ആവശ്യത്തിന് വെള്ളവും സൗകര്യങ്ങളും റെഡി! ബംഗളൂരു ഐ.ടി കമ്പനികളെ കേരളത്തിലേക്ക് വിളിച്ച് മന്ത്രി
ഐ.ടി ഹബായ ബംഗളൂരുവില്‍ കുടിവെള്ളം കിട്ടാക്കനിയാണ്. പ്രതിദിനം 500 ദശലക്ഷം ലിറ്റര്‍ വെള്ളത്തിന്റെ ക്ഷാമം നേരിടുന്നതായാണ് കണക്ക്
ടെക്‌നോളജി ഹബ്ബായ ബംഗളൂരു ഗുരുതര കുടിവെള്ള പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ രാജ്യത്തെ മുഖ്യ ഐ.ടി കമ്പനികളെ കേരളത്തിലേക്ക് ക്ഷണിച്ച് കത്തെഴുത്തി വ്യവസായ മന്ത്രി പി.രാജീവ്.
ചെറുതും വലുതുമായി 44 നദികളുള്ള കേരളത്തില്‍ കുടിവെള്ളം ഒരു പ്രശ്‌നമല്ലെന്നും ഐ.ടി കമ്പനികള്‍ക്ക് വെള്ളമുള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നതായും കത്തില്‍ വ്യവസായമന്ത്രി വ്യക്തമാക്കിയതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
254 ബില്യണ്‍ ഡോളര്‍ (21.16 ലക്ഷം കോടി രൂപ) വരുമാനം നേടുന്ന ഇന്ത്യയുടെ ഐ.ടി ഹബായ ബംഗളൂരുവില്‍ കുടിവെള്ളം കിട്ടാക്കനിയായിരിക്കുകയാണ്. പ്രതിദിനം 500 ദശലക്ഷം ലിറ്റര്‍ വെള്ളത്തിന്റെ ക്ഷാമം ഈ കടുത്ത വേനല്‍ക്കാലത്ത് നേരിടുന്നുണ്ട്. 2,600 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് യഥാര്‍ത്ഥത്തില്‍ നഗരത്തിന് വേണ്ടത്. ബംഗളൂരുവിലെ 14,000 കുഴല്‍ക്കിണറുകളില്‍ 6,900 എണ്ണവും വറ്റിയതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു.
കമ്പനികളെ ആകര്‍ഷിക്കാന്‍ കേരളം
സിലിക്കണ്‍വാലിക്ക് സമാനമായ രീതിയില്‍ കേരളത്തെ വികസിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. യോഗ്യരായ ടെക്‌നോളജി ബിരുദധാരികളടക്കം നിരവധി മേന്മകള്‍ കേരളത്തിലുണ്ടെന്ന് മന്ത്രി പറഞ്ഞു. കൊച്ചിയില്‍ പ്രസ്റ്റീജ് ഗ്രൂപ്പ് 8.5 ലക്ഷം ചതുശ്ര അടിയില്‍ ടെക്പാര്‍ക്ക് പണിതിട്ടുണ്ട്. ഇതുകൂടാതെ ബ്രിഗേഡ് ഗ്രൂപ്പ് സമാനമായ ഒരു പാര്‍ക്ക് തിരിവുനന്തപുരത്ത് നിര്‍മിക്കുന്നുമുണ്ട്.
കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ സര്‍ക്കാര്‍ ഒരുക്കിയ സൗകര്യങ്ങള്‍ കൂടാതെ ബ്രിഗേഡ്, കാര്‍ണിവല്‍, ലുലു ഗ്രൂപ്പ്, ഏഷ്യ സൈബര്‍പാര്‍ക്ക് തുടങ്ങിയ സ്വകാര്യ ഡെവലപ്പര്‍മാരും ഫെസിലിറ്റികള്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെയെല്ലാം ഐ.ടി കമ്പനികള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കാനാകുമെന്ന് മന്ത്രി പറയുന്നു. മാത്രമല്ല നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, മികച്ച റോഡുകള്‍, റെയില്‍, തുറമുഖ സൗകര്യങ്ങള്‍ എന്നിവയും കേരളത്തെ ഐ.ടി കമ്പനികള്‍ക്ക് അനുയോജ്യമായ താവളമാക്കി മാറ്റുന്നുവെന്ന് മന്ത്രി പറഞ്ഞു.
ഏതൊക്കെ കമ്പനികളെയാണ് കേരളത്തിലേക്ക് ക്ഷണിച്ചതെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇവരുമായി ചര്‍ച്ചകള്‍ നടക്കുന്നതായാണ് വിവരം. ഇതിനായി പ്രത്യേകം ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്.
വരുന്നൂ ഐ.ടി ഇടനാഴികള്‍
നിലവില്‍ കൊച്ചി ഇന്‍ഫോപാര്‍ക്ക്, തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കോഴിക്കോട് സൈബര്‍പാര്‍ക്ക് എന്നിവ ഐ.ടി മേഖലയ്ക്കായി കേരളത്തിലുണ്ട്. ഇതുകൂടാതെ പുതിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനായി നിര്‍ദിഷ്ട സ്ഥലങ്ങളില്‍ ചെറിയ ടെക് പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നുണ്ട്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഐ.ടി മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണം 10 ലക്ഷത്തിലെത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. നിലവില്‍ സര്‍ക്കാര്‍ പാര്‍ക്കുകളിലും സ്വകാര്യ പാര്‍ക്കകുളിലുമായി 2.5 ലക്ഷത്തോളം ജീവനക്കാര്‍ ഐ.ടി മേഖലയിലുണ്ട്. ഇത് നാല് മടങ്ങ് വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
ഇതിനായി ദേശീയപാത 66ന് സമാന്തരമായി നാല് ഐ.ടി ഇടനാഴികള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. തിരുവനന്തപുരം-കൊല്ലം, ചേര്‍ത്തല-എറണാകുളം, എറണാകുളം-കൊരട്ടി, കോഴിക്കോട്-കണ്ണൂര്‍ എന്നീ മേഖലകളിലാണ് ഐ.ടി കോറിഡോറുകള്‍ പദ്ധതിയിടുന്നത്.