105 ദിവസം വാലിഡിറ്റി, 210 ജിബി ഡേറ്റ, അതിശയിപ്പിക്കുന്ന ഓഫറുമായി വീണ്ടും ബി.എസ്.എൻ.എല്‍, സ്വകാര്യ കമ്പനികള്‍ വിയര്‍ക്കും

സ്വകാര്യ കമ്പനികളോട് മത്സരിക്കാന്‍ തുടര്‍ച്ചയായി പുതിയ പ്ലാനുകള്‍ അവതരിപ്പിക്കുകയാണ് ബി.എസ്.എന്‍.എല്‍

Update:2024-10-13 09:07 IST

Image created with Canva

സ്വകാര്യ ടെലികോം കമ്പനികളെ വെല്ലുന്ന പ്ലാനുകളുമായി ഉപയോക്താക്കളെ കൈയിലെടുക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ബി.എസ്.എന്‍.എല്‍. സ്വകാര്യ കമ്പനികള്‍ ഇടയ്ക്ക് കൂട്ടത്തോടെ നിരക്കുകള്‍ വര്‍ധിപ്പിച്ചത് ബി.എസ്.എന്‍.എല്ലിന് നേട്ടമായിരുന്നു. ഇതോടെയാണ് കൂടുതല്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് മികവാര്‍ന്ന പ്ലാനുകള്‍ അവതരിപ്പിച്ചു തുടങ്ങിയത്. ഇപ്പോള്‍ ഇതാ 666 രൂപയ്ക്ക് 105 ദിവസത്തെ വാലിഡിറ്റിയുള്ള പുതിയ പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഈ പ്ലാന്‍ പ്രകാരം ദിവസവും 100 എസ്.എം.എസുകള്‍ സൗജന്യമാണ്.

കൂടാതെ ഇക്കാലയളവില്‍ 210 ജി.ബി ഡാറ്റയും ലഭ്യമാക്കുന്നുണ്ട്. അതായത് 105 ദിവസത്തേക്ക് പ്രതിദിനം 2ജിബി എന്ന കണക്കില്‍ ഡേറ്റ ഉപയോഗിക്കാം. സ്വകാര്യ കമ്പനികളായ ജിയോ, എയര്‍ടെല്‍, വി.ഐ എന്നിവയൊന്നും ഇത്തരത്തില്‍ ദീര്‍ഘകാല റീചാര്‍ജ് പ്ലാന്‍ നിലവില്‍ നല്‍കുന്നില്ല. ഇവര്‍ക്ക് തിരിച്ചടിയാകും ബി.എസ്.എന്‍.എല്ലിന്റെ നീക്കമെന്നാണ് കരുതുന്നത്.

സേവനം മെച്ചപ്പെടുത്താന്‍

അതേസമയം, ബി.എസ്.എന്‍.എല്ലിന്റെ ഉപയോക്തൃ അടിത്തറ കുറയുന്നതിലും മോശം സേവനങ്ങളിലും അടുത്തിടെ പാര്‍ലമെന്ററി കമ്മിറ്റി അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു. മീറ്റിംഗില്‍ പങ്കെടുത്ത ചിലര്‍ അവര്‍ക്ക് നേരിട്ട മോശം സേവനഅനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അടുത്ത ആറ് മാസത്തിനുള്ളില്‍ സേവനത്തില്‍ കാര്യമായ പുരോഗതിയുണ്ടാകുമെന്നാണ് ബി.എസ്.എന്‍.എല്‍ ഔദ്യോഗിക വൃത്തങ്ങള്‍ കമ്മിറ്റിക്ക് ഉറപ്പു നല്‍കിയത്.
4ജി സേവനത്തിനായി ഒരു ലക്ഷത്തോളം മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയിലാണ് ബി.എസ്.എന്‍.എല്‍. നിലവില്‍ 24,000 ടവറുകളാണുള്ളത്. 'ആത്മനിര്‍ഭര്‍ ഭാരത്' പദ്ധതിയുടെ ഭാഗമായി തദ്ദേശീയമായ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനും പ്രാധാന്യം നല്‍കുമെന്ന് ബി.എസ്.എന്‍.എല്‍ വ്യക്തമാക്കിയിട്ടുണ്ട്.
Tags:    

Similar News