റെക്കോഡില്‍ നിന്ന് ഊര്‍ന്നിറങ്ങി സ്വര്‍ണം! ഒറ്റയടിക്ക് സമാശ്വാസം 440 രൂപ

വെള്ളി വിലയും മലക്കം മറിഞ്ഞു

Update:2024-10-24 13:15 IST

Image by Canva

സംസ്ഥാനത്ത് തുടര്‍ച്ചയായ ഏഴ് ദിവസത്തെ മുന്നേറ്റത്തിനു ശേഷം സ്വര്‍ണവില ഇന്ന് റിവേഴ്‌സ് ഗിയറിട്ടു. ഗ്രാമിന് 55 രൂപ കുറഞ്ഞ് 7,285 രൂപയും പവന് 440 രൂപ കുറഞ്ഞ് 58720 രൂപയുമായി.

ലൈറ്റ്‌വെയിറ്റ് ആഭരണങ്ങളും കല്ലു പതിപ്പിച്ച ആഭരണങ്ങളും നിര്‍മിക്കാനുപോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 6,010 രൂപയായി.
വെള്ളിയും തുടര്‍ച്ചയായ മുന്നേറ്റത്തിന് സുല്ലിട്ടിരിക്കുകയാണ്. ഇന്ന ഗ്രാമിന് 2 രൂപ കുറഞ്ഞ് 105 രൂപയിലാണ് വ്യാപാരം.

അന്താരാഷ്ട്ര വില റെക്കോഡ് കൈവിട്ടു 

അന്താരാഷ്ട്ര സ്വര്‍ണ വില ഇന്നലെ 2,713 ഡോളറിലേക്ക് 
താഴ്ന്നതാണ്‌
 വിലയെ ബാധിച്ചത്. ഇന്ന് 0.32 ശതമാനം ഉയര്‍ന്ന് 2,724.23 ഡോളറിലാണ് വ്യാപാരം. സര്‍വകാല റെക്കോഡായ 2,758 ഡോളര്‍ തൊട്ട ശേഷമാണ് സ്വര്‍ണത്തിന്റെ ഇടിവ്.
ഉയര്‍ന്ന വിലയില്‍ നിക്ഷേപകര്‍ ലാഭമെടുപ്പ് തുടങ്ങിയതാണ് അന്താരാഷ്ട്ര വിലയില്‍ ഇടിവുണ്ടാക്കിയത്. ഇതിനൊപ്പം ഡോളറിന്റെ മൂല്യം ഉയര്‍ന്നതും മറ്റ് വിപണില്‍ നിന്നുള്ള ഡിമാന്‍ഡ് കുറയ്ക്കാനിടയാക്കി. യു.എസ് ട്രഷറി ബോണ്ട് വരുമാനം ഉയരുന്നതും സ്വര്‍ണത്തെ ബാധിക്കുന്നുണ്ട്. കടപ്പത്രങ്ങളുടെ വരുമാനം ഉയരുമ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണത്തില്‍ നിന്ന് നിക്ഷേപം അതിലേക്ക് മാറ്റാറുണ്ട്.
ചൈനയില്‍ സ്വര്‍ണത്തിന്റെ ആവശ്യം കുറഞ്ഞതും വില കുറയാന്‍ ഇടയാക്കുന്നുണ്ട്.

സ്വര്‍ണത്തിന്റെ നീക്കം  എങ്ങോട്ട്?

അതേസമയം, സമീപഭാവിയില്‍ സ്വര്‍ണം മുന്നേറ്റം തുടരാനാണ് സാധ്യതയെന്നാണ് നിരീക്ഷകര്‍ പ്രവചിക്കുന്നത്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് അടുത്ത മാസം നിരക്ക് കുറയ്ക്കാനുള്ള സാധ്യതയുമൊക്കെ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്തുന്ന ഘടകങ്ങളാണ്. ഈ വര്‍ഷം നിരവധി റെക്കോഡുകള്‍ സൃഷ്ടിച്ച സ്വര്‍ണം 32 ശതമാനത്തിലധികം ഉയര്‍ന്നു. പശ്ചിമേഷ്യയിലെ യുദ്ധങ്ങള്‍ തുടരുകയാണെങ്കില്‍ വര്‍ഷാവസാനത്തോടെ അന്താരാഷ്ട്ര വില 3,000 ഡോളറിലേക്ക് എത്തുമെന്ന സൂചനകളാണ് വരുന്നത്.

ഇന്ന് ഒരു പവന്‍ ആഭരണത്തിന് വില 

ഇന്നത്തെ സ്വര്‍ണ വിലയ്‌ക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ചു ശതമാനം പണിക്കൂലി, മൂന്നു ശതമാനം ജി.എസ്.ടി, എച്ച്.യു.ഐ.ഡി ചാര്‍ജുകള്‍ എന്നിവയും ചേര്‍ത്താല്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 63,559 രൂപ വരും. പണിക്കൂലി 10 ശതമാനം കണക്കാക്കിയത് ഇത് 66,220 രൂപയുമാകും. വിവിധ ആഭരണങ്ങള്‍ക്കനുസരിച്ചാണ് പണിക്കൂലി വ്യത്യാസപ്പെടുന്നത്.
Tags:    

Similar News