ഗ്രാമീണ മേഖലയിലെ സംരംഭക സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവ്‌ കാസര്‍കോട്‌

കാര്‍ഷിക മേഖലകള്‍ക്കു ആവശ്യമായ സാങ്കേതിക പരിഹാരങ്ങളും ഗ്രാമീണ ഇന്ത്യയുടെ ടൂറിസം സാധ്യതകള്‍ പരിപോഷിക്കാന്‍ ആവശ്യമായ സാങ്കേതിക വിദ്യകളും വികസിപ്പിച്ചെടുക്കാന്‍ റൂറല്‍-അഗ്രിടെക് ഹാക്കത്തോണ്‍

Update:2024-11-27 17:39 IST

കേരള സ്റ്റാര്‍ട്ടപ് മിഷന്‍, സി.പി.സി.ആര്‍., സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള എന്നിവര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവിന്റെ മൂന്നാം എഡിഷന്‍ ഡിസംബര്‍ 14, 15 തിയതികളില്‍ കാസര്‍കോട്ടെ സി.പി.സി.ആര്‍.ഐയില്‍ നടക്കും.

ആദ്യ രണ്ട് എഡിഷനുകളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള സാമ്പത്തിക വിദഗ്ദ്ധര്‍, സ്റ്റാര്‍ട്ടപ് സ്ഥാപകര്‍, വ്യവസായ പ്രമുഖര്‍ എന്നിവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. ഗ്രാമീണ ഇന്ത്യയുടെ വളര്‍ച്ചയ്ക്കു സാങ്കേതികത എങ്ങനെ പ്രയോജനപ്പെടുത്താം എന്ന പ്രമേയത്തില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ ഗ്രാമീണ-കാര്‍ഷിക മേഖലകളെ ശക്തിപ്പെടുത്തുന്നതിന് ഇടപെടലുകള്‍ നടത്തിയ സ്റ്റാര്‍ട്ടപ് സംരംഭങ്ങളുടെ സ്ഥാപകര്‍ പങ്കെടുക്കും.
കാര്‍ഷിക-ഭക്ഷ്യോത്പാദന മേഖലകളിലെ സാങ്കേതിക വളര്‍ച്ചയും സാധ്യതകളും വിശദീകരിക്കുന്ന സെഷനുകള്‍, ഗ്രാമീണ ഇന്ത്യയുടെ സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്ന പാനല്‍ ചര്‍ച്ചകള്‍, കേന്ദ്ര തോട്ട വിള ഗവേഷണ കേന്ദ്രമുള്‍പ്പടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ ഉള്ള ഗവേഷണ സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത വാണിജ്യവത്കരിക്കാന്‍ പറ്റുന്ന സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തല്‍ തുടങ്ങി നിരവധി പരിപാടികളാണ് കോണ്‍ക്ലേവിന്റെ ഭാഗമായി നടക്കാന്‍ പോവുന്നത്.

റൂറല്‍-അഗ്രിടെക് ഹാക്കത്തോണും

കോണ്‍ക്ലേവിന്റെ ഭാഗമായി റൂറല്‍-അഗ്രിടെക് ഹാക്കത്തോണും നടക്കുന്നുണ്ട്. കാര്‍ഷിക മേഖലയ്ക്ക് ആവശ്യമായ സാങ്കേതിക പരിഹാരങ്ങളും ഗ്രാമീണ ഇന്ത്യയുടെ ടൂറിസം സാധ്യതകള്‍ പരിപോഷിക്കാന്‍ ആവശ്യമായ സാങ്കേതിക വിദ്യകളും വികസിപ്പിച്ചെടുക്കുന്നതിനു വേണ്ടിയാണ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള ക്യാമ്പസില്‍ വെച്ചു ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ വിവിധ ക്യാപസുകളെയും യൂണിവേഴ്‌സിറ്റികളെയും പ്രതിനിധീകരിച്ചു 15 ടീമുകളായി നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.
സാങ്കേതിക സഹായം ആവശ്യമായ മേഖലകളും അതുമായി ബന്ധപ്പെട്ട ആധികാരിക വിവരം നല്‍കാന്‍ പറ്റുന്ന സി.പി.സി.ആര്‍.ഐയിലെ ഗവേഷകരും മറ്റു സാങ്കേതിക വിദഗ്ദ്ധരും ഹാക്കത്തോണില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി ഉണ്ടാവും. സാങ്കേതിക മേഖലകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രൊഫഷനലുകള്‍ക്കും ഹാക്കത്തോണില്‍ പങ്കെടുക്കാം.

ക്യാഷ് പ്രൈസും ഇന്‍കുബേഷന്‍ അവസരവും

മികച്ച പരിഹാരം നിര്‍ദേശിക്കുകയും പ്രോട്ടോടൈപ്പ് വികസിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് ഒരു ലക്ഷം രൂപ കാഷ് പ്രൈസും കേരള സ്റ്റാര്‍ട്ടപ് മിഷനിലോ സി.പി.സി.ആര്‍.ഐ ഇന്‍ക്യൂബറ്ററിലേക്കോ അവസരവും ലഭിക്കും. കൂടാതെ കാര്‍ഷിക-ഭക്ഷ്യോത്പാദന മേഖലകളിലെ പരിഹാരം നിര്‍ദേശിക്കുന്നവര്‍ക്ക് സി.പി.സി.ആര്‍.ഐ യുമായി ചേര്‍ന്ന് കൂടുതല്‍ ഗവേഷണങ്ങള്‍ക്കും വാണിജ്യാടിസ്ഥാനത്തില്‍ ഉത്പന്നം നിര്‍മ്മിക്കുന്നതിനും അവസരം ഉണ്ടാകും. കോണ്‍ഫറന്‍സിലും ഹാക്കത്തോണിലും പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ https://ribc.startupmission.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. കെ. മുരളീധരന്‍ - +9195629 11181 (CPCRI).

Tags:    

Similar News