സ്വര്‍ണത്തിന് ഇന്ന് നേരിയ ഇടിവ്, കേരളത്തില്‍ വില ഇങ്ങനെ
നവംബറില്‍ കേരളത്തില്‍ വില 3.3 ശതമാനം ഇടിഞ്ഞു
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. ഗ്രാം വില 10 രൂപ കുറഞ്ഞ് 7,150 രൂപയും പവന്‍ വില 80 രൂപ താഴ്ന്ന് 57,200 രൂപയുമായി.
കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 22 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 5 രൂപ കുറഞ്ഞ് 5,910 രൂപയായി. ഇന്നലെ ഗ്രാമിന് ഒരു രൂപ ഉയര്‍ന്ന വെള്ളി വില ഇന്ന് 97 രൂപയില്‍ തുടരുന്നു.
കേരളത്തില്‍ കഴിഞ്ഞ മൂന്ന് മാസമായി തുടര്‍ച്ചയായി വിലക്കുതിപ്പ് കാണിച്ച സ്വര്‍ണ വില നവംബറില്‍ 3.3 ശതമാനം ഇടിവിലാണ്. അതേസമയം, അന്താരാഷ്ട്ര വിലയില്‍ ഇടിവ് 4.38 ശതമാനമാണ്. ഔണ്‍സിന് 2,653.55 ഡോളറിലാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്. ഈ മാസം 2,790 വരെ ഉയരുകയും 2,536 ഡോളര്‍ വരെ താഴുകയും ചെയ്തു.
വില കുറയുമോ?
ഇസ്രായേല്‍-ഹാമാസ് വെടിനിറുത്തല്‍ കരാറിനെ കുറിച്ചുള്ള പ്രഖ്യാപനവും യു.എസ് ഡോളര്‍ നിരക്കുകള്‍ കുറഞ്ഞതുമാണ് സ്വര്‍ണ വിലയെ ബാധിച്ചത്. എന്നാല്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഇരുപക്ഷവും വീണ്ടും ആക്രമണത്തിന് മുതിരുന്നതും റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധവും ഇന്ത്യയില്‍ വിവാഹ സീസണ്‍ തുടങ്ങുന്നതുമെല്ലാം വീണ്ടും സ്വര്‍ണത്തെ ഉയരത്തിലാക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന.
യു.എസ് പലിശ നിരക്ക്
ഈ ആഴ്ച പുറത്തുവന്ന സാമ്പത്തിക കണക്കുകള്‍ യു.എസ് ഇക്കണോമി മൂന്നാം പാദത്തില്‍ 2.8 ശതമാനം വളര്‍ച്ച പ്രാപിക്കുന്നതായാണ് കാണിക്കുന്നത്. പ്രതീക്ഷയ്‌ക്കൊത്തുള്ള വളര്‍ച്ചയാണിത്. പി.സി.ഇ സൂചിക പ്രകാരം പണപ്പെരും മുന്‍ വര്‍ഷത്തേക്കാള്‍ 2.3 ശതമാനമായി. മുന്‍ മാസത്തെ 2.1 ശതമാനത്തേക്കാള്‍ നേരിയ കൂടുതലാണിത്.
ഈ കണക്കുകള്‍ ഡിസംബറില്‍ നടക്കുന്ന മീറ്റിംഗില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് നിരക്ക് കുറയ്ക്കാനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയുന്നില്ല. എന്നാല്‍ യു.എസ് സമ്പദ് വ്യവസ്ഥ മോശമല്ലാതെ തുടരുന്നതിനാല്‍ 2025ല്‍ കൂടുതല്‍ നിരക്കു കുറയ്ക്കലുകള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്ന് വിദഗ്ധര്‍ പറയുന്നു.
പലിശ നിരക്ക് കുറഞ്ഞാല്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് പണമൊഴുക്ക് കൂടുകയും വില ഉയരുകയും ചെയ്യും. ആഗോള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ വിട്ടുമാറാത്തത് സ്വര്‍ണത്തെ ഉയരത്തില്‍ തന്നെ നിറുത്താനാണ് സമീപ ഭാവിയില്‍ സാധ്യത.