സംസ്ഥാനത്ത് സ്വര്‍ണം വാങ്ങാന്‍ ഇന്നും റെക്കോഡ് വില നല്‍കണം, അന്താരാഷ്ട്ര വിലയില്‍ ചാഞ്ചാട്ടം

മൂന്ന് ദിവസമായി അനങ്ങാതെ വെള്ളി വില

Update:2024-10-14 14:30 IST

Image : Canva

ശനിയാഴ്ച രേഖപ്പെടുത്തിയ റെക്കോഡ് വിലയില്‍ തുടരുകയാണ് സംസ്ഥാനത്ത് സ്വര്‍ണ വില. പവന് 56,960 രൂപയിലും ഗ്രാമിന് 7,120 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം.

ലൈറ്റ്‌വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 5,885 രൂപയില്‍ തുടരുന്നു. വെള്ളി വില മൂന്നാമത്തെ ദിവസവും ഗ്രാമിന് 98 രൂപയിലാണ് വ്യാപാരം.

രാജ്യാന്തര വില ചാഞ്ചാട്ടത്തിൽ 

യു.എസ് ഡോളറിന്റെ മൂല്യം ഉയര്‍ന്നതാണ് സ്വര്‍ണത്തെ ബാധിച്ചത്. രണ്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഡോളര്‍. ഡോളര്‍ വില ഉയരുന്നത് സ്വര്‍ണത്തിന് വിലയിടിവുണ്ടാക്കും. കാരണം രാജ്യാന്തര വിപണിയില്‍ ഡോളറിലാണ് സ്വര്‍ണം വ്യാപാരം ചെയ്യപ്പെടുന്നത്. മറ്റു കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നവര്‍ക്ക് കൂടുതല്‍ തുക മുടക്കേണ്ടി വരുമെന്നത് ഡിമാന്‍ഡ് കുറയ്ക്കും.
കഴിഞ്ഞയാഴ്ച പുറത്തുവന്ന യു.എസിലെ സാമ്പത്തിക കണക്കുകള്‍ ദുര്‍ബലമായത് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ ഉയര്‍ത്തുകയും സ്വര്‍ണ വിലയില്‍ മുന്നേറ്റമുണ്ടാകുകയും ചെയ്തു. എന്നാല്‍ ഈ ആഴ്ച സ്വര്‍ണം ചാഞ്ചാട്ടം തുടരാനുള്ള സാധ്യതയാണ് നിരീക്ഷകര്‍ കണക്കാക്കുന്നത്. ഡോളര്‍ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ ഫെഡറല്‍ റിസര്‍വ് നിരക്ക് കുറയ്ക്കുമോ എന്നതാണ് വ്യാപാരികള്‍ ഉറ്റുനോക്കുന്നത്. ഇന്നലെ ഔണ്‍സിന് 0.29 ശതമാനം ഇടിഞ്ഞ രാജ്യാന്തര സ്വര്‍ണ വില ഇന്ന് രാവിലെ തിരിച്ചു കയറിയിട്ടുണ്ട്. 2,655.86 ഡോളറിലാണ് വ്യാപാരം.

Tags:    

Similar News