പൊന്നേ, എങ്ങോട്ടാണീ പോക്ക്? വീണ്ടും റെക്കോഡിലേക്ക് തിരിച്ചെത്തിച്ച് അമേരിക്കന്‍ കാറ്റ്
കയറ്റത്തിനു ശേഷം വെള്ളിക്ക് ഇന്ന് വിശ്രമം
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും റെക്കോഡ് ഉയരം തിരികെ പിടിച്ചു. ഇന്ന് ഗ്രാം വില 25 രൂപയും പവന്‍ വില 200 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒക്ടോബര്‍ നാലിന് കുറിച്ച പവന് 56,960 രൂപയും ഗ്രാമിന് 7,120 രൂപയുമെന്ന റെക്കോഡിലേക്ക് തിരിച്ചെത്തി.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5,885 രൂപയുമായി.
വെള്ളി വില ഇന്നലെ രണ്ടു രൂപ വര്‍ധിച്ച ശേഷം ഇന്ന് വിശ്രമത്തിലാണ്. ഗ്രാമിന് 98 രൂപയിലാണ് ഇന്നത്തെ വ്യാപാരം.
ചില്ലറവിലക്കയറ്റത്തിൽ മേലേക്ക്
യു.എസില്‍ ചില്ലറവിലക്കയറ്റം പ്രതീക്ഷയേക്കാള്‍ കൂടിയത് ഇന്നലെ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ഒരു ശതമാനത്തിലധികം ഉയര്‍ത്തി. വിലക്കയറ്റം കൂടി നിൽക്കുന്നതിനാൽ ഫെഡറല്‍ റിസര്‍വ് പലിശ കുറയ്ക്കല്‍ വൈകിക്കും എന്ന സംശയം വിപണിയിലുണ്ടായതാണ് കാരണം. കഴിഞ്ഞ മാസം അര ശതമാനം പലിശ നിരക്ക് കുറച്ചത് കൂടതലായി പോയി എന്ന് ഫെഡ് കമ്മിറ്റിയില്‍ പലരും അഭിപ്രായപ്പെട്ടതും പലിശ കുറയ്ക്കല്‍ വൈകിക്കും എന്ന ധാരണ ബലപ്പെടുത്തി. ഇത് ഡോളറിനെ കൂടുതല്‍ കരുത്തിലാക്കുകയും ചെയ്തു. യു.എസ് 10 വര്‍ഷ കടപ്പത്രങ്ങളുടെ വില 4.06 ശതമാനം നേട്ടം നല്‍കുന്ന നിലയിലേക്ക് ഉയരുകയും ചയ്തു.
ഇതിനൊപ്പം ഇസ്രയേല്‍-ഇറാന്‍ യുദ്ധം സമ്മര്‍ദ്ദവും സ്വര്‍ണത്തെ കാര്യമായി ബാധിക്കുന്നുണ്ട്. മിഡില്‍ ഈസ്റ്റില്‍ യുദ്ധ പശ്ചാത്തലത്തില്‍ എണ്ണ വില ഉയരാനിടയാക്കിയാല്‍ അതും സ്വര്‍ണത്തെ ഉയര്‍ത്തും. ഇന്നലെ ഔണ്‍സിന് 2,657.26 ഡോളറിലാണ് രാജ്യാന്തര സ്വര്‍ണം വ്യാപാരം അവസാനിപ്പിച്ചത്.
ഇന്ന് കേരളത്തില്‍ ആഭരണം വാങ്ങാന്‍
ഇന്ന് ഒരു പവന്റെ വില 56,960 രൂപയാണെങ്കിലും ഒരു പവന്‍ ആഭരണത്തിന് ആ തുക മതിയാകില്ല. ഇന്നത്തെ സ്വര്‍ണ വിലയ്ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, 45 രൂപ ഹോള്‍മാര്‍ക്ക് ചാര്‍ജ്, അതിന്റെ 18 ശതമാനം ജി.എസ്.ടി, പിന്നെ ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 61,655 രൂപയെങ്കിലും ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് വാങ്ങാനായി നല്‍കേണ്ടി വരും. ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് പണിക്കൂലി വ്യത്യാസപ്പെടുമെന്നത് മറക്കരുത്.