ലോകം മാന്ദ്യത്തിലേക്കോ? ആശങ്ക പങ്കുവച്ച് സോഹോ മേധാവി ശ്രീധര്‍ വെമ്പു

മാക്രോ ഇക്കണോമിക് പ്രശ്‌നങ്ങള്‍ സെപ്റ്റംബറില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചു

Update:2023-10-06 10:22 IST

ആഗോള സമ്പദ്‌രംഗം മോശം അവസ്ഥയിലേക്ക് നീങ്ങുന്നതായി സംശയിക്കുന്നുവെന്ന് സോഹോ കോര്‍പറേഷന്റെ സി.ഇ.ഒ ശ്രീധര്‍ വെമ്പു. മാക്രോ ഇക്കണോമിക് ഘടകങ്ങള്‍ മൂലം കഴിഞ്ഞ മാസം വിവിധ രാജ്യങ്ങളിലെ സോഹോ കോര്‍പറേഷന്റെ ബിസിനസുകള്‍ കുറഞ്ഞതായും സി.ഇ.ഒ ശ്രീധര്‍ വെമ്പു ടിറ്ററില്‍ കുറിച്ചു.

'സോഫ്റ്റ് വെയര്‍ ആസ് എ സര്‍വീസ്' (Software-as-a-Service /SaaS) കമ്പനിയായ സോഹോ 2022 സാമ്പത്തിക വര്‍ഷം 2,700 കോടി രൂപയാണ് ലാഭം നേടിയത്. വരുമാനം 28 ശതമാനം ഉയര്‍ന്ന് 6,711 കോടി രൂപയായിരുന്നു. ജനുവരിയില്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് സമര്‍പ്പിച്ച ഫയലിംഗ്‌സ് പ്രകാരം കമ്പനിയുടെ ചെലവ് 18 ശതമാനം ഉയര്‍ന്ന് 3,572 കോടിയായി. ഇതില്‍ 51 ശതമാനവും ജീവനക്കാരുടെ ക്ഷേമത്തിനായുള്ള ചെലവുകളാണ്.

മാന്ദ്യ ഭീഷണി ഉലയ്ക്കുന്നു
റഷ്യ-ഉക്രൈന്‍ യുദ്ധവും അതേ തുടര്‍ന്നുള്ള സപ്ലൈ ചെയ്ന്‍ പ്രശ്‌നങ്ങളും പണപ്പെരുപ്പ നിരക്ക്, യു.എസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് ഉയര്‍ത്തല്‍ എന്നിവ യു.എസ് സമ്പദ് രംഗത്ത് മാന്ദ്യ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇത് ഐ.ടി കമ്പനികളെയും മോശമായി ബാധിക്കുന്നു.
മിക്ക സാസ് സ്ഥാപനങ്ങളും ജീവനക്കാരെ പിരിച്ചുവിടുകയും മാര്‍ക്കറ്റിംഗ് ഉള്‍പ്പെടെയുള്ള ചെലവുകള്‍ വെട്ടിച്ചുരുക്കുകയുമാണ്. സാസ് രംഗത്തെ വമ്പന്‍ കമ്പനിയായ ഫ്രഷ്‌വര്‍ക്‌സ് രണ്ട് മൂന്ന് ഘട്ടങ്ങളായി ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. സോഹോ ഉള്‍പ്പെടെയുള്ള മറ്റ് പല കമ്പനികളും പുതുതായി ജീവനക്കാരെ നിയമിക്കുന്നതില്‍ കുറവ് വരുത്തിയിട്ടുണ്ട്.
2023 ന്റെ ആദ്യ പകുതിയില്‍ സാസ് കമ്പനികളിലേക്കുള്ള നിക്ഷേപത്തില്‍ 81 ശതമാനത്തോളം കുറവ് രേഖപ്പെടുത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 2022ന്റെ ആദ്യ പകുതിയില്‍ 340.6 കോടി ഡോളറിന്റെ നിക്ഷേപം നടന്ന സ്ഥാനത്ത് ഈ വര്‍ഷം 6.35 കോടി ഡോളറിന്റെ നിക്ഷേപമാണ് നടന്നിരിക്കുന്നത്.
Tags:    

Similar News