ടോപ് ഗിയര്‍ വിട്ട് സ്വര്‍ണം, രണ്ടാം ദിവസവും താഴേക്ക്; അന്താരാഷ്ട്ര വിലയിലും വില്‍പ്പന സമ്മര്‍ദ്ദം
ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്കുകള്‍ അറിയാം
കേരളത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില താഴേക്ക്. ഗ്രാമിന് 15 രൂപ താഴ്ന്ന് 7,080 രൂപയിലെത്തി. പവന്‍ വില 120 ഇടിഞ്ഞ് 56,640 രൂപയുമായി. ശനിയാഴ്ച പവന് 40 രൂപ കുറഞ്ഞിരുന്നു. ഇതോടെ സര്‍വകാല റെക്കോഡായ 56,800 രൂപയില്‍ നിന്ന് 160 രൂപ താഴ്ന്നാണ് സ്വർണത്തിന്റെ ഇന്നത്തെ വ്യാപാരം.
18 കാരറ്റ് സ്വര്‍ണ വിലയും 10 രൂപ കുറഞ്ഞ് 5,860 രൂപയായി. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 98 രൂപ. ശനിയാഴ്ച ഒരു രൂപ കുറഞ്ഞിരുന്നു.
അന്താരാഷ്ട്ര വില കഴിഞ്ഞ ദിവസം 2,650 ഡോളറില്‍ താഴെ എത്തിയതാണ് വില ഇടിച്ചത്. ഇന്നലെ 0.21 ശതമാനം തിരിച്ചു കയറിയെങ്കിലും ഇന്ന് 0.41 ശതമാനം ഇടിഞ്ഞ് 2,652.62 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
അമേരിക്കയിലെ പണപ്പെരുപ്പം കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ലക്ഷ്യത്തിലേക്ക് എത്തിത്തുടങ്ങുന്നുവെന്ന് യു.എസ് ബ്യൂറോ ഓഫ് ഇക്കണോമിക് അനാലിസിസ് വെളിപ്പെടുത്തിയിരുന്നു. ഇത് സ്വര്‍ണവിലയില്‍ മുന്നേറ്റത്തിന് കാരണമാകേണ്ടതായിരുന്നുവെങ്കിലും വ്യാപാരികള്‍ ലാഭമെടുപ്പിന് മുതിര്‍ന്നത് വിലയിടിച്ചു. അതേസമയം, പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം ശക്തമായി തുടരുന്നത് സ്വര്‍ണത്തെ ഇനിയും ഉയര്‍ത്തുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളും നിക്ഷേപകരും സ്വര്‍ണം വാങ്ങിക്കൂട്ടാന്‍ ഇതിടയാക്കും.
ഇന്ന് ഒരു പവന്‍ ആഭരണത്തിന് വില
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,640 രൂപയാണങ്കിലും ഒരു പവന്‍ ആഭരണത്തിന് ഈ തുക മതിയാകില്ല. ഇന്നത്തെ സ്വര്‍ണ വിലയ്ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+ 18% ജി.എസ്.ടി), ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 59,146 രൂപയ്ക്ക് അടുത്ത് വേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ചും സ്വര്‍ണാഭരണ ശാലകളെ അനുസരിച്ചും പണിക്കൂലിയില്‍ വ്യത്യാസം വരുമെന്ന് മറക്കരുത്.