ്പനിയെ കുറിച്ചും ഫ്രാഞ്ചൈസ് അവസരങ്ങളെ കുറിച്ചും സംരംഭകരുമായി സംവദിച്ചത്.
സമ്പൂര്‍ണമായ സ്റ്റൈലിംഗ്, മേക്കോവര്‍ സൊലൂഷ്യന്‍സ് നല്‍കുന്ന ഓംനി ചാനല്‍ ബ്രാന്‍ഡായ സ്‌റ്റൈലൂപ്പിന്റെ ഓഫ്‌ലൈന്‍ സ്റ്റോറുകളുടെ ഫ്രാഞ്ചൈസ് അവസരങ്ങള്‍ സ്ഥാപകനും സി.ഇ.ഒയുമായ ദിലീപ് രാജ് അവതരിപ്പിച്ചു.
രാജ്യത്തെ ആദ്യ യൂണിസെക്‌സ് ബ്യൂട്ടി സലൂണ്‍ ശൃംഖലയായ നാച്വറല്‍സിന്റെ ബിസിനസ് അവസരങ്ങള്‍ അവതരിപ്പിച്ചത് നാച്വറല്‍സ് സലൂണ്‍ ആന്‍ഡ് സ്പാ ബിസിനസ് ഡെവലപ്‌മെന്റ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ.ചാക്കോച്ചന്‍ മത്തായിയാണ്.
Tags:    

Similar News