ഡോളര്‍ കുതിപ്പില്‍ വീണ്ടും റെക്കോഡ് കൈവിട്ട് പൊന്ന്, ഒറ്റയടിക്ക് 200 രൂപയുടെ കുറവ്
വെള്ളി വിലയില്‍ മൂന്നാം ദിവസവും മാറ്റമില്ല
സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോഡില്‍ നിന്നിറങ്ങി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 7,095 രൂപയും പവന് 400 രൂപ കുറഞ്ഞ് 56,760 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ വിലയും 20 രൂപ കുറഞ്ഞ് ഗ്രാമിന് 5,865 രൂപയായി.
വെള്ളി വില മൂന്നാം ദിവസവും ഒരേനില്‍പ് തുടരുകയാണ്. ഗ്രാമിന് 98 രൂപയിലാണ് ഇന്നും വ്യാപാരം.
രാജ്യാന്തര സ്വര്‍ണ വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വില താഴുന്നത്. രണ്ടു ദിവസമായി രാജ്യാന്തര വില താഴോട്ടാണ്. ഇന്നലെ 0.19 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 2,651 ഡോളറിലെത്തി. ഇന്നും 0.26 ശതമാനം ഇടിഞ്ഞാണ് വ്യാപാരം. ഡോളര്‍ രണ്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതാണ് സ്വര്‍ണത്തെ ബാധിച്ചത്. ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കുന്നത് ഡോളറിലാണ്. ഡോളര്‍ വില ഉയരുമ്പോള്‍ മറ്റ് കറന്‍സികളില്‍ സ്വര്‍ണം വാങ്ങുന്നത് കൂടുതല്‍ ചെലവേറിയതാകും.
അതേസമയം, ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍, ആഗോള സാമ്പത്തിക വളര്‍ച്ചയെ കുറിച്ചുള്ള ആശങ്കകള്‍, യു.എസിലെ പലിശ നിരക്ക് കുറയ്ക്കല്‍ തുടങ്ങിയ പല കാര്യങ്ങളും സമീപ ഭാവിയില്‍ സ്വര്‍ണവിലയില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധ്യതയുണ്ട്.
യു.എസ് ഫെഡറല്‍ റിസര്‍വില്‍ നിന്നുള്ള അടുത്ത സൂചനയ്ക്കായി കാത്തിരിക്കുകയാണ് വ്യാപാരികള്‍. യു.എസിലെ ചില്ലറ വില്‍പ്പന കണക്കുകള്‍, വ്യാവസായിക ഉത്പാദനം, പ്രതിവാര തൊഴിലില്ലായ്മ കണക്കുകള്‍ തുടങ്ങിയവയാണ് ഈ ആഴ്ച ഫെഡറല്‍ റിസര്‍വിന്റെ തീരുമാനത്തെ സ്വാധീനിക്കാവുന്ന ഘടകങ്ങള്‍.
ഒരു പവന്‍ ആഭരണത്തിന് നല്‍കേണ്ട വില
ഒരു പവന്‍ സ്വര്‍ണത്തിന് 56,760 രൂപയാണ് ഇന്നത്തെ വില. എന്നാല്‍ ഒരു പവന്‍ ആഭരണത്തിന് ഇത് മതിയാകില്ല. ഇന്നത്തെ സ്വര്‍ണ വിലയ്ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, 45 രൂപ ഹോള്‍മാര്‍ക്ക് ചാര്‍ജ്, അതിന്റെ 18 ശതമാനം ജി.എസ്.ടി, ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് ഒരു പവന് 61,439 രൂപയെങ്കിലും കൊടുക്കണം.