ആശ്വാസം! സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ്, ബുക്കിംഗിന് അവസരം
വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല
രാജ്യാന്തര വിലയുടെ ചുവടുപിടിച്ച് സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വില ഇടിഞ്ഞു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6,625 രൂപയും പവന് 80 രൂപ കുറഞ്ഞ് 53,000 രൂപയുമാണ് വില.
മേയ് 20ന് കേരളത്തില്‍ സ്വര്‍ണ വില എക്കാലത്തെയും ഉയരം കുറിച്ച ശേഷം പിന്നീട് ചാഞ്ചാടി നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. അന്ന് ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്നവില ജൂണ്‍ ഏഴിന് രേഖപ്പെടുത്തിയ പവന് 54,080 രൂപയാണ്. അതുമായി നോക്കുമ്പോള്‍ 1,080 രൂപയുടെ കുറവുണ്ടായിട്ടുണ്ട്. ശനിയാഴ്ച പവന് 640 രൂപ കുറഞ്ഞിരുന്നു.
ലൈറ്റ്‌വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇന്ന് അഞ്ച് രൂപ കുറഞ്ഞ് ഗ്രാമിന് 5,515 രൂപയായി.
ഇടിവിന് കാരണം
രാജ്യാന്തര വിലയിലെ ഇടിവാണ് ഇന്ന് കേരളത്തിലും വില കുറയാന്‍ സഹായകമായത്. വന്യമായ കയറ്റവും ഇറക്കവുമാണ് കഴിഞ്ഞ ആഴ്ച അവസാന ദിനങ്ങളില്‍ സ്വര്‍ണം കാണിച്ചത്. വ്യാഴാഴ്ച ഔണ്‍സിന് 2,359.63 ഡോളറിലായിരുന്ന സ്വര്‍ണം വെള്ളിയാഴ്ച 1.62 ശതമാനം ഇടിഞ്ഞ് 2,321.51 ഡോളറായി. ഇന്നലെ 0.09 ശതമാനവും കുറഞ്ഞു. ഇന്ന് രാവിലെ 0.24 ശതമാനം ഉയര്‍ന്ന് 2,324.85 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. പലിശ കുറയ്ക്കല്‍ പ്രതീക്ഷയില്‍ വ്യക്തത വരാത്തതാണ് സ്വര്‍ണത്തില്‍ ചാഞ്ചാട്ടത്തിന് കാരണം.
ഒരു പവന്‍ സ്വര്‍ണ ആഭരണത്തിന് ഇന്നത്തെ വില
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 53,000 രൂപയാണ് വില. ഇതിനൊപ്പം പണിക്കൂലിയും മൂന്നു ശതമാനം ജി.എസ്.ടിയും, 45 രൂപയും അതിന്റെ 18 ശതമാനം വരുന്ന ഹോള്‍മാര്‍ക്ക് ചാര്‍ജ് എന്നിവയും കൂടി നല്‍കിയാലേ ഒരു പവന്‍ ആഭരണം സ്വന്തമാക്കാനാകൂ. ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കൂട്ടിയാല്‍ ഇന്ന് 57,373 രൂപയെങ്കിലും നല്‍കണം.
മുന്‍കൂര്‍ ബുക്ക് ചെയ്യാന്‍ അവസരം
ആഗോള സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് വില ഉയരാനാണ് സാധ്യതായെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങാനുള്ളവര്‍ക്ക് ഈ അവസരം ബുക്കിംഗിനായി പ്രയോജനപ്പെടുത്താം. ഒട്ടുമിക്ക ജുവലറികളും അഡ്വാന്‍സ് ബുക്കിംഗ് ഓപ്ഷന്‍ നല്‍കുന്നുണ്ട്.
ബുക്ക് ചെയ്യുന്ന ദിവസത്തെ വില, ആഭരണങ്ങള്‍ വാങ്ങുന്ന ദിവസത്തെ വില എന്നിവ താരതമ്യം ചെയ്യുകയും ഏതാണോ ഏറ്റവും കുറഞ്ഞ വില, ആ വിലയ്ക്ക് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ അവസരം നല്‍കുകയും ചെയ്യുന്നുവെന്നതാണ് ബുക്കിംഗിന്റെ നേട്ടം. ഉദാഹരണത്തിന് നിങ്ങള്‍ ഇന്നത്തെ വിലയ്ക്ക് സ്വര്‍ണാഭരണം ബുക്ക് ചെയ്തു എന്നിരിക്കട്ടെ, വാങ്ങുന്നത് ആറുമാസം കഴിഞ്ഞാണെന്നും കരുതുക. അന്ന് പവന്‍ വില 60,000 രൂപയ്ക്ക് മുകളിലായാലും നിങ്ങള്‍ക്ക് ഇന്നത്തെ വിലയ്ക്ക് തന്നെ സ്വര്‍ണം കിട്ടും.