സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം, വെള്ളിയും താഴേക്ക്

പണിക്കൂലിയും ജി.എസ്.ടിയുമടക്കം ഒരു പവന്‍ ആഭരണത്തിന്റെ ഇന്നത്തെ വിലയറിയാം

Update:2024-06-05 10:40 IST

ആഭരണപ്രിയര്‍ക്ക് നേരിയ ആശ്വാസം സമ്മാനിച്ച് കേരളത്തിലിന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 6,660 രൂപയായി. പവന്‍ വില 160 രൂപ കുറഞ്ഞ് 53,280 രൂപയിലെത്തി. ഇന്നലെ ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കൂടിയിരുന്നു. കേരളത്തില്‍ മേയ് 20ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ് ഏറ്റവും ഉയര്‍ന്ന വില.

വെള്ളിയും 22 കാരറ്റും
ലൈറ്റ്‌വെയിറ്റ് സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 15 രൂപയും കുറഞ്ഞിട്ടണ്ട്. വെള്ളിവിലയും താഴേക്കാണ്. ഇന്നലെ ഒരു രൂപ കൂടി 98 രൂപയിലെത്തിയ വില ഇന്ന് രണ്ട് രൂപ കുറഞ്ഞ് 96ലെത്തി. ഈ മാസമാദ്യം വെള്ളിവില ഗ്രാമിന് 100 രൂപ തൊട്ടിരുന്നു.
ആഗോള ചലനത്തിനൊപ്പം
ആഗോളതലത്തിലെ സ്വര്‍ണവിലയുടെ ട്രെന്‍ഡ് പിടിച്ചാണ് കേരളത്തിലും വില കുറഞ്ഞത്. അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് ഉടന്‍ പലിശ നിരക്ക് കുറക്കില്ലെന്ന സൂചനയാണ് അന്താരാഷ്ട്ര സ്വര്‍ണ വില കുറച്ചത്. കൂടാതെ ക്രൂഡ് ഓയില്‍ വില താഴ്ന്നതും കാരണമായി. ഇന്നലെ ഒരു ശതമാനം താഴ്ന്ന് ഔണ്‍സിന് 2,327.30 ഡോളറിലായിരുന്നു സ്വര്‍ണം. ഇന്ന് രാവിലെ അത് 2,326 ഡോളറായി കുറഞ്ഞു.
പലിശ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നത് സ്വര്‍ണത്തിന് ക്ഷീണമാണ്. കാരണം ഡോളറിന്റെ മൂല്യം കൂടും. അമേരിക്കന്‍ കടപ്പത്രങ്ങളുടെ നേട്ടവും ഉയരത്തിലാകും. ഇങ്ങനെ വരുമ്പോള്‍ സ്വര്‍ണത്തില്‍ നിന്ന് പണം പിന്‍വലിച്ച് നിക്ഷേപകര്‍ കൂട്ടത്തോടെ കടപ്പത്രങ്ങളിലേക്ക് മാറും. നിലവില്‍ പണപ്പെരുപ്പ കണക്കുകള്‍ വലിയ ആശങ്കയില്ലാതെ തുടരുന്നതിനാലാണ് പലിശ നിരക്ക് കുറയ്ക്കുന്നതില്‍ അമാന്തം കാണിക്കുന്നത്.
ഒരു പവന് ഇന്നെന്ത് നല്‍കണം
മൂന്ന് ശതമാനം ജി.എസ്.ടി, ഹോള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപയും 18 ശതമാനം ജി.എസ്.ടിയും), മിനിമം അഞ്ച് ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്താല്‍ കുറഞ്ഞത് 58,000 രൂപ നല്‍കിയാലെ ഒരു പവന്‍ സ്വര്‍ണാഭരണം സ്വന്തമാക്കാനാകൂ. പല സ്വര്‍ണക്കടകളിലും ഡിസൈനിന് അനുസരിച്ച് പണിക്കൂലി വ്യത്യാസപ്പെടും. ബ്രാന്‍ഡഡ് ആഭരണങ്ങള്‍ക്ക് 20 ശതമാനം വരെ പണിക്കൂലി ഈടാക്കാറുണ്ട്.
Tags:    

Similar News