കെ.എഫ്.സിക്ക് നാലിരട്ടി വളര്‍ച്ച, 50 കോടി രൂപ ലാഭം

ഒരു പൊതുമേഖലാ സ്ഥാപനം ഏഴ് പതിറ്റാണ്ടില്‍ നേടിയ മികച്ച നേട്ടം

Update: 2023-06-08 06:59 GMT

സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്ക്- ഇതര ധനകാര്യ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ (കെ.എഫ്.സി) ലാഭം നാലിരട്ടിയായി വര്‍ധിച്ചു. ഒരു പൊതുമേഖലാ സ്ഥാപനം കഴിഞ്ഞ ഏഴ് പതിറ്റാണ്ടില്‍ നേടിയ മികച്ച പ്രകടനമാണിതെന്ന് ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.

മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 50.19 കോടി രൂപയാണ് കെ.എഫ്.സിയുടെ ലാഭം. മുന്‍ വര്‍ഷം ഇത് 13.20 കോടിയായിരുന്നു. ഒരുവര്‍ഷംകൊണ്ട് നാലിരട്ടി വര്‍ധനയുണ്ടായി.

കഴിഞ്ഞ വര്‍ഷം 6,529.40 കോടി രൂപയാണ് വായ്പയായി നല്‍കിയത്. ഇതാദ്യമായാണ് 5,000 കോടി രൂപയ്ക്കു മേല്‍ വായ്പയായി നല്‍കുന്നത്. അടുത്ത വര്‍ഷം വായ്പ 10,000 കോടി രൂപയായി ഉയര്‍ത്താനാണ് ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയിട്ടും കെ.എഫ്.സി വായ്പാ നിരക്ക് കൂട്ടിയിരുന്നില്ല. അടിസ്ഥാന നിരക്ക് ഉയര്‍ത്താതെ തന്നെ കെ.എഫ്.സിക്ക് മികച്ച പ്രകടനം നേടാനായത് ശ്രദ്ധേയമാണെന്ന് കെ.എഫ്.സി സി.എം.ഡി സഞ്ജയ് കൗള്‍ പറഞ്ഞു.

സംരംഭക വായ്പകള്‍

സര്‍ക്കാര്‍ 200 കോടി രൂപയുടെ ഓഹരി മൂലധനം നിക്ഷേപിച്ചതോടെ കെ.എഫ്.സിയുടെ സാമ്പത്തിക അടിത്തറ ശക്തമായി.സംരംഭക വര്‍ഷമായി പ്രഖ്യാപിച്ച 2022-23 ല്‍ ചെറുകിട സംരംഭങ്ങള്‍ക്കും (എസ്.എം.ഇ) സ്റ്റാര്‍ട്ടപ്പുകള്‍ക്കും മറ്റു മേഖലകള്‍ക്കുമായി 3,207.22 കോടി രൂപ വായ്പ അനുവദിച്ചു. മൊത്തം വായ്പാ വിതരണം 3,555.95 കോടി രൂപയാണ്. 49 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് കേരള പദ്ധതി വഴി 59.91 കോടി രൂപ വായ്പ നല്‍കി. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി പ്രകാരം 2,404 സംരംഭങ്ങള്‍ക്ക് 5 ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ മൊത്തം 472 കോടി രൂപ വായ്പ നല്‍കി. എട്ട് ശതമാനം വായ്പാ നിരക്കുള്ള വായ്പകള്‍ക്ക് മൂന്ന് ശതമാനം സബ്‌സിഡി നല്‍കുന്നുണ്ട്.

പലിശ വരുമാനം 518.17 കോടി രൂപയില്‍ നിന്നും 38.46 ശതമാനം വര്‍ധിച്ച് 694.38 കോടി രൂപയായി. നിഷ്‌ക്രിയ ആസ്തിയില്‍ ഗണ്യമായ കുറവുണ്ടായി. മൊത്ത നിഷ്‌ക്രിയ ആസ്തി(GNP) 3.27 ശതമാനത്തില്‍ നിന്ന് 3.11 ശതമാനമായും അറ്റ നിഷ്‌ക്രിയ(NNP) ആസ്തി 1.28 ശതമാനത്തില്‍ നിന്ന് 0.74 ശതമാനമായും കുറഞ്ഞു. സ്‌പെഷ്യല്‍ വായ്പാ കുടിശിക റിക്കവറിയിലൂടെ 59.49 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞതാണ് ഇതിന് കാരണം.

Tags:    

Similar News