ഉത്രാടപാച്ചിലില്‍ മുന്നേറി കേരളത്തില്‍ സ്വര്‍ണം, വില റെക്കോഡിന് തൊട്ടരികെ
മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം, വെള്ളിയും വിലക്കയറ്റത്തിലാണ്
സംസ്ഥാനത്ത് ഉത്രാട ദിനത്തില്‍ സ്വര്‍ണ വിലയില്‍ മുന്നേറ്റം. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 6,865 രൂപയിലെത്തി. പവന്‍ വില 320 രൂപ കൂടി 54,920ലുമെത്തി. ഇതോടെ റെക്കോഡ് വിലയ്ക്കടുത്തെത്തിയിരിക്കുകയാണ് കേരളത്തിൽ സ്വര്‍ണം. കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയുമാണിത്. മേയ് 20ന് രേഖപ്പെടുത്തിയ പവന് 55,120 രൂപയാണ് റെക്കോഡ്.
18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 30 രൂപ കൂടി 5,690 രൂപയിലെത്തി. വെള്ളി വിലയിലും വിലക്കയറ്റം തുടരുകയാണ്. ഇന്ന് ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 95 രൂപയിലെത്തി.
അന്താരാഷ്ട്ര വില റെക്കോഡില്‍
അന്താരാഷ്ട്രവിലയിലെ മുന്നേറ്റമാണ് കേരളത്തിലും വില ഉയര്‍ത്തിയത്. ഇന്നലെ ഔണ്‍സ് സ്വര്‍ണം 2,586.18 ഡോളര്‍ വരെയെത്തി റെക്കോഡ് ഇട്ടിരുന്നു. അമേരിക്കയില്‍ പലിശ നിരക്ക് കുറയ്ക്കുന്നതിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ ഡോളറില്‍ സമ്മര്‍ദ്ദമുണ്ടാക്കിയതാണ് ഇപ്പോഴത്തെ മുന്നേറ്റത്തിന് കാരണം. ജിയോപൊളിറ്റിക്കല്‍ പ്രശ്‌നങ്ങള്‍, പണപ്പെരുപ്പ ആശങ്കകള്‍, വിപണിയിലെ അനിശ്ചിതത്വം തുടങ്ങിയ പല കാര്യങ്ങളും ഈ വര്‍ഷം സ്വര്‍ണത്തെ മുന്നേറ്റത്തിലാക്കിയിട്ടുണ്ട്. സ്വർണ വില ട്രോയ് ഔണ്‍സിന് 2,660 ഡോളര്‍ വരെയെത്തിയേക്കുമെന്നാണ് വിപണി നിരീക്ഷകര്‍ കരുതുന്നത്.
ഇന്ന് ആഭരണം വാങ്ങാന്‍ പോകുന്നവര്‍ ശ്രദ്ധിക്കുക
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വില 54,920 രൂപയാണ്. പക്ഷേ, അത്രയും തുക നല്‍കിയാല്‍ ഒരു പവന്‍ ആഭരണം സ്വന്തമാക്കാനാകില്ല. ഇന്നത്തെ സ്വര്‍ണ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+ 18% ജി.എസ്.ടി), കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 60,000 രൂപയ്ക്കടുത്ത് വേണ്ടി വരും. അതായത് ഒരു പവന്‍ ആഭരണത്തിന്റെ വിലയേക്കാള്‍ 5,000 രൂപയെങ്കിലും അധികമായി കൈയില്‍ കരുതേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് പണിക്കൂലിയില്‍ വ്യത്യാസം വരും. ഇത് ആഭരണത്തിന്റെ വിലയിലും മാറ്റമുണ്ടാക്കും.