മണപ്പുറം ഫിനാന്‍സിന് രണ്ടാം പാദ ലാഭത്തില്‍ നേരിയ വളര്‍ച്ച മാത്രം, ഓഹരി നാല് ശതമാനം ഉയര്‍ന്നു

മൈക്രോ ഫിനാന്‍സ് ബിസിനസില്‍ നിന്നുള്ള വരുമാനം കുറഞ്ഞു

Update:2024-11-05 18:45 IST

വി.പി. നന്ദകുമാര്‍

തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് നടപ്പു സാമ്പത്തിക വര്‍ഷത്തെ (2024-25) രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) 572.08 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലെ 560.66 കോടി രൂപയേക്കാള്‍ 2 ശതമാനം വളര്‍ച്ചയാണ് ലാഭത്തിലുണ്ടായത്.

ജൂണില്‍ അവസാനിച്ച ഒന്നാം പാദത്തിലെ 556.52 കോടി രൂപയുമായി നോക്കുമ്പള്‍ 2.8 ശതമാനം മാത്രമാണ് വളര്‍ച്ച.

രണ്ടാം പാദത്തില്‍ വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ 2,174.02 കോടി രൂപയില്‍ നിന്ന് 21.3 ശതമാനം വര്‍ധിച്ച് 2,637.14 കോടി രൂപയായി. ജൂണ്‍ പാദത്തിലെ 2,512 കോടി രൂപയില്‍ നിന്ന് വരുമാനം അഞ്ച് ശതമാനം ഉയര്‍ന്നു.

ലാഭത്തെ ബാധിച്ചത് ആശിർവാദിനേറ്റ അടി 

ഉപകമ്പനി ആയ ആശിർവാദ് മൈക്രോ ഫിനാൻസിന്റെ വായപ ബാധ്യതകൾക്കായി കൂടുതൽ തുക വകയിരുത്തിയതാണ് ലാഭത്തെ ബാധിച്ചത്. പലിശ വരുമാന വളർച്ച 23.71 ശതമാനം രേഖപ്പെടുത്തിയപ്പോൾ ഫിനാൻസ് കോസ്റ്റ് അതിനെ മറികടന്ന്  31.37 ശതമാനം ആയി.

ആശിർവാദ് ഫിനാൻസിന് എതിരെയുള്ള റിസർവ് ബാങ്കിന്റെ നടപടിയാണ് മണപ്പുറം ഫിനാൻസിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളെ ബാധിക്കുക. ഉയർന്ന പലിശ ഈടാക്കുന്നതും മറ്റ് നിയമപരമായ കാര്യങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും ചൂണ്ടികാട്ടി ആശിർവാദ് ഫിനാൻസിന്റെ വായ്പകൾക്ക് റിസർവ് ബാങ്ക് കഴിഞ്ഞ മാസം വിലക്ക് ഏർപ്പെടുത്തിയിരുന്നു.

26.6 ലക്ഷം സജീവ സ്വര്‍ണ വായ്പാ ഉപഭോക്താക്കൾ 

രണ്ടാം പാദത്തിൽ സബ്സിഡിയറികള്‍ ഉള്‍പ്പെടാതെ ഉള്ള കമ്പനിയുടെ അറ്റാദായം 474.9 കോടി രൂപയാണ്. സംയോജിത പ്രവര്‍ത്തന വരുമാനം 22.1 ശതമാനം വര്‍ധിച്ച് 2633.1 കോടി രൂപയിലെത്തി. സംയോജിത സ്വര്‍ണ വായ്പാ പോര്‍ട്ട്ഫോളിയോ 17.1 ശതമാനം വര്‍ധിച്ച് 24,365 കോടി രൂപയിലെത്തി. 2024 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിക്ക് 26.6 ലക്ഷം സജീവ സ്വര്‍ണ വായ്പാ ഉപഭോക്താക്കളുണ്ട്.

രണ്ട് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് ഒരു രൂപ നിരക്കില്‍ ഇടക്കാല ലാഭവിഹിതം വിതരണം ചെയ്യാനും കമ്പനി ഡയറക്ടര്‍മാരുടെ ബോര്‍ഡ് യോഗം തീരുമാനിച്ചു.

'നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ സ്വര്‍ണ്ണ വായ്പ ആസ്തിയില്‍ മികച്ച നേട്ടം കൈവരിക്കാന്‍ മണപ്പുറം ഫിനാന്‍സിന് സാധിച്ചു. വാര്‍ഷികാടിസ്ഥാനത്തില്‍ 17.1 ശതമാനം വളര്‍ച്ചയും, തുടര്‍ച്ചയായി 3% വളര്‍ച്ചയുമാണ് രേഖപ്പെടുത്തിയത് .സ്വര്‍ണ വായ്പയ്ക്കു പുറമെ, സ്വര്‍ണ ഇതര വായ്പാ മേഖലകളിലും ശ്രദ്ധേയമായ നേട്ടം കൈവരിക്കാനായി.  പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും സ്ഥാപനത്തിന്‍റെ മൂലധന പര്യാപ്തത അനുപാതം 29.22 ശതമാനത്തില്‍ എത്തിക്കാനായത് നേട്ടമാണ്.' മണപ്പുറം ഫിനാന്‍സ് എം.ഡിയും സി.ഇ.ഒയുമായ വി.പി. നന്ദകുമാര്‍ പറഞ്ഞു.

ഉപകമ്പനികളുടെ പ്രകടനം 

 ആശിര്‍വാദ് മൈക്രോഫിനാന്‍സ് ലിമിറ്റഡിന്‍റെ ആസ്തി മൂല്യം 10.95 ശതമാനം വര്‍ധനയോടെ 12,149 കോടി രൂപയിലും, അറ്റാദായം 75 കോടി രൂപയിലുമെത്തി. മുന്‍വര്‍ഷമിത് 10,949.8 കോടി രൂപയായിരുന്നു. ഭവനവായ്പാ സബ്സിഡിയറിയായ മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡും സ്ഥിരതയുള്ള ആസ്തി വര്‍ധന നേടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 29.6 ശതമാനം വര്‍ധനയോടെ ആസ്തി മൂല്യം 1,587 കോടി രൂപയിലെത്തി. വെഹിക്കിള്‍ ആന്‍റ് എക്യുപ്മെന്‍റ് ഫിനാന്‍സ് വിഭാഗത്തിന്‍റെ ആസ്തി മൂല്യം 4,848.2 കോടി രൂപയിലെത്തി. 54.2 ശതമാനത്തിന്‍റെ കരുത്തുറ്റ വളര്‍ച്ചയാണ് കൈവരിച്ചത്.

കമ്പനിയുടെ സംയോജിത ആസ്തിയുടെ 46.7 ശതമാനവും സ്വര്‍ണ വായ്പാ ഇതര ബിസിനസുകളില്‍ നിന്നാണ്. സബ്സിഡിയറികള്‍ ഉള്‍പ്പെടാതെയുള്ള കമ്പനിയുടെ ശരാശരി കടമെടുക്കല്‍ പലിശ നിരക്ക് 9.09 ശതമാനമാണ്. മുന്‍വര്‍ഷമിത് 8.47 ശതമാനമായിരുന്നു. മൊത്ത നിഷ്ക്രിയ ആസ്തി 2.42 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തി 2.14 ശതമാനവുമാണ്. സെപ്റ്റംബര്‍ 30 ന് അവസാനിച്ച രണ്ടാം പാദത്തില്‍ കമ്പനിയുടെ സംയോജിത അറ്റ മൂല്യം 12,528.5 കോടി രൂപയായി ഉയര്‍ന്നു. 68 ലക്ഷം ഉപഭോക്താക്കളുള്ള കമ്പനിയുടെ, എല്ലാ സബ്സിഡിയറികളും ഉള്‍പ്പെടെയുള്ള സംയോജിത കടം 38,476 കോടി രൂപയാണ്.

ഓഹരി നേട്ടത്തിൽ 

ഓഹരി വിപണി പ്രവർത്തനം അവസാനിപ്പിച്ച ശേഷമാണ് പാദഫലങ്ങൾ പുറത്തു വന്നത്. മണപ്പുറം ഫിനാന്‍സ് ഓഹരികളിന്ന് നാല് ശതമാനത്തോളം ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. 

ഒരു വര്‍ഷക്കാലയളവില്‍ 11.13 ശതമാനം നേട്ടം നല്‍കിയിട്ടുള്ള ഓഹരി ഈ വര്‍ഷം ഇതു വരെയുള്ള (YTD) കാലയളവില്‍ 7 ശതമാനത്തിലധികം നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്.  ആശിര്‍വാദ് ഫിനാന്‍സിന് റിസര്‍വ് ബാങ്ക് വായ്പാ വിലക്ക് ഏര്‍പ്പെടുത്തിയത് ഓഹരികളെ ഇടയ്ക്ക് വലിയ ഇടിവിലേക്ക് നയിച്ചിരുന്നു. പിന്നീട് ഓഹരി കുറച്ച് കരകയറി.

Tags:    

Similar News