സ്വര്‍ണം വീണ്ടും കയറ്റത്തിന്റെ ട്രാക്കില്‍, വെള്ളിയും മുന്നോട്ട്; ഇന്ന് വില ഇങ്ങനെ
അന്താരാഷ്ട്ര വിലയില്‍ തുടര്‍ച്ചയായ മുന്നേറ്റം
കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ നിന്ന സ്വര്‍ണ വിലയില്‍ ഇന്ന് മുന്നേറ്റം. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 6,715 രൂപയും പവന് 280 രൂപ വര്‍ധിച്ച് 53,720 രൂപയുമായി. ഓണപര്‍ച്ചേസുകാര്‍ക്കും വിവാഹ പര്‍ച്ചേസുകാര്‍ക്കും തിരിച്ചടിയായാണ് സ്വര്‍ണത്തിന്റെ വില വര്‍ധന.
18 കാരറ്റ് സ്വര്‍ണ വിലയും 25 രൂപ വര്‍ധിച്ച് ഗ്രാമിന് 5,565 രൂപയായി. വെള്ളി വില ഗ്രാമിന് ചെറിയൊരു ഇടവേളയ്ക്ക് ശേഷം 90 രൂപയിലേക്ക് തിരിച്ചു കയറി. ഇന്ന് ഒരു രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
അമേരിക്കയില്‍ നിന്നുള്ള പലിശ പ്രതീക്ഷകളാണ് സ്വര്‍ണത്തെ ഉയര്‍ത്തുന്നത്. രാജ്യാന്തര സ്വര്‍ണ വില കഴിഞ്ഞ രണ്ട് ദിവസമായി മുന്നേറ്റത്തിലാണ്. ഇന്ന് 0.08 ശതമാനം ഉയര്‍ന്ന് ഔണ്‍സ് വില 2.518.15 ഡോളറിലെത്തി. കഴിഞ്ഞയാഴ്ച ഔണ്‍സിന് 2,500 ഡോളറിനു താഴെ എത്തിയ ശേഷമാണ് കയറ്റം.
ഒരു പവൻ ആഭരണത്തിന്റെ വില
ഒരു പവന്‍ ആഭരണത്തിന്റെ വിലയേക്കാള്‍ 4,431 രൂപയെങ്കിലും അധികമായി ചെലവാക്കിയാലേ ഇന്ന് ഒരു പവന്‍ ആഭരണം കടയില്‍ നിന്ന് സ്വന്തമാക്കാനാകുക. സ്വര്‍ണ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+ 18% ജി.എസ്.ടി), കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്താണിത്. വിവിധ ആഭരണങ്ങള്‍ക്ക് അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസം വരും.