സ്വര്‍ണത്തിന് ഇന്ന് 10 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില, ഒരാഴ്ചയില്‍ പവന്‌ കുറവ് 360 രൂപ

വെള്ളി വില ഗ്രാമിന് 90 രൂപയിലേക്കെത്തി

Update:2024-09-02 10:44 IST

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വന്‍ ഇടിവ്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 6,670 രൂപയും പവന്‍ വില 200 രൂപ താഴ്ന്ന് 53,360 രൂപയിലുമാണ് വ്യാപാരം. ഓഗസ്റ്റ് 20ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്. കഴിഞ്ഞ ഒരാഴ്ചകൊണ്ട് വിലയില്‍ 360 രൂപയാണ് കുറവുണ്ടായത്.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയിലും ഗ്രാമിന് 15 രൂപയുടെ ഇടിവുണ്ട്. 5,530 രൂപയാണ് ഇന്നത്തെ വില.
വെള്ളി ഇന്നും താഴോട്ടുള്ള പോക്ക് തുടരുന്നു. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 90 രൂപയിലെത്തി. ശനിയാഴ്ച ഗ്രാമിന് രണ്ട് രൂപ കുറഞ്ഞിരുന്നു.

അന്താരാഷ്ട്ര വില 2,500 ഡോളറിന് താഴെ

അന്താരാഷ്ട്ര വിലയ്‌ക്കൊപ്പമാണ് കേരളത്തിലും സ്വര്‍ണത്തിന്റെ നീക്കം. കഴിഞ്ഞ രണ്ടു ദിവസമായി ഇടിവിലായിരുന്ന ഔണ്‍സ് സ്വര്‍ണ വില ഇന്ന് 2,500 ഡോളറിന് താഴെയായി. രാവിലെ  0.22 ശതമാനം ഇടിഞ്ഞതോടെയാണ് 2,497.48 ഡോളറിലെത്തിയത്. യു.എസ് ഡോളര്‍ കരുത്താര്‍ജ്ജിച്ചതാണ് വില ഉയരാന്‍ കാരണം.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ഈ മാസം പലിശ കുറയ്ക്കാനിരിക്കെ സ്വര്‍ണ വിലയിലെ വര്‍ധന താത്കാലികം മാത്രമാണെന്നാണ് വിപണിയില്‍ നിന്നുള്ള സൂചനകള്‍.
യു.എസിലെ പേഴ്‌സണല്‍ കണ്‍സംപ്ഷന്‍ എക്‌സ്‌പെന്‍ഡീച്ചര്‍ (PCE) വിപണി പ്രതീക്ഷ പോലെ  ജൂണിനെ അപേക്ഷിച്ച് ജൂലൈയില്‍ 0.2 ശതമാനമായി ഉയര്‍ന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ പി.സി.ഇ 2.5 ശതമാനത്തില്‍ മാറ്റമില്ലാതെ തുടരുന്നു. ഇതോടെ പണപ്പെരുപ്പത്തെ കുറിച്ചുള്ള ഫെഡറല്‍ റിസര്‍വിന്റെ ആശങ്ക കുറഞ്ഞിട്ടുണ്ട്. തൊഴിലില്ലായ്മ കണക്കുകളിലാണ് ഇനി ശ്രദ്ധ. അതും അനുകൂലമായാല്‍ സെപ്റ്റംബര്‍ 18ന് നടക്കുന്ന മീറ്റിംഗില്‍ നിരക്ക് കുറയ്ക്കലുണ്ടായേക്കും. പലിശ നിരക്ക് കുറയ്ക്കുന്നതോടെ കടപ്പത്രങ്ങളുടേയും മറ്റും നേട്ടം കുറയുകയും നിക്ഷേപകര്‍ കൂടുതലായി സ്വര്‍ണത്തിലേക്ക് പണമൊഴുക്കുകയും ചെയ്യും. ഇത് സ്വര്‍ണ വില ഉയരാനിടയാകുമെന്നാണ് കരുതുന്നത്.

ഇന്ന് ഒരു പവന്‍ ആഭരണത്തിന് നല്‍കേണ്ടത്

മൂന്ന് ശതമാനം ജി.എസ്.ടി, ഹോള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+ 18% ജി.എസ്.ടി), കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 57,762 രൂപ നല്‍കിയാലാണ് കേരളത്തില്‍ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാനാകൂ. വിവിധ ആഭരണങ്ങള്‍ക്ക് അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസം വരും. ബ്രാന്‍ഡഡ് ജുവലറികള്‍ക്ക് 20-30 ശതമാനം വരെ പണിക്കൂലി ഈടാക്കാറുണ്ട്.

Tags:    

Similar News