കയറ്റുമതിക്ക് വന്‍ കരാര്‍; കിംഗ്‌സ് ഇന്‍ഫ്ര ഓഹരിയില്‍ മുന്നേറ്റം

അമേരിക്കന്‍, ജാപ്പനീസ് കമ്പനികളില്‍ നിന്നായി ₹200 കോടിയുടെ കരാര്‍

Update: 2023-07-20 05:27 GMT

Image : kingsinfra.com and Canva

കേരളം ആസ്ഥാനമായ പ്രമുഖ മത്സ്യക്കൃഷി, സമുദ്രോത്പന്ന കയറ്റുമതി കമ്പനിയായ കിംഗ്‌സ് ഇന്‍ഫ്ര വെഞ്ച്വേഴ്‌സിന്റെ ഓഹരി വിലയില്‍ വന്‍ കുതിപ്പ്. ഇന്നലെ 104.2 രൂപയില്‍ നിന്ന് 9.93 ശതമാനം മുന്നേറി 114.55 രൂപയിലെത്തിയ വില ഇന്ന് രാവിലത്തെ വ്യാപാരത്തിലുള്ളത് 2.14 ശതമാനം നേട്ടവുമായി 117 രൂപയിലാണ്. 275 കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയാണ് കിംഗ്‌സ് ഇന്‍ഫ്ര.

വലിയ കരാര്‍, വന്‍ കുതിപ്പ്
മത്സ്യക്കൃഷി (Aquaculture), ചെമ്മീന്‍ കയറ്റുമതി (Shrimp Exports) എന്നിവയ്ക്കായി അമേരിക്ക, ജപ്പാന്‍-ചൈന എന്നിവിടങ്ങളില്‍ നിന്നായി വന്‍ ഓര്‍ഡറുകള്‍ക്കുള്ള കരാറുകളിലേക്ക് ഉടന്‍ കടക്കുകയാണ് കമ്പനി. ഇതാണ് ഓഹരി വിലക്കുതിപ്പിന് വഴിയൊരുക്കിയത്.
200 കോടിയുടെ ജപ്പാന്‍-ചൈന, അമേരിക്കന്‍ കരാര്‍
100 കോടി രൂപ വീതമുള്ള രണ്ട് വലിയ കരാറുകളില്‍ കിംഗ്‌സ് ഇന്‍ഫ്ര വൈകാതെ ഒപ്പുവയ്ക്കുമെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കിംഗ്‌സ് ഇന്‍ഫ്ര ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഷാജി ബേബി ജോണ്‍ പറഞ്ഞു.
ഇതിലൊന്ന് ജാപ്പനീസ് സ്ഥാപനത്തിന്റെ ചൈനയില്‍ പ്രവര്‍ത്തിക്കുന്ന ഉപസ്ഥാപനവുമായാണ്. സംയുക്തമായി ഉത്പന്ന ബ്രാന്‍ഡ് സൃഷ്ടിച്ച് ചൈനീസ് വിപണിയില്‍ വിതരണം ചെയ്യുകയാണ് ലക്ഷ്യം.
മറ്റൊന്ന് 100 കണ്ടെയ്‌നര്‍ വനാമി ചെമ്മീനുകള്‍ (IQF Shrimp) വിതരണം ചെയ്യാന്‍ അമേരിക്കന്‍ കമ്പനിയുമായുള്ള കരാറാണ്. ആദ്യമായാണ് കിംഗ്‌സ് ഇന്‍ഫ്ര അമേരിക്കയിലേക്ക് വാണിജ്യ അടിസ്ഥാനത്തില്‍ വന്‍തോതില്‍ വനാമി ചെമ്മീന്‍ കയറ്റുമതിക്കൊരുങ്ങുന്നത്. ഇന്ത്യന്‍ ചെമ്മീനിന്റെ ഏറ്റവും വലിയ വിപണിയാണ് അമേരിക്ക എന്നതിനാല്‍ കിംഗ്‌സ് ഇന്‍ഫ്രയ്ക്കും വലിയ പ്രതീക്ഷകളാണുള്ളതെന്നും ഷാജി ബേബി ജോണ്‍ പറഞ്ഞു.
നെല്ലൂരില്‍ പ്ലാന്റ്
അമേരിക്ക, ജപ്പാന്‍, ചൈന, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്ക് സമുദ്രോത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട് കിംഗ്‌സ് ഇന്‍ഫ്ര. അമേരിക്കന്‍ വിപണിയിലേക്കുള്ള കയറ്റുമതി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കിംഗ്‌സ് ഇന്‍ഫ്ര വൈകാതെ ആന്ധ്രാപ്രദേശിലെ നെല്ലൂരിലുള്ള ഒരു സമുദ്രോത്പന്ന സംസ്‌കരണ പ്ലാന്റ് ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിന് പുറമേ, ചില സംസ്‌കരണശാലകളുമായി സഹകരണ കറാറിലും ഏര്‍പ്പെട്ടേക്കും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) ലാഭത്തില്‍ 93 ശതമാനം വര്‍ദ്ധന നേടിയ കമ്പനിയാണ് കിംഗ്‌സ് ഇന്‍ഫ്ര. നേരത്തേ കനേഡിയന്‍ കമ്പനിയായ ആറ്റംസ് ഗ്രൂപ്പുമായും (Atomes Group) കിംഗ്‌സ് ഇന്‍ഫ്ര കൈകോര്‍ത്തിരുന്നു. ആന്റിബയോട്ടിക് വിമുക്തവും സുസ്ഥിരവുമായ മത്സ്യക്കൃഷി നടപ്പാക്കുകയായിരുന്നു സഹകരണ ലക്ഷ്യം.
Tags:    

Similar News