കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ 'ഭൗമ സൂചിക' ഉത്പന്നങ്ങള്‍ കേരളത്തില്‍
അട്ടപ്പാടി തുവര ഉള്‍പ്പെടെ കേരളത്തില്‍ നിന്ന് 5 ഉത്പന്നങ്ങള്‍
രാജ്യത്ത് കഴിഞ്ഞ സാമ്പത്തികവര്‍ഷം ഏറ്റവുമധികം ഉത്പന്നങ്ങള്‍ക്ക് ഭൗമ സൂചികാ പദവി (ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍/ജി.ഐ/GI Tag) ലഭിച്ച സംസ്ഥാനം കേരളം. അട്ടപ്പാടിയില്‍ നിന്നുള്ള ആട്ടുകൊമ്പ് അമര, തുവര, ആലപ്പുഴ ഓണാട്ടുകരയിലെ എള്ള്, ഇടുക്കി കാന്തല്ലൂര്‍ വട്ടവടയിലെ വെളുത്തുള്ളി, കൊടുങ്ങല്ലൂരിലെ പൊട്ടുവെള്ളരി എന്നിവയാണ് കേരളത്തില്‍ നിന്ന് ഇടംപിടിച്ചതെന്ന് ജി.ഐ രജിസ്ട്രി വ്യക്തമാക്കി.
ബിഹാറില്‍ നിന്നുള്ള മിഥിലാ മഖാന, മഹാരാഷ്ട്ര അലിബാഗില്‍ നിന്നുള്ള ഉള്ളി, തെലങ്കാനയില്‍ നിന്നുള്ള ചുവന്ന തുവര, ലഡാക്കിലെ രക്‌സേ കാര്‍പോ ബദാം, അസാമില്‍ നിന്നുള്ള ഗമോസ കരകൗശല വസ്തുക്കള്‍ തുടങ്ങിവയാണ് കഴിഞ്ഞവര്‍ഷം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പട്ടികയില്‍ ഇടംനേടിയവ. 2022-23ല്‍ പട്ടികയില്‍ ആകെ പുതുതായി എത്തിയത് 12 ഉത്പന്നങ്ങളാണ്. 2021-22ല്‍ പുതിയ 50 ഉത്പന്നങ്ങളുണ്ടായിരുന്നു.
എന്താണ് ജി.ഐ ടാഗ്?
ഒരു പ്രത്യേക ഭൂപ്രദേശത്തിന്റെ സവിശേഷത മൂലം കാര്‍ഷിക വിളകള്‍ക്കും നിര്‍മ്മിത ഉത്പന്നങ്ങള്‍ക്കും ലഭിക്കുന്ന ഗുണനിലവാരങ്ങള്‍ വിലയിരുത്തി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയമാണ് ജി.ഐ ടാഗ് നല്‍കുന്നത്.
ആടിന്റെ കൊമ്പ് പോലെ തോന്നിക്കുന്നതാണ് ഏറെ ഔഷധ ഗുണങ്ങളുള്ള അട്ടപ്പാടി ആട്ടുകൊമ്പ് അമര. പച്ചക്കറിയായും പരിപ്പായും ഉപയോഗിക്കുന്നതാണ് വെള്ളനിറത്തിലുള്ള അട്ടപ്പാടി തുവര. ഔഷധഗുണം കൊണ്ടുതന്നെ പേരുകേട്ടതാണ് ഓണാട്ടുകരയിലെ എള്ളും എള്ളെണ്ണയും. കൊഴുപ്പും തീരെക്കുറവാണ്. മികച്ച ദാഹശമനിയെന്ന പെരുമയുള്ളതാണ് കൊടുങ്ങല്ലൂര്‍ പൊട്ടുവെള്ളരി. ജ്യൂസായും അല്ലാതെയും കഴിക്കാം.