കെ.എസ്. പുഷ്ടിമ കാലത്തീറ്റയുടെ 20 കിലോ ബാഗുകള്‍ അവതരിപ്പിച്ച് കെ.എസ്.ഇ

ഐസ്‌ക്രീം ഉള്‍പ്പെടെയുള്ള പാലുത്പന്നങ്ങളും കമ്പനി പുറത്തിറക്കുന്നു

Update:2024-11-20 12:55 IST

കേരളത്തിലെ പ്രമുഖ കാലിത്തീറ്റ നിര്‍മ്മാതാക്കളായ കെ.എസ്.ഇ കിടാരികള്‍ക്കും കറവ വറ്റിയ പശുക്കള്‍ക്കുമായി കെ.എസ്. പുഷ്ടിമ കാലിത്തീറ്റയുടെ 20 കിലോഗ്രാം ബാഗ് വിപണിയിലിറക്കി. 540 രൂപയാണ് പരമാവധി വില്പന വില.

ആറ് പതിറ്റാണ്ടായി കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരത്തില്‍ ശ്രദ്ധേയമായ സാന്നിധ്യമാണ് തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ.എസ്.ഇ. കാലിത്തീറ്റ, എണ്ണ പിണ്ണാക്ക്, പാൽ ഉൽപന്നങ്ങള്‍ എന്നിവയാണ് കമ്പനിയുടെ പ്രധാന ഉൽപന്നങ്ങള്‍. വെസ്റ്റ എന്ന പേരില്‍ ദക്ഷിണേന്ത്യന്‍ വിപണികളില്‍ ഐസ്‌ക്രീമും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. മൂന്ന് സംസ്ഥാനങ്ങളില്‍ കമ്പനിക്ക് ഉത്പാദന യൂണിറ്റുകളുണ്ട്.

ലാഭത്തിലേക്ക്

നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദമായ ജൂലൈ-സെപ്റ്റംബറില്‍ കമ്പനി 17.13 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. തൊട്ട് മുന്‍ സാമ്പത്തിക വര്‍ഷം സമാന പാദത്തില്‍ 1.41 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തില്‍ ലാഭം 18.36 കോടി രൂപയായിരുന്നു.
കമ്പനിയുടെ മൊത്ത വരുമാനം രണ്ടാം പാദത്തില്‍ 416 കോടി രൂപയാണ്. കാലിത്തീറ്റ വിഭാഗം 355.59 കോടി രൂപയും എണ്ണപ്പിണ്ണാക്ക് സംസ്‌കരണ വിഭാഗം 103 കോടി രൂപയും പാലും പാൽ ഉൽപന്നങ്ങളും അടങ്ങിയ ഡയറി ഡിവിഷന്‍ 12.91 കോടി രൂപയും വരുമാനം രേഖപ്പെടുത്തി.
ഇന്നലെ കെ.എസ്.ഇ ഓഹരികള്‍ 0.68 ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈ വര്‍ഷം ഇതു വരെ 39 ശതമാനവും കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 51 ശതമാനവും നേട്ടം ഓഹരിയുടമകള്‍ക്ക് നല്‍കിയിട്ടുള്ള ഓഹരിയാണ് കെ.എസ്.ഇ.
Tags:    

Similar News