സൗത്ത് ഇന്ത്യന്‍ ബാങ്കിന് ₹325 കോടി ലാഭം, മൊത്തം ബിസിനസ് ₹1.90 ലക്ഷം കോടി; ഓഹരി 7 ശതമാനം ഉയര്‍ന്നു

വരുമാനവും കൂടി, നിഷ്‌ക്രിയ ആസ്തി നില മെച്ചപ്പെട്ടു

Update:2024-10-16 16:58 IST

പി. ആര്‍. ശേഷാദ്രി, എം.ഡി & സി.ഇ.ഒ, സൗത്ത് ഇന്ത്യന്‍ ബാങ്ക്

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തെ (2024-25) രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) 324.79 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 274.89 കോടി രൂപയേക്കാള്‍ ലാഭം 18 ശതമാനം വര്‍ധിച്ചു. ഇക്കാലയളവില്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 460.57 കോടി രൂപയില്‍ നിന്ന് 550.35 കോടി രൂപയായി.

ബാങ്കിന്റെ മൊത്ത വരുമാനം ഇക്കാലയളവില്‍ 2804.07 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം സമാനപാദത്തില്‍ ഇത് 2,484.48 കോടി രൂപയായിരുന്നു.
ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ (GNPA) 4.50 ശതമാനത്തില്‍ നിന്ന് 4.40 ശതമാനമായി മെച്ചപ്പെട്ടു. അറ്റ നിഷ്‌ക്രിയ ആസ്തി (NNPA) 1.44 ശതമാനത്തില്‍ നിന്ന് 1.31 ശതമാനമായും കുറയ്ക്കാന്‍ ബാങ്കിന് സാധിച്ചു. ഇത് ബാങ്കിനെ സംബന്ധിച്ച് നേട്ടമാണ്.
ബാങ്കിന്റെ അറ്റപലിശ വരുമാനം (NII) ഇക്കാലയളവില്‍ 6.2 ശതമാനം വര്‍ധിച്ച് 882.3 കോടിയായി. മുന്‍ സാമ്പത്തിക വര്‍ഷം സമാന പാദത്തിലിത് 830.6 കോടി രൂപയായിരുന്നു.
കിട്ടാക്കടം (NPA) തരണം ചെയ്യാനുള്ള നീക്കിയിരുപ്പ് ബാധ്യത 113 കോടി രൂപയില്‍ നിന്ന് 110 കോടി രൂപയായി കുറഞ്ഞു. അതേസമയം ബാങ്കിന്റെ സാമ്പത്തികാരോഗ്യം സൂചിപ്പിക്കുന്ന കറന്റ് സേവിംഗ്‌സ് അക്കൗണ്ട് (CASA) അനുപാതം 32.03 ശതമാനത്തില്‍ നിന്ന് 31.85 ശതമാനമായി കുറഞ്ഞത് ബാങ്കിന് ചെറിയ ക്ഷീണമായി.

മൊത്തം ബിസിനസ് ₹1.90 ലക്ഷം കോടി

ബാങ്കിന്റെ മൊത്തം ബിസിനസ് രണ്ടാം പാദത്തില്‍ 1.90 ലക്ഷം കോടിയായി. വായ്പകള്‍ മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 74,947 കോടി രൂപയില്‍ നിന്ന് 84,714 കോടി രൂപയായി. 13.03 ശതമാനമാണ് വളര്‍ച്ച.

കോര്‍പ്പറേറ്റ് വായ്പകള്‍ 23.54 ശതമാനവും വ്യക്തിഗത വായ്പകള്‍ 9.02 ശതമാനവും വര്‍ധിച്ചു. സ്വര്‍ണ വായ്പകള്‍ 14,998 കോടി രൂപയില്‍ നിന്ന് 10.74 ശതമാനം വര്‍ധനയോടെ 16,609 കോടി രൂപയായി. ഭവന വായ്പകളില്‍ 41.94 ശതമാനവും വാഹന വായ്പകളില്‍ 18.11 ശതമാനവും വര്‍ധന രേഖപ്പെടുത്തി.

നിക്ഷേപങ്ങള്‍ 97,085 കോടി രൂപയില്‍ നിന്ന് 1,05,451 കോടിയുമായി. റീട്ടെയില്‍ നിക്ഷേപങ്ങള്‍ 93,448 കോടി രൂപയില്‍ നിന്ന് 1,01,651 കോടിയായി വർധിച്ചപ്പോൾ  എന്‍.ആര്‍.ഐ നിക്ഷേപങ്ങള്‍ 28,785 കോടി രൂപയില്‍ നിന്ന് 5.92 ശതമാനം വര്‍ധിച്ച് 30,488 കോടി രൂപയായി.

ഓഹരിയില്‍ ഏഴ് ശതമാനത്തോളം കുതിപ്പ്

സൗത്ത് ഇന്ത്യന്‍ ബാങ്ക് രണ്ടാം പാദപ്രവര്‍ത്തനഫലങ്ങള്‍ പുറത്തു വിട്ടതിനു ശേഷം ഓഹരികള്‍ ഇന്ന് ഏഴ് ശതമാനത്തോളം മുന്നേറി. രാവിലെ 24.05 രൂപയില്‍ വ്യാപാരം ആരംഭിച്ച ഓഹരി വില 25.65 രൂപ വരെയെത്തി. ഈ വര്‍ഷം ഇതു വരെ അഞ്ച് ശതമാനം നേട്ടം മാത്രമാണ് ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയത്.


Tags:    

Similar News