കാലിത്തീറ്റ കമ്പനിയായ കെ.എസ്.ഇയ്ക്ക് 18 കോടി രൂപ ലാഭം, ഓഹരി വില 7 ശതമാനം ഉയര്‍ന്നു
ഈ വര്‍ഷം ഇത് വരെ ഓഹരി നല്‍കിയത് 65% നേട്ടം
കേരളം ആസ്ഥാനമായ പ്രമുഖ സ്വകാര്യ കാലിത്തീറ്റ ഉത്പാദന കമ്പനിയായ കെ.എസ്.ഇ ലിമിറ്റഡ് നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ 18.36 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ 1.05 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. അതേ സമയം, കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ ലാഭം 18.92 കോടി രൂപയായിരുന്നു.
ജൂണ്‍ പാദത്തില്‍ വരുമാനം 425.68 കോടി രൂപയില്‍ നിന്ന് 432.58 കോടി രൂപയായി വര്‍ധിച്ചു. കാലത്തീറ്റ വിഭാഗത്തിന്റെ വരുമാനം 365.13 കോടി രൂപയും ഓയില്‍ കേക്ക് പ്രോസസിംഗ് ഡിവിഷന്റെ വരുമാനം 105.30 കോടിയും ഡയറി വിഭാഗത്തിന്റേത് 16 കോടി രൂപയുമാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ വരുമാനം 417.91 കോടി രൂപയായിരുന്നു.
ഓഹരിയിൽ മുന്നേറ്റം
ബുധനാഴ്ച ഓഹരി വിപണിയില്‍ പ്രവര്‍ത്തനം അവസാനിച്ച ശേഷമാണ് പ്രവര്‍ത്തനഫലങ്ങള്‍ പുറത്തു വന്നത്. ഇന്നലത്തെ അവധിക്ക് ശേഷം ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ കെ.എസ്.ഇ ഓഹരി വില മുന്‍ ദിവസത്തെ ക്ലോസിംഗായ 2718.80 രൂപയില്‍ നിന്ന് ഏഴ് ശതമാനത്തോളം കുതിച്ച് 2,928 രൂപ വരെയെത്തി. 210 രൂപയോളമാണ് ഒറ്റയടിക്ക് ഉയര്‍ന്നത്. കഴിഞ്ഞ 52 ആഴ്ചയിലെ ഓഹരിയുടെ ഏറ്റവും ഉയര്‍ന്ന വിലയുമാണിത്.
നിലവില്‍ നാല് ശതമാനത്തോളം നേട്ടത്തിലാണ് ഓഹരിയില്‍ വ്യാപാരം പുരോഗമിക്കുന്നത്. ഇന്നത്തെ ഓഹരി വില പ്രകാരം 903.98 കോടി രൂപയാണ് കെ.എസ്.ഇയുടെ വിപണി മൂല്യം. ഈ വര്‍ഷം ഇതുവരെ 65.84 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ള ഓഹരിയാണിത്. കഴിഞ്ഞ ഒരു മാസത്തെ നേട്ടം 17 ശതമാനവും.