കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: 51 പേരുടെ രേഖകള്‍ ഈടുവച്ച് ഒറ്റയാള്‍ക്ക് നല്‍കിയത് ₹24 കോടി വായ്പ
മുന്‍മന്ത്രിയും എം.എല്‍.എയുമായ എ.സി മൊയ്തീന് വീണ്ടും ഇ.ഡിയുടെ നോട്ടീസ്
തട്ടിപ്പുകേസില്‍ അന്വേഷണം നേരിടുന്ന കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഒറ്റ വ്യക്തിക്ക് 51 പേരുടെ രേഖകള്‍ ഈടുവച്ച് 24 കോടി രൂപ നല്‍കിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയെ അറിയിച്ചു.
തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പി.പി.കിരണിനാണ് സാധാരണക്കാരായ 51 പേരുടെ രേഖകള്‍ ഈടുവച്ച് ഇത്രയും തുക നല്‍കിയത്. ഇതുപ്രകാരം പലിശയുള്‍പ്പെടെ 48.57 കോടി രൂപ കിരണ്‍ ബാങ്കിന് തിരിച്ചടയ്ക്കാനുണ്ട്. കിരണിന്റെ സ്ഥാപനങ്ങളായ പ്ലാറ്റിനം ലബോറട്ടറീസ്, കാട്രിക്‌സ് ടെക്‌നോളജീസ് എന്നിവയുടേയും മറ്റ് വ്യക്തികളുടേയും പേരിലാണ് ഈ പണം ട്രാന്‍സ്ഫര്‍ ചെയ്തിരിക്കുന്നത്.
സൗത്ത് ഇന്ത്യന്‍ ബാങ്കിലെ വായ്പ തിരിച്ചടയ്ക്കാനും സ്ഥാപനങ്ങളില്‍ നിക്ഷേപിക്കാനുമാണ് ഈ പണം ചെലവഴിച്ചെന്ന് കിരണ്‍ ഇ.ഡിയോട് പറഞ്ഞെങ്കിലും തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചിട്ടില്ല. ഈ തുകയില്‍ നിന്ന് 14 കോടി രൂപ രാഷ്ട്രിയക്കാരുടെ ബിനാമിയായ പി.സതീഷ് കുമാറിന് നല്‍കിയതായും ആരോപണമുണ്ട്. തിങ്കളാഴ്ച രാത്രിയാണ് പി. സതീഷ് കുമാറിനെയും പി.പി. കിരണിനെയും ഇ.ഡി അറസ്റ്റ് ചെയ്തത്. കരുവന്നൂര്‍ തട്ടിപ്പില്‍ ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസിലെ ആദ്യ അറസ്റ്റാണിത്.
അതേസമയം, ഈ കേസില്‍ മുന്‍വ്യവസായ മന്ത്രിയും സി.പി.എം നേതാവുമായ എ.സി മൊയ്തീന് ഇ.ഡി വീണ്ടും നോട്ട് അയച്ചു. സെപ്റ്റംബര്‍ 11ന് ചോദ്യം ചെയ്യലിനായി ഇ.ഡിക്ക് മുന്നില്‍ ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനു മുന്‍പ് രണ്ട് തവണ നോട്ടീസ് നല്‍കിയെങ്കിലും മൊയ്തീന്‍ ഹാജരായിരുന്നില്ല.