റഷ്യന്‍ നീക്കത്തില്‍ ഭയന്ന് സ്വര്‍ണം, കേരളത്തിലും പിടിവിട്ടു, ഈ ആഴ്ച കൂടിയത് 1,440 രൂപ
രാജ്യാന്തര വില റെക്കോഡിനടുത്തേക്ക്, വെള്ളി വിലയ്ക്ക് മാറ്റമില്ല
റഷ്യ-യുക്രൈന്‍ യുദ്ധ ആശങ്കകള്‍ വീണ്ടും ഉയര്‍ന്നത് സ്വര്‍ണ വിലയിലും കുതിപ്പിന് കളമൊരുക്കി. യുക്രൈനെതിരെ ആണവായുധം പ്രയോഗിക്കാനും മടിക്കില്ലെന്ന സൂചന റഷ്യ നല്‍കിയതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ കൂടുതലായി സ്വര്‍ണത്തിലേക്ക് ചേക്കേറുന്നതാണ് വില ഉയര്‍ത്തുന്നത്. ഇതിനൊപ്പം ഫെഡറല്‍ റിസര്‍വ് ഡിസംബറില്‍ നിരക്ക് കുറയ്ക്കുമെന്ന സൂചനകളും സ്വര്‍ണത്തെ ഉയര്‍ത്തുന്നുണ്ട്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാജ്യാന്തര സ്വര്‍ണ വിലയില്‍ മുന്നേറ്റമുണ്ടാകുന്നത്. തിങ്കളാഴ്ച ഔണ്‍സ് വില രണ്ട് ശതമാനം ഉയര്‍ന്ന് 2,612 ഡോളര്‍ എത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 16ന് ശേഷം ആദ്യമായാണ് ഒറ്റ ദിവസം രണ്ട് ശതമാനത്തിലധികം രാജ്യാന്തര വില ഉയരുന്നത്. ഇന്നലെ 0.75 ശതമാനം ഉയർന്ന സ്വർണം ഇന്ന് നേരിയ നേട്ടത്തോടെ 2,641 ഡോളറിലാണ് വ്യാപാരം നടത്തുന്നത്.