എന്റെ പൊന്നേ...എന്തൊരു പോക്കാ ഇത്, പുതിയ റെക്കോഡില്‍ സ്വര്‍ണം

മാര്‍ച്ചില്‍ ഇതു വരെ പവന് കൂടിയത് 2,520 രൂപ. ₹52,000 കൊടുത്താലും കിട്ടില്ല ഒരു പവന്‍ ആഭരണം

Update:2024-03-09 11:16 IST

Image : Canva

വിവാഹ ആവശ്യങ്ങള്‍ക്കായും മറ്റും ഉടന്‍ സ്വര്‍ണം വാങ്ങാന്‍ തയ്യാറെടുക്കുന്നവരെ ആശങ്കയിലാഴ്ത്തി കുതുച്ചുയരുകയാണ് സ്വര്‍ണ വില. സംസ്ഥാനത്ത് ഇന്നും പുത്തന്‍ ഉയരത്തിലേക്ക് പാഞ്ഞുകയറി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് വില 6,075 രൂപയായി. 400 രൂപ ഉയര്‍ന്ന് 48,600 രൂപയാണ് പവന്‍ വില. എക്കാലത്തെയും ഉയര്‍ന്ന വിലയാണിത്. ഇന്നലെ രേഖപ്പെടുത്തിയ റെക്കോഡാണ് ഇന്ന് പഴങ്കഥയാക്കിയത്.

മാർച്ചിൽ  ഇതുവരെ 2,520  രൂപയുടെ വര്‍ധനയാണ് പവന്‍ വിലയിലുണ്ടായിരിക്കുന്നത്. മാര്‍ച്ച് ഒന്നിന് 46,320 രൂപയായിരുന്നു പവന്‍ വില. ഗ്രാമിന് 5,790 രൂപയും.

ഇന്ന് 18 കാരറ്റ് സ്വര്‍ണ വിലയും 40 രൂപ ഉയര്‍ന്ന് 5,040 രൂപയിലാണ് വ്യാപാരം. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. 79 രൂപയില്‍ തുടരുന്നു.

എന്തുകൊണ്ട് വിലക്കയറ്റം?

ഡോളര്‍ ശക്തമായതും യു.എസ് കേന്ദ്രബാങ്കായ ഫെഡ് ജൂണില്‍ പലിശ നിരക്ക് കുറച്ചേക്കുമെന്ന പ്രതീക്ഷകളും ആഗോള ഓഹരി വിപണിയിലെ കുതിപ്പുമൊക്കെയാണ് സ്വര്‍ണ വില ആഗോള, ആഭ്യന്തരതലത്തില്‍ ഉയരാന്‍ കാരണം.

പലിശ നിരക്ക് കുറയുമ്പോള്‍ കടപത്രങ്ങളിലും സേവിംഗ്‌സ് അക്കൗണ്ടുകളിലുമുള്ള നേട്ടം കുറയും. ഇത് ഡോളറിന്റെ മൂല്യം കുറയാനിടയാക്കും. ഇത് സ്വര്‍ണത്തിലേക്ക് പണമൊഴുക്ക്‌ കൂട്ടും. കൂടാതെ പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും റഷ്യ-യുക്രെയിന്‍ യുദ്ധവുമൊക്കെ സ്വര്‍ണം പോലുള്ള സുരക്ഷിത ആസ്തികളിലേക്കുള്ള ആശ്രിതത്വം കൂട്ടുന്നു. ഇതും വിലയെ സ്വാധീനിക്കുന്നുണ്ട്. വരും മാസങ്ങളിലും സ്വര്‍ണം ബുള്ളിഷായി തന്നെ തുടരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ നില തുടര്‍ന്നാല്‍ അടുത്തയാഴ്ചതന്നെ കേരളത്തില്‍ പവന്‍ വില 50,000 പിന്നിട്ടേക്കുമെന്നാണ് വിലയിരുത്തലുകള്‍.

ഒരു പവന്‍ ആഭരണത്തിന് എന്തു നല്‍കണം?

ഇന്നത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 48,600 രൂപയാണ്. എന്നാല്‍ ഈ വിലയ്ക്ക് ആഭരണം വാങ്ങാനാകില്ല. ഈ വിലയ്‌ക്കൊപ്പം മൂന്നു ശതമാനം ജി.എസ്.ടി, 45 രൂപയും അതിന്റെ 18 ശതമാനവും ചേരുന്ന ഹോള്‍മാര്‍ക്ക് ചാര്‍ജ് (HUID Fee), അറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേരുന്നതാണ് ഒരു പവന്‍ സ്വര്‍ണാഭരണത്തിന്റെ വില. ഇതനുസരിച്ച് 52,803 രൂപയെങ്കിലും കൊടുത്താലേ ഒരു പവന്‍ സ്വര്‍ണം വാങ്ങാനാകൂ.

Tags:    

Similar News