കേരളത്തില്‍ സ്വര്‍ണ വില പവന് 240 രൂപ കുറഞ്ഞു, ഇന്നത്തെ വില അറിയാം

മൂന്ന് ദിവസം കൊണ്ട് വിലയില്‍ 400 രൂപയുടെ കുറവ്, ഇപ്പോള്‍ വാങ്ങണോ?

Update:2024-10-01 10:27 IST

Image : Canva and Dhanam File

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണ വിലയില്‍ ഇടിവ്. ഗ്രാം വില 30 രൂപ കുറഞ്ഞ് 7,050 രൂപയായി. പവന്‍ വില 240 രൂപ കുറഞ്ഞു 56,400 രൂപയുമാണ്. സെപ്റ്റംബര്‍ 28ന് പവൻ വില 56,800 രൂപയിലെത്തി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില കുറിച്ച ശേഷമാണ് താഴ്ച. അതായത് കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് സ്വര്‍ണ വിലയില്‍ 400 രൂപയുടെ കുറവുണ്ടായി.

ലൈറ്റ്‌വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് 25 രൂപ കുറഞ്ഞ് ഗ്രാമിന് 5,835 രൂപയിലെത്തി.
വെള്ളി വില രണ്ടാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 98 രൂപയിലാണ് ഇന്നും വ്യാപാരം.
രാജ്യാന്തര വിലയിലെ ഇടിവാണ് സ്വര്‍ണത്തെ സ്വാധീനിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ഔണ്‍സിന് 2,685.96 ഡോളര്‍ എന്ന സര്‍വകാല റെക്കോഡ് തൊട്ട രാജ്യാന്തര വില നിലവില്‍ 2,638.85 ഡോളറിലെത്തിയിരിക്കുന്നു. ഇന്നലെ ഒരു ശതമാനത്തിലധികമാണ് വിലയിടിഞ്ഞത്. ഉയര്‍ന്ന വിലയില്‍ സ്വര്‍ണത്തില്‍ ലാഭമെടുപ്പ് തുടരുന്നതാണ് വില താഴ്ത്തുന്നത്.

ഒരു പവന്‍ ആഭരണത്തിന് എന്തു നല്‍കണം?

സ്വര്‍ണ വിലയില്‍ നേരിയ കുറവു വന്നെങ്കിലും സ്വര്‍ണം വാങ്ങുന്നവരെ സംബന്ധിച്ച് മുടക്കേണ്ടത് വലിയ തുക തന്നെയാണ്. ഇന്നത്തെ സ്വര്‍ണ വിലയ്ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+ 18% ജി.എസ്.ടി), ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 61,050 രൂപയ്ക്ക് അടുത്ത് വേണ്ടി വരും. പണിക്കൂലി 10 ശതമാനം കൂട്ടിയാല്‍ വില 63,954 രൂപയാകും.

സ്വര്‍ണ വില ഉയരുമോ?

സ്വര്‍ണ വില സമീപ ഭാവിയില്‍ തന്നെ ഉയരാനുള്ള സാധ്യതയാണ് നിരീക്ഷകര്‍ കണക്കാക്കുന്നത്. അമേരിക്കയില്‍ ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശ നിരക്ക് കുറച്ചേക്കുമെന്നാണ് സൂചന. ഇതുകൂടാതെ മധ്യേഷ്യയിലെ സംഘര്‍ഷങ്ങളും സ്വര്‍ണ വിലയ്ക്ക് ആക്കം കൂട്ടുന്ന ഘടകങ്ങളാണ്.


Tags:    

Similar News