കേരളത്തില്‍ സ്വര്‍ണ നികുതി വരുമാനവും വിറ്റുവരവും എത്ര? കൈമലര്‍ത്തി ജി.എസ്.ടി വകുപ്പ്

നികുതി വകുപ്പിന്റേത് ഒളിച്ചുകളിയെന്ന് വ്യാപാരികള്‍

Update:2024-05-25 10:55 IST

Image : Canva

ഇന്ത്യയില്‍ ഏറ്റവുമധികം സ്വര്‍ണാഭരണങ്ങള്‍ വിറ്റഴിയുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പ്രതിദിനം 250-275 കോടി രൂപയുടെ വില്‍പന കേരളത്തില്‍ നടക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍. 2022-23ല്‍ സംസ്ഥാനത്ത് 1.01 ലക്ഷം കോടി രൂപയുടെ വിറ്റുവരവ് സ്വര്‍ണവിപണി രേഖപ്പെടുത്തിയെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
എന്നാല്‍, കേരളത്തിലെ ഈ കഴിഞ്ഞ സാമ്പത്തിക വർഷത്തെ സ്വര്‍ണവിപണിയുടെ വിറ്റുവരവ് എത്രയെന്ന് ചോദിച്ചാല്‍ ജി.എസ്.ടി വകുപ്പ് കൈമലര്‍ത്തും. എത്ര രൂപ നികുതിയായി പിരിച്ചെടുത്തുവെന്ന് ചോദിച്ചാലും അറിയില്ലെന്നാണ് ഉത്തരം.
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA) സംസ്ഥാന ട്രഷററും ഓള്‍ ഇന്ത്യ ജെം ആന്‍ഡ് ജുവലറി ഡൊമസ്റ്റിക് കൗണ്‍സില്‍ (GJC) ദേശീയ ഡയറക്ടറുമായ എസ്. അബ്ദുല്‍ നാസര്‍ വിവരാവകാശ പ്രകാരം ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് സംസ്ഥാന ജി.എസ്.ടി വകുപ്പില്‍ നിന്ന് വിചിത്രമായ മറുപടി കിട്ടിയത്.
ചോദ്യവും ഉത്തരവും
കേരളത്തിലെ സ്വര്‍ണാഭരണ വ്യാപാര മേഖലയില്‍ 2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളില്‍ എത്ര കോടി രൂപയായിരുന്നു വിറ്റുവരവ് എന്നായിരുന്നു ആദ്യ ചോദ്യം. നിലവിലുള്ള ജി.എസ്.ടി റിട്ടേണ്‍ പ്രകാരം കമ്മോഡിറ്റി മാപ്പിംഗ് ഇല്ലാത്തതിനാല്‍ വിറ്റുവരവ് വിവരങ്ങള്‍ ലഭ്യമല്ലെന്ന് ജി.എസ്.ടി വകുപ്പ് മറുപടി നല്‍കി.
എന്നാല്‍, ഇതേ ചോദ്യം നേരത്തേ ഉന്നയിച്ചപ്പോള്‍ ജി.എസ്.ടി വകുപ്പ് കൃത്യമായി മറുപടി നല്‍കിയിരുന്നതാണെന്നും വ്യാപാരികളെ സമൂഹത്തിന് മുന്നില്‍ നികുതിവെട്ടിപ്പുകാരായി ചിത്രീകരിക്കാന്‍ ജി.എസ്.ടി വകുപ്പ് ഒളിച്ചുകളി നടത്തുകയാണെന്നും എസ്. അബ്ദുല്‍ നാസര്‍ 'ധനംഓണ്‍ലൈനോട്' പ്രതികരിച്ചു.
2022-23, 2023-24 വര്‍ഷങ്ങളില്‍ കേരളത്തിലെ സ്വര്‍ണ വ്യാപാര മേഖലയില്‍ നിന്ന് പിരിച്ചെടുത്ത നികുതി വരുമാനം എത്രയെന്ന ചോദ്യത്തിനും വ്യക്തമായ മറുപടി ജി.എസ്.ടി വകുപ്പ് നല്‍കിയിട്ടില്ല. പകരം, 2022 ഏപ്രില്‍ ഒന്നുമുതല്‍ 2022 ഒക്ടോബര്‍ 30 വരെ എസ്.ജി.എസ്.ടിയായി 383 കോടി രൂപ പിരിച്ചെടുത്തിട്ടുണ്ടെന്ന് വകുപ്പ് വ്യക്തമാക്കി.
വ്യാപാരികളുടെ എണ്ണത്തിന് ഉത്തരം
കേരളത്തില്‍ ജി.എസ്.ടി രജിസ്‌ട്രേഷനുള്ള എത്ര സ്വര്‍ണ വ്യാപാരികളുണ്ടെന്ന ചോദ്യത്തിന് 2021-22 വരെ 10,649 പേരുണ്ടെന്ന് ജി.എസ്.ടി വകുപ്പ് വ്യക്തമാക്കി.
അതേസമയം, വിവരാവകാശ പ്രകാരം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സംസ്ഥാന ജി.എസ്.ടി വകുപ്പ് നല്‍കിയ മറുപടികള്‍ അവിശ്വസനീയമാണെന്നും സ്വര്‍ണ മേഖലയില്‍ നിന്ന് നികുതി വരുമാനം കുറവാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണിതെന്നും എ.കെ.ജി.എസ്.എം.എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും പ്രതികരിച്ചു.
Tags:    

Similar News