കേരളത്തിലെ ജി.എസ്.ടി പിരിവില്‍ ഇടിവ്, ദേശീയ തലത്തില്‍ ₹1.82 ലക്ഷം കോടി

ജൂണിനെ അപേക്ഷിച്ച് കഴിഞ്ഞമാസം കേരളത്തിലെ ജി.എസ്.ടി സമാഹരണം കുറഞ്ഞു

Update:2024-08-02 12:08 IST

Image : Canva

ദേശീയ തലത്തിലെ ചരക്ക്-സേവന നികുതി (ജി.എസ്.ടി) സമാഹരണം കഴിഞ്ഞ വര്‍ഷം ജൂലൈയിലെ 1.65 ലക്ഷം കോടി രൂപയില്‍നിന്ന് കഴിഞ്ഞ മാസം (ജൂലൈ) 1.82 ലക്ഷം കോടി രൂപയായി കുതിച്ചുയര്‍ന്നപ്പോള്‍, കേരളത്തിലെ പിരിവിലുണ്ടായത് വീഴ്ച.

 2023 ജൂലൈയിലെ 2,381 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ കഴിഞ്ഞ മാസത്തെ ജി.എസ്.ടി സമാഹരണത്തില്‍ 5 ശതമാനം മാത്രമാണ് വര്‍ധനയെന്ന്‌ ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
സംയോജിത ജി.എസ്.ടി വിഹിതമടക്കം കേരളത്തിന്റെ വരുമാനം 5,514 കോടി രൂപയാണ് മുന്‍ വര്‍ഷത്തെ 2,534 കോടി രൂപയേക്കാള്‍ ഒരു ശതമാനം കുറവാണിത്.
ദേശീയ തലത്തില്‍ രണ്ടാമത്തെ വലിയ റെക്കോഡ്
കഴിഞ്ഞ മാസം ദേശീയ തലത്തില്‍ പിരിച്ചെടുത്ത 1.82 ലക്ഷം കോടി രൂപ ജി.എസ്.ടിയുടെ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന രണ്ടാമത്തെ വലിയ പ്രതിമാസ സമാഹരണമാണ്.
2024 ഏപ്രിലിൽ പിരിച്ചെടുത്ത 2.10 ലക്ഷം കോടി രൂപയാണ് എക്കാലത്തെയും റെക്കോഡ്. ഇക്കഴിഞ്ഞ ജൂണില്‍ 1.73 ലക്ഷം കോടിയും മേയില്‍ 1.78 ലക്ഷം കോടിയുമായിരുന്നു ദേശീയതലത്തിലെ ജി.എസ്.ടി സമാഹരണം.

മൂന്‍ വര്‍ഷം ജൂലൈയിലെ 1.65 ലക്ഷവുമായി നോക്കുമ്പോള്‍ 10 ശതമാനമാണ് ജൂലൈയിലെ ജി.എസ്.ടി സമാഹരണത്തിലെ വര്‍ധന. മൊത്തം ജി.എസ്.ടി വരുമാനത്തില്‍ 32,386 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും (CGST) 40,289 കോടി രൂപ സംസ്ഥാന ജി.എസ്.ടിയുമാണ്. 96,447 കോടി രൂപ സംയോജിത ജി.എസ്.ടിയായും (IGST) 12,953 കോടി രൂപ സെസ് ഇനത്തിലും ലഭിച്ചു. ഇതില്‍ 16,283 കോടി രൂപ റീഫണ്ടായി നല്‍കി.

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ കുറിച്ചുള്ള പോസിറ്റീവായ സൂചനയാണ് ജി.എസ്.ടി പിരിവിലുണ്ടായ വര്‍ധന സൂചിപ്പിക്കുന്നത്. ആഭ്യന്തര ഉപയോഗം വര്‍ധിച്ചതും ഇറക്കുമതി കാര്യമായി ഉയര്‍ന്നതുമാണ് ഇതിന് സഹായകമായത്.


Tags:    

Similar News