പൊന്നിന്‍ കുതിപ്പിന് ചെറിയൊരു ഇടവേള, ഇന്നും വില കുറഞ്ഞു

തുടര്‍ച്ചയായ രണ്ടാം ദിനത്തിലും ഉയര്‍ന്ന് വെള്ളി വില

Update:2024-07-09 10:20 IST

Image : Canva

വിവാഹ പര്‍ച്ചേസുകാര്‍ക്കും ആഭരണപ്രേമികള്‍ക്കും ആശ്വാസത്തിന് വക നൽകി  സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 35 രൂപ കുറഞ്ഞ് 6,710 രൂപയും പവന് 280 രൂപ താഴ്ന്ന് 53,680 രൂപയുമായി. ഇന്നലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു.

18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും കുറവുണ്ട്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,605 രൂപയായി. വെള്ളിവില ഇന്നും ഒരു രൂപ വര്‍ധിച്ചു. ഗ്രാമിന് 99 രൂപയിലാണ് ഇന്ന് വെള്ളി വ്യാപാരം നടത്തുന്നത്.
രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വര്‍ണ വില ഇടിഞ്ഞത്. ഇന്നലെ സ്വര്‍ണ വില ഔണ്‍സിന് 1.15 ശതമാനം താഴ്ന്ന് 2,358.80 ഡോളറിലെത്തിയിരുന്നു. ഇന്ന് രാവിലെ 0.39 ശതമാനം ഉയര്‍ന്ന് 2,367ലാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്.
ഇടിവിന് കാരണം
യു.എസ് അടിസ്ഥാന പലിശ നിരക്ക് ഉടന്‍ കുറയ്ക്കുമോ എന്നതിനെ കുറിച്ച് വ്യക്തമായ സൂചന ലഭിക്കാത്തതാണ് സ്വര്‍ണ വിലയില്‍ ഇടിവുണ്ടാക്കിയത്. പലിശ ഉയര്‍ന്നിരിക്കുമ്പോള്‍ കടപ്പത്രങ്ങളില്‍ നിന്നുള്ള നേട്ടം ഉയരുകയും സ്വര്‍ണം ആകര്‍ഷകമല്ലാതാകുകയും ചെയ്യും. എന്നാല്‍ പലിശ കുറയ്ക്കുന്നതിന്റെ സൂചനകള്‍ കണ്ടു തുടങ്ങിയാല്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് നീങ്ങും. ഇത് വില ഉയര്‍ത്തുകയും ചെയ്യും.
ജൂലൈ ആറ്, ഏഴ് തീയതികളില്‍ രേഖപ്പെടുത്തിയ പവന് 54,120 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില. അതേസമയം ഇക്കഴിഞ്ഞ മേയ് 20ന് രേഖപ്പെടുത്തിയ പവന് 55,120 രൂപയാണ് കേരളത്തിലെ ഇതു വരെയുള്ള റെക്കോഡ് വില.
Tags:    

Similar News