കെ.എസ്.ആര്‍.ടി.സി വെട്ടിലായി, ദൂരപരിധിയില്‍ സ്വകാര്യ ബസുടമകള്‍ക്കൊപ്പം ഹൈക്കോടതി
മോട്ടോര്‍ വെഹിക്കിള്‍ സ്‌കീമിലെ വ്യവസ്ഥയാണ് റദ്ദാക്കിയത്
സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിലധികം ദൂരത്തിൽ സർവീസ് നടത്താൻ പെര്‍മിറ്റ് അനുവദിക്കേണ്ടന്ന വ്യവസ്ഥ റദ്ദാക്കി ഹൈക്കോടതി. മോട്ടോര്‍ വെഹിക്കിള്‍ സ്‌കീമിലെ വ്യവസ്ഥയാണ് റദ്ദാക്കിയത്.
നിലവില്‍ സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സിക്ക് മാത്രമാണ് 140 കിലോമീറ്ററില്‍ കൂടുതല്‍ ദൂരം സര്‍വീസ് നടത്താവുന്നത്. ദീർഘ ദൂര സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാര്‍ സിംഗ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
2020 സെപ്റ്റംബര്‍ 14-നാണ് കെ.എസ്.ആര്‍.ടി.സിക്ക് അനുകൂലമായ വ്യവസ്ഥയുടെ കരട് പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഇത്തരത്തില്‍ പുതിയ സ്‌കീമിന് രൂപം നല്‍കിയാല്‍ ഒരു വര്‍ഷത്തിനകം ബന്ധപ്പെട്ട കക്ഷികളുടെ ഭാഗം കൂടി കേള്‍ക്കണമെന്നാണ് വ്യവസ്ഥയെങ്കിലും അതുണ്ടായില്ല. അതിനാല്‍ സ്‌കീം നിയമപരമല്ലെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പുതിയ സ്‌കീമിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കേണ്ടെന്ന തീരുമാനത്തെ തുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്.
പല റൂട്ടുകളിലും ബസില്ല
മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനത്തെ തുടര്‍ന്ന് നിരവിധി സ്വകാര്യ സര്‍വീസുകള്‍ക്ക് പെര്‍മിറ്റ് നഷ്ടമായിരുന്നു. ഇത് പല സ്ഥലങ്ങളിലും രൂക്ഷമായ യാത്രാക്ലേശത്തിനും കാരണമാക്കി. ഈ റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ബസുകളില്ലാത്തതിനാല്‍ അത് നടപ്പായില്ല. ഇതിനിടെയാണ് പുതിയ ഉത്തരവ് വരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പഴയ സ്വകാര്യ പെര്‍മിറ്റുകള്‍ പുന:സ്ഥാപിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.