തിരുവനന്തപുരം കൊമ്പന് വേണ്ടി ഒരുമിച്ച് വ്യവസായ പ്രമുഖർ, സാധ്യമായത് തെക്കൻ കേരളത്തിന്റെ സ്വന്തം ഫുട്ബോൾ ടീം
ആദ്യ മൂന്നു സീസണുകളിൽ 40 കോടി രൂപ വരെ നിക്ഷേപം, 300 കോടി രൂപ ചെലവിട്ട് പുതിയ സ്റ്റേഡിയം നിർമ്മിക്കാനും പദ്ധതി
സെപ്തംബർ ഏഴിന് തുടങ്ങുന്ന കേരള സൂപ്പർ ലീഗിലെ തിരുവനന്തപുരം കൊമ്പൻസ് എഫ്. സി ടീമിന് വേണ്ടി ഒരുമിച്ചത് സംസ്ഥാനത്തെ ഒരു കൂട്ടം വ്യവസായ പ്രമുഖർ. സ്വന്തമായി ഹോസ്റ്റലും സ്റ്റേഡിയവുമുള്ള കേരളത്തിലെ ഏക ഫുട്ബോൾ ക്ലബ്ബായ കോവളം എഫ്.സിയുടെ നടത്തിപ്പുകാരൻ ടി.ജെ മാത്യു തയ്യിൽ, കിംസ് ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള, കേരള ട്രാവൽസ് എംഡി കെ.സി ചന്ദ്രഹാസൻ , തിരുവനന്തപുരം ടെക്നോപാർക്ക് മുൻ സി.ഇ.ഒ ജി. വിജയരാഘവൻ , ടോറസ് ഇന്ത്യ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആർ. അനിൽകുമാർ , ആർക്കിടെക്ട് എൻ.എസ് അഭയകുമാർ തുടങ്ങിയവരാണ് ഇതിന്റെ മുൻനിരയിലുള്ളത് . കൂടാതെ വ്യവസായികളായ അഹമ്മദ് കോയ മുക്താർ, അനു ഗോപാൽ വേണുഗോപാലൻ, ഡോ ബി. ഗോവിന്ദൻ , എബിൻ ജോസ്, എസ് ഗണേഷ് കുമാർ, ജോർജ് എം തോമസ്, ക്രിസ് ഗോപാലകൃഷ്ണൻ , റാണി ഗൗരി പാർവതി ഭായ്, ടി.ജെ മാത്യു, കെ മുരളീധരൻ , ഇ എം നജീബ്, കെ നന്ദകുമാർ , എസ് നൗഷാദ്, ഡോ. ബി രവി പിള്ള , എസ് ഡി ഷിബുലാൽ തുടങ്ങിയവരും ടീമിലെ നിക്ഷേപകരാണ്. ശശി തരൂർ എംപി , മുൻ പൊലീസ് ഉദ്യോഗസ്ഥൻ ജേക്കബ് പുന്നൂസ് തുടങ്ങിയവരും ടീമിനൊപ്പമുണ്ട്. വ്യത്യസ്ത സംരംഭകത്വ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളുടെ ഒരു കൺസോർഷ്യം നയിക്കുന്നതെന്ന പ്രത്യേകത ലീഗിലെ ആറ് ടീമുകളിൽ തിരുവനന്തപുരത്തിന് മാത്രമാണ് സ്വന്തമെന്നും ടീം മാനേജ്മെന്റ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മുഖം മിനുക്കി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം
തിരുവനന്തപുരം കൊമ്പൻസിന്റെ ഹോം ഗ്രൗണ്ടായി തിരഞ്ഞെടുത്തിരിക്കുന്നത് കേരള പോലീസിന്റെ ഉടമസ്ഥതയിലുള്ള പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയമാണ് . ഏകദേശം രണ്ടരക്കോടി രൂപ ചെലവിട്ട് സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് അതിനുള്ള നിർമ്മാണ പ്രവൃത്തികൾ ഇവിടെ പുരോഗമിക്കുകയാണ്. ടീമിന്റെ 5 ഹോം ഗ്രൗണ്ട് മത്സരങ്ങൾ ഇവിടെ നടക്കും. സ്റ്റേഡിയത്തിലെ നിലവിലുള്ള പുൽത്തകിടി , ഫ്ലഡ് ലൈറ്റ് എന്നിവ മാറ്റി സ്ഥാപിക്കും. മൂന്നുവർഷത്തിനുള്ളിൽ 300 കോടി രൂപയോളം ചെലവിട്ട് സ്വന്തമായി ഗ്രൗണ്ട് നിർമ്മിക്കാനും പദ്ധതിയുണ്ട്. നിലവിൽ മൈലം ജി.വി രാജ സ്പോർട്സ് സ്കൂളിലാണ് ടീം പരിശീലിക്കുന്നത്.
