കേരളത്തിലെ വന്ദേഭാരത് യാത്രക്കാര്‍ക്ക് സന്തോഷിക്കാം, റെയില്‍വേയുടെ ദീപാവലി സമ്മാനം ഉടന്‍?

യാത്രാക്ലേശത്തിന് പരിഹാരം കാണാനാകുമെന്ന് പ്രതീക്ഷ

Update:2024-11-01 16:43 IST

Image by DhanamArchives

കേരളത്തിലോടുന്ന വന്ദേഭാരത് ട്രെയിനുകളില്‍ പുതിയ കോച്ചുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ റെയില്‍വേ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവിലോടുന്ന ട്രെയിനുകളുടെ യാത്രാ ശേഷി വര്‍ധിപ്പിക്കാന്‍ പുതിയ കോച്ചുകള്‍ വരുന്നതോടെ സാധിക്കും.

രണ്ട് വന്ദേഭാരത് ട്രെയിനുകളാണ് കേരളത്തില്‍ നിലവില്‍ സര്‍വീസ് നടത്തുന്നത്. രാവിലെ തിരുവനന്തപുരത്തു നിന്ന് കാസര്‍കോടേക്കും വൈകുന്നേരം തിരിച്ചും ഓടുന്ന ഒരു ട്രെയിനും രാവിലെ മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് വൈകുന്നേരം തിരുവനന്തപുരത്തെത്തി തിരിച്ച് മംഗളൂരുവിലേക്ക് പോകുന്ന ട്രെയിനുമാണ്. ഇതില്‍ രണ്ടിലും പുതിയ കോച്ചുകള്‍ കൊണ്ടു വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മംഗളൂരു-തിരുവനന്തപുരം വന്ദേഭാരതില്‍ നിലിവില്‍ എട്ട് കോച്ചുകളാണ്. അത് 16 എണ്ണമാക്കി ഉയര്‍ത്തും. അതേസമയം, കാസര്‍ഗോഡേക്കുള്ള ട്രെയിനില്‍ 16 കോച്ചുകളുള്ളത് 20 ആക്കും.
തിരുവനന്തപുരം -കാസര്‍കോട് വന്ദേഭാരതിനെ മംഗളൂരു റൂട്ടിലേക്ക് മാറ്റിയ ശേഷം ഈ റൂട്ടില്‍ പുതിയ 20 കോച്ചുള്ള ട്രെയിന്‍ അനുവദിച്ചേക്കും. എട്ട് കോച്ചുള്ള ട്രെയിന്‍ സംസ്ഥാനത്തിനു പുറത്തുള്ള തിരക്ക് കുറഞ്ഞ മറ്റേതെങ്കിലും റൂട്ടിലേക്കു മാറ്റും.

ഓടുന്നത് ഫുള്‍ ഒക്യുപെന്‍സിയിൽ 

ഏറ്റവും ഉയര്‍ന്ന വേഗത അവകാശപ്പെട്ട് സര്‍വീസ് ആരംഭിച്ച വന്ദേഭാരത് ട്രെയിനുകള്‍ കേരളത്തില്‍ ഫുള്‍ ഒക്യുപെന്‍സിയിലാണ് ഓടുന്നത്. ടിക്കറ്റ് നിരക്ക് വളരെ കൂടുതലാണെങ്കിലും വേഗതയ്ക്ക് കൂടുതല്‍ പ്രാധ്യാന്യം നല്‍കുന്ന യാത്രക്കാര്‍ വന്ദേഭാരതിനാണ് കൂടുതല്‍ പരിഗണന നല്‍കുന്നത്.
വന്ദേഭാരത് ട്രെയിനില്‍ തിരുവനന്തപുരത്തു നിന്ന് മംഗളൂരുവിലെത്താന്‍ 8 മണിക്കൂറും 35 മിനിറ്റുമാണ് എടുക്കുന്നത്. ഏറ്റവും വേഗത്തിലെത്തുന്ന അടുത്ത ട്രെയിനില്‍ 12 മണിക്കൂറും 20 മിനിറ്റും എടുക്കും. മറ്റു ചില ട്രെയിനുകള്‍ 15 മണിക്കൂറിനടുത്താണ് എടുക്കുന്നത്.
യാത്രക്കാരുടെ എണ്ണം കൂടുതലായതിനാല്‍ വന്ദേഭാരതില്‍ കോച്ചുകള്‍ കൂട്ടണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. കോച്ചുകളുടെ എണ്ണം കൂട്ടുന്നതിലൂടെ യാത്രാ ക്ലേശത്തിന് പരിഹാരം കാണാന്‍ കവിയുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേ.
ആഴ്ചയില്‍ മൂന്ന് ദിവസം ബാംഗളൂരുവില്‍ നിന്ന് കൊച്ചിലേക്ക് സ്‌പെഷ്യല്‍ സര്‍വീസ് നടത്തിയിരുന്ന വന്ദേഭാരത് ട്രെയിന്‍ സ്ഥിരം സര്‍വീസ് ആക്കണമെന്ന ആവശ്യം കേരളം മുന്നോട്ടു വച്ചിരുന്നെങ്കിലും ഇതു വരെ പരിഗണിച്ചിട്ടില്ല. യാത്രാക്കാരുണ്ടായിരുന്നെങ്കിലും ബംഗളൂരു ഉള്‍പ്പെടുന്ന സൗത്ത് വെസ്റ്റ് റെയില്‍വേ സോണ്‍ അസൗകര്യം അറിയച്ചതാണ് കേരളത്തിന് കൊച്ചി-ബംഗളൂരു സര്‍വീസ് നഷ്ടമായത്.
Tags:    

Similar News