പലിശ കുറയ്ക്കലിന് പിന്നാലെ റെക്കോഡ് തൊട്ട് അന്താരാഷ്ട്ര സ്വര്‍ണം, ശക്തമായ ലാഭമെടുപ്പില്‍ വീഴ്ച
മൂന്നാം നാളും കേരളത്തില്‍ വില താഴേക്ക്, അനക്കമില്ലാതെ വെള്ളി
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് അര ശതമാനം കുറച്ചതിനു പിന്നാലെ ഔണ്‍സിന് 30 ഡോളറോളം വര്‍ധിച്ച് സ്വര്‍ണവില 2,600 ഡോളറെന്ന റെക്കോഡിലെത്തി. പിന്നീട് ഉയര്‍ന്ന വിലയില്‍ ലാഭമെടുപ്പ് ശക്തമായതോടെ താഴേക്ക് പോയി. നിലവില്‍ 0.07 ശതമാനം ഉയര്‍ന്ന് 2,561 ഡോളറിലാണ് വ്യാപാരം.
കേരളത്തില്‍ വില കുറഞ്ഞു
അന്താരാഷ്ട്ര സ്വര്‍ണ വില താഴ്ന്നതോടെ കേരളത്തിലും വില ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 25 രൂപ കുറഞ്ഞ് 6,825 രൂപയും പവന്‍ വില 200 താഴ്ന്ന് 54,600 രൂപയുമായി.
ലൈറ്റ് വെയിറ്റ് ആഭരണങ്ങളും കല്ലുപതിപ്പിച്ച ആഭരണങ്ങളും നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 15 രൂപ താഴ്ന്ന് 5,665 രൂപയായി. വെള്ളിവില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 95 രൂപ.
പ്രതീക്ഷിച്ചപോലെ മുന്നേറിയില്ല
നിക്ഷേപകരുടെ പ്രതീക്ഷ പോലെ ഫെഡറല്‍ റിസര്‍വ് അര ശതമാനം കുറച്ചു. മാത്രമല്ല ഇനിയും ഈ വര്‍ഷം ഒന്നോ രണ്ടോ തവണ നിരക്ക് കുറച്ചേക്കാമെന്നും സൂചന നല്‍കിയിട്ടുമുണ്ട്. ഇത് സ്വര്‍ണ വിലയില്‍ വന്‍ മുന്നേറ്റത്തിന് വഴിയൊരുക്കുന്നതായിരുന്നു. എന്നാല്‍ ആ ഒരു കുതിപ്പ് കണ്ടില്ല. ഇപ്പോള്‍ തന്നെ ഉയര്‍ന്ന വിലയിലായതിനാലാണ് കൂടുതല്‍ വര്‍ധനയിലേക്ക് പോകാതിരുന്നതെന്നാണ് അനുമാനം. കൂടാതെ ഡോളര്‍ ശക്തി പ്രാപിച്ചതും ഒരു കാരണമാണ്. ഡോളര്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുമ്പോള്‍ മറ്റു കറന്‍സികളില്‍ സ്വര്‍ണം ചെലവേറിയതാകും. ഇത് ഡിമാന്‍ഡ് കുറയ്ക്കാനിടയാക്കും.
അതേസമയം, പശ്ചിമേഷ്യയിലെ സംഘര്‍ഷം മുറുകുന്നത് സ്വര്‍ണ വിലയില്‍ മുന്നേറ്റത്തിന് കളമൊരുക്കുന്നുണ്ട്. യുദ്ധ ഭീതിയും മറ്റ് രാഷ്ട്രീയ അനിശ്ചിതത്വങ്ങളുമുണ്ടാകുമ്പോള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് പണം മാറ്റാറുണ്ട്. ഇത് വില വര്‍ധനയ്ക്കിടയാക്കും.
ഇന്ന് ആഭരണം വാങ്ങുന്നവരോട്
കഴിഞ്ഞ മേയ് 20ന് കുറിച്ച പവന് 55,120 രൂപയാണ് കേരളത്തില്‍ സ്വര്‍ണത്തിന്റെ റെക്കോഡ് വില. ഇതുമായി നോക്കുമ്പോള്‍ പവന് 520 രൂപയോളം കുറവാണ് ഇന്ന് വില. കഴിഞ്ഞ തിങ്കളാഴ്ച (സെപ്റ്റംബര്‍ 16) പവന് 55,040 രൂപ വരെ ഉയര്‍ന്ന് റെക്കോഡിന് തൊട്ടടുത്തെത്തിയ ശേഷമാണ് സ്വര്‍ണം താഴേക്ക് ഇറങ്ങി തുടങ്ങിയത്. മൂന്ന് ദിവസം കൊണ്ട് 440 രൂപയോളം കുറഞ്ഞു. വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാനുള്ളവര്‍ക്ക് ഈ അവസരം ബുക്കിംഗിനായി പ്രയോജനപ്പെടുത്താം. ഒട്ടുമിക്ക ജുവലറികളും അഡ്വാന്‍സ് ബുക്കിംഗ് സൗകര്യം നല്‍കുന്നുണ്ട്.
ബുക്ക് ചെയ്യുന്ന ദിവസത്തെ വില, ആഭരണങ്ങള്‍ വാങ്ങുന്ന ദിവസത്തെ വില എന്നിവ താരതമ്യം ചെയ്യുകയും ഏതാണോ ഏറ്റവും കുറഞ്ഞ വില, ആ വിലയ്ക്ക് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ അവസരം നല്‍കുകയും ചെയ്യുന്നുവെന്നതാണ് ബുക്കിംഗിന്റെ നേട്ടം. ഉദാഹരണത്തിന് നിങ്ങള്‍ ഇന്നത്തെ വിലയ്ക്ക് സ്വര്‍ണാഭരണം ബുക്ക് ചെയ്തു എന്നിരിക്കട്ടെ, അടുത്തയാഴ്ച സ്വര്‍ണ വില 60,000 രൂപയ്ക്ക് മുകളിലായാലും നിങ്ങള്‍ക്ക് ഇന്നത്തെ വിലയ്ക്ക് തന്നെ സ്വര്‍ണം കിട്ടും. ജുവലറികളുടെ നിബന്ധനകള്‍ മനസിലാക്കി മാത്രം മുന്‍കൂര്‍ ബുക്കിംഗ് നടത്തുക.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 54,600 രൂപയാണ് വില. ഇതിനൊപ്പം പണിക്കൂലിയും മൂന്ന് ശതമാനം ജി.എസ്.ടിയും, 45 രൂപയും അതിന്റെ 18 ശതമാനം വരുന്ന ഹോള്‍മാര്‍ക്ക് ചാര്‍ജ് എന്നിവയും കൂടി നല്‍കിയാലേ ഒരു പവന്‍ ആഭരണം സ്വന്തമാക്കാനാകൂ. ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കൂട്ടിയാലും ഇന്ന് 59,103 രൂപയെങ്കിലും നല്‍കണം.