35-40 കോടി രൂപയുടെ നിക്ഷേപം
കേരളത്തിലെ പ്രഫഷണൽ ലീഗ് ഫുട്ബോളിന്റെ ആദ്യ മൂന്ന് സീസണുകൾക്കായി തിരുവനന്തപുരം കൊമ്പൻസിൽ 35 - 40 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. അദാനി ഗ്രൂപ്പാണ് ടീമിന്റെ ടൈറ്റിൽ സ്പോൺസർ. വിദേശത്ത് നിന്നടക്കം സ്പോർട്ട്സ് മാനേജ്മെന്റിൽ ഉന്നത പഠനം പൂർത്തിയാക്കിയ 32 പേരാണ് ടീമിനെ നയിക്കുന്നത്. ഭാവിയിൽ കുട്ടികൾ, വനിതകൾ എന്നിവർക്കായി പ്രത്യേകം ടീമുകൾ രൂപീകരിക്കുന്നതടക്കമുള്ള വിപുലമായ പദ്ധതികളും മാനേജ്മെന്റിനുണ്ട്.
തിരുവനന്തപുരം കൊമ്പൻസ് എഫ്സിയുടെ പ്രൊമോട്ടർമാരും അഡ്വൈസറി ബോർഡ് അംഗങ്ങളുമായ കിംസ് ഹെൽത്ത്കെയർ ഗ്രൂപ്പ് ചെയർമാൻ ഡോ. എം.ഐ സഹദുള്ള, കേരള ട്രാവൽസിൻ്റെ എം.ഡിയും കോവളം എഫ്സിയുടെ കോ ഫൗണ്ടറുമായ കെ.സി ചന്ദ്രഹാസൻ, ടെക്നോപാർക്ക് മുൻ സി.ഇ.ഒ ജി.വിജയരാഘവൻ, ടോറസ് ഇന്ത്യയുടെ സി.ഒ.ഒയും കൊമ്പൻസ് എഫ്സിയുടെ ടെക്നിക്കൽ അഡ്വൈസറുമായ അനിൽ കുമാർ, ആർക്കിട്ടെക്ടും എ.എ.എ ക്രിയേറ്റീവ്സിൻ്റെ എം.ഡിയും കൊമ്പൻസ് എഫ്സിയുടെ സി.ഇ.ഒയുമായ എൻ.എസ് അഭയകുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
സൂപ്പർ ലീഗ് കേരള
കേരള ഫുട്ബോൾ അസോസിയേഷൻ്റെ സഹകരണത്തോടെ യൂനിഫെഡ് ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെൻ്റ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ കേരളത്തിൻ്റെ സ്വന്തം ഫുട്ബോൾ ലീഗാണ് സൂപ്പർ ലീഗ് കേരള. തിരുവനന്തപുരം കൊമ്പൻസിനു പുറമെ കണ്ണൂർ വാരിയേഴ്സ്, കാലിക്കറ്റ് എഫ്സി, മലപ്പുറം എഫ്.സി, തൃശ്ശൂർ മാജിക്, ഫോർസ കൊച്ചി എന്നീ ടീമുകളും ലീഗിൽ മാറ്റുരയ്ക്കും.