രാജ്യത്തെ പ്രമുഖ ബാങ്ക് - ഇതര ധനകാര്യ കമ്പനിയായ ഇന്‍ഡെല്‍ മണി നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 21 കോടി രൂപയുടെ റെക്കോഡ് ലാഭം നേടി. മുന്‍ പാദത്തേക്കാള്‍ 63 ശതമാനമാണ് വളര്‍ച്ച. കമ്പനിയുടെ വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 74 ശതമാനം ഉയര്‍ന്നു.
കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തികള്‍ മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 61 ശതമാനം വര്‍ധിച്ച് 1,294.44 കോടി രൂപയായി. പ്രതിവര്‍ഷ വായ്പാ വിതരണ നിരക്കില്‍ 40 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2024 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ 850.64 കോടി രൂപയുടെ വായ്പകളാണ് നല്‍കിയത്. ഇതില്‍ 92 ശതമാനവും സ്വര്‍ണ വായ്പയാണ്.
വളര്‍ച്ചയിലുള്ള പ്രതിബദ്ധതയും മാറുന്ന വിപണി സാഹചര്യങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള കെല്‍പ്പുമാണ് അഭിമാനകരമായ നേട്ടത്തിനിടയാക്കിയതെന്ന് ഇന്‍ഡെല്‍ മണി എക്സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ ഉമേഷ് മോഹനന്‍ പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനി പുറത്തിറക്കിയ കടപ്പത്രങ്ങളുടെ (എന്‍.സി.ഡി) മൂന്നാം ഘട്ടം 188 ശതമാനം സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടു. 2024 സാമ്പത്തിക വര്‍ഷം മധ്യപ്രദേശ്, രാജസ്ഥാന്‍, ഡെല്‍ഹി, ഗുജറാത്ത് എന്നീ നാലു സംസ്ഥാനങ്ങളിലായി 100 ലേറെ പുതിയ ശാഖകള്‍ തുടങ്ങാന്‍ ഇന്‍ഡെല്‍ മണി പദ്ധതിയിടുന്നു.