സ്വര്‍ണ വിലയില്‍ ഇന്ന് ആശ്വാസത്തിന് വകയില്ല, വീണ്ടും മേലേക്ക്
വെള്ളി വിലയും കയറ്റത്തില്‍
ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും ഇന്ന് സ്വര്‍ണ വില കൂടി. സ്വര്‍ണം ഗ്രാമിന് 70 രൂപ വര്‍ധിച്ച് 6,730 രൂപയായി. പവന്‍ വില 560 രൂപ കൂടി 53,840 രൂപയിലുമെത്തി. മെയ് 20ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ് കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വില.
18 കാരറ്റും വെള്ളിയും
ലൈറ്റ്‌വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണവിലയിലും മാറ്റമുണ്ട്. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 5,600 രൂപയായി. വെള്ളിവില ഇന്ന് ഒരു രൂപ വര്‍ധിച്ച് 97 രൂപയിലെത്തി. ഇന്നലെ രണ്ട് രൂപ കുറവ് രേഖപ്പെടുത്തിയ സ്ഥാനത്താണിത്. വ്യാവസായ ആവശ്യങ്ങൾക്ക് വെള്ളി ഉപയോഗിക്കുന്നത് കൂടുന്നതാണ് വില വര്‍ധിപ്പിക്കുന്നത്.
അന്താരാഷ്ട്ര സ്വര്‍ണവില ഇന്ന് ഔണ്‍സിന് 2,371.20 രൂപയായി. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ഉടന്‍ പലിശ കുറയ്ക്കാനുള്ള സാധ്യതയുണ്ടെന്ന കണക്കുകൂട്ടലാണ് സ്വര്‍ണത്തെ ഉയര്‍ത്തിയത്. ഇന്നലെ ഒരു ശതമാനത്തിലധികം ഉയര്‍ന്ന് ഔണ്‍സിന് 2,356.60 രൂപയിലായിരുന്നു സ്വര്‍ണം വ്യാപാരം അവസാനിപ്പിച്ചത്.
വില ഇനിയും ഉയരുമോ?
അമേരിക്കയിലെ പലിശ നിരക്കിനെയാണ് ഇപ്പോള്‍ സ്വര്‍ണം ഉറ്റു നോക്കുന്നത്. പണപ്പെരുപ്പം കുറഞ്ഞു നില്‍ക്കുന്നതിനാല്‍ സമീപഭാവിയില്‍ അടിസ്ഥാന പലിശ നിരക്ക് കുറച്ചേക്കുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ കടപ്പത്രങ്ങളിലെ നിക്ഷേപം ആകര്‍ഷകമല്ലാതാകും. സ്വര്‍ണം പോലുള്ള സുരക്ഷിത നിക്ഷേപത്തിലേക്ക് നിക്ഷേപകര്‍ പണമൊഴുക്കാന്‍ ഇതിടയാക്കുകയും ചെയ്യും. ഇത് സ്വർണ വിലയിൽ വർധനയുണ്ടാക്കുമെന്നാണ് നിരീക്ഷകർ പറയുന്നത്.