അമേരിക്കന്‍ ആശങ്കയില്‍ ചാഞ്ചാടി സ്വര്‍ണം, കേരളത്തില്‍ ഒറ്റ ദിവസം കൊണ്ട് വില മലക്കം മറിഞ്ഞു

വെള്ളി വില വീണ്ടും താഴെ

Update:2024-09-07 10:30 IST

സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് കുത്തനെ താഴേക്ക്. ഇന്നലെ ഗ്രാമിന് 50 രൂപ വര്‍ധിച്ചത് ഇന്ന് മലക്കം മറിഞ്ഞ് താഴേക്കായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 6,680 രൂപയിലും പവന് 320 രൂപ കുറഞ്ഞ് 53,440 രൂപയിലുമാണ് വ്യാപാരം.

ലൈറ്റ്‌വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 30 രൂപ കുറഞ്ഞ് 5,540 രൂപയിലെത്തി.
വെള്ളി വിലയും ഇന്ന് ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ് 89 രൂപയിലെത്തി.
ചാഞ്ചാട്ടത്തിന് കാരണം 
അന്താരാഷ്ട്ര വിപണികളില്‍ വില ഇടിഞ്ഞതാണ് കേരളത്തിലും സ്വർണ വിലയില്‍ പ്രതിഫലിച്ചത്. ഔണ്‍സിന് 2,531 ഡോളര്‍ വരെ എത്തി റെക്കോഡിട്ട സ്വര്‍ണം കഴിഞ്ഞയാഴ്ചയില്‍ 2,500 ഡോളറിന് താഴേക്ക് എത്തിയിരുന്നു. നിലവില്‍ 2,516.36 ഡോളറിലാണ് വ്യാപാരം.  
അമേരിക്ക 
കഴിഞ്ഞയാഴ്ച പുറത്തുവിട്ട  ദുര്‍ബലമായ തൊഴില്‍ കണക്കുകള്‍ ഈ മാസം പലിശ കുറച്ചേക്കുമെന്ന സൂചന നൽകുന്നതാണ് സ്വര്‍ണത്തില്‍ ചാഞ്ചാട്ടത്തിനിടയാക്കിയത്. ഉയര്‍ന്ന വിലയില്‍ ലാഭമെടുപ്പിന്‌  ഇതിടയാക്കി. സെപ്റ്റംബര്‍ 18ന് നടക്കുന്ന അടുത്ത ഫെഡറല്‍ റിസര്‍വ് മീറ്റിംഗില്‍ തന്നെ പലിശ നിരക്ക് കുറയ്ക്കാനാണ് സാധ്യതയെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
ദുർബലമായ യുഎസ് തൊഴിൽ കണക്കുകൾ  അർത്ഥമാക്കുന്നത് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാൻ കൂടുതൽ സാധ്യതയുണ്ടെണെന്നാണ്. കാരണം  സമ്പദ്‌വ്യവസ്ഥ നല്ല നിലയിലല്ല എന്ന സൂചനയാണ് ഇത് നൽകുന്നത്, അതിനാൽ പലിശ നിരക്ക് കുറയ്ക്കാൻ പ്രേരിപ്പിക്കും.  പലിശ നിരക്കുകൾ കുറയുമ്പോൾ കമ്പനികൾ കൂടുതൽ കടം വാങ്ങാനും കൂടുതൽ ചെലവഴിക്കാനും സാധ്യതയുണ്ട്. ഇത് സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കും. 

എന്നാൽ പലിശ നിരക്ക്  വെട്ടിക്കുറയ്ക്കുന്നത് 0.25 ശതമാനമോ അതോ 0.5 ശതമാനമോ എന്നതാണ് ഇപ്പോൾ ചർച്ച. കൂടുതൽ കുറവ് വരുത്തിയാൽ സ്വർണ്ണത്തിന് കൂടുതൽ നല്ലത്. കടപ്പത്രങ്ങള്‍ അടക്കമുള്ള മറ്റ് നിക്ഷേപങ്ങളുടെ ആകര്‍ഷകത്വം കുറയുകയും സ്വര്‍ണത്തിലേക്ക് നിക്ഷേപം ഒഴുകാന്‍ ഇടയാക്കുകയും ചെയ്യും. ഇത് സ്വര്‍ണ വില വര്‍ധിക്കാനിടയാക്കിയേക്കും.

ഇന്ന് ഒരു പവൻ ആഭരണത്തിന് വില 
ഇന്ന് ഒരു പവന്‍ സ്വര്‍ണ വില 53,440 രൂപയാണ്. എന്നാല്‍ ഒരു പവന്‍ ആഭരണത്തിന് നികുതിയും പണിക്കൂലിയുമടക്കം 57,848 രൂപയെങ്കിലും അധികമായി നല്‍കേണ്ടി വരും. സ്വര്‍ണ വിലയില്‍ വലിയ കയറ്റിറക്കങ്ങളുണ്ടാകുമ്പോള്‍ അത്യാവശ്യക്കാര്‍ക്ക് കുറഞ്ഞ വിലയിൽ ജുവലറികളുടെ മുന്‍കൂര്‍ ബുക്കിംഗ് സൗകര്യം പ്രയോജനപ്പെടുത്തി വിലക്കയറ്റത്തില്‍ നിന്ന് രക്ഷനേടാവുന്നതാണ്. സ്വര്‍ണം ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയും  വാങ്ങുന്ന ദിവസത്തെ വിലയും  താരതമ്യം ചെയ്ത് അതില്‍ കുറഞ്ഞ വിലയ്ക്ക് സ്വര്‍ണാഭരണങ്ങള്‍ വാങ്ങാനാകുമെന്നതാണ് മുന്‍കൂര്‍ ബുക്കിംഗിന്റെ ഗുണം. മിക്ക സ്വര്‍ണാഭരണ ശാലകളും ബുക്കിംഗ് സൗകര്യം നല്‍കുന്നുണ്ട്. വിവിധ ജുവലറികളുടെ നിബന്ധനകള്‍ മനസിലാക്കി മാത്രം ബുക്കിംഗ് സേവനം പ്രയോജനപ്പെടുത്തുക.


Tags:    

Similar News