കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് 'കൊക്കോണിക്‌സ്' ജനുവരിയില്‍ വിപണിയിലെത്തും: മുഖ്യമന്ത്രി

Update: 2019-10-23 06:46 GMT

കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് ബ്രാന്‍ഡ് ആയ ' കൊക്കോണിക്‌സ് 'സജ്ജമായി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.തിരുവനന്തപുരം മണ്‍വിളയിലെ കെല്‍ട്രോണിന്റെ പഴയ പ്രിന്റെഡ് സെര്‍ക്യൂട്ട് ബോര്‍ഡ് നിര്‍മ്മാണ ശാലയിലാണ് കൊക്കോണിക്‌സ് ഒരുങ്ങുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം അറിയിച്ചു.
മൂന്നു മോഡലുകളില്‍ നാല് നിറങ്ങളിലായി വരുന്ന കേരളത്തിന്റെ സ്വന്തം ലാപ് ടോപ് അടുത്ത ജനുവരിയോടെ വിപണിയില്‍ എത്തും.

നാല്‍പ്പത് ശതമാനം കൊക്കോണിക്‌സ് ഘടകങ്ങളും ഇവിടെ തന്നെ നിര്‍മ്മിക്കുന്നു. മെമ്മറിയും, പ്രോസസ്സറും അടക്കമുള്ള ബാക്കി 60 ശതമാനം ഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് സംയോജിപ്പിക്കുന്നു. ഇന്ത്യയില്‍ ഒരു കമ്പനിയും ലാപ്‌ടോപ്പുകളോ കമ്പ്യൂട്ടറുകളോ നിര്‍മ്മിക്കുന്നില്ല. വിവിധ ഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് അസംബിള്‍ ചെയ്യുക മാത്രമാണ് ഇവിടെ ചെയ്യുന്നത്.

ഇന്റെല്‍, യുഎസ്ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, അക്‌സിലറോണ്‍ എന്ന സ്റ്റാര്‍ട്ട് അപ്പ്, കെഎസ്‌ഐഡിസി തുടങ്ങിയ സ്ഥാപനങ്ങള്‍ സഹകരിച്ചാണ് കൊക്കോണിക്‌സ് നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ തന്നെ പി.പി.പി മോഡലില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യത്തെ ലാപ്‌ടോപ്പാണ് കേരളത്തിന്റേത്്.പഴയ ലാപ്‌ടോപുകള്‍ തിരിച്ചു വാങ്ങി സംസ്‌കരിക്കുന്ന ഈ-വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനവും ഇതിനോടൊപ്പം ഒരുങ്ങുന്നുണ്ട്. ആഭ്യന്തര വിപണി ലക്ഷ്യമാക്കി ഉത്പാദിപ്പിക്കുന്ന കൊക്കോണിക്‌സ് 'മെയ്ക്ക് ഇന്‍ ഇന്ത്യ'യുടെ മികച്ച മാതൃകയാണെന്ന് ഇന്റെല്‍ ഇന്ത്യാ മേധാവി നിര്‍വൃതി റായ് ഈ അടുത്ത് വിശേഷിപ്പിച്ചിരുന്നു.

Similar News