വൈദ്യുതി നിരക്കില്‍ ഷോക്ക് വരുന്നു, കെ.എസ്.ഇ.ബിയുടെ പുതിയ ശിപാര്‍ശകള്‍ ഇങ്ങനെ

2024-25 സാമ്പത്തിക വര്‍ഷം 34 പൈസ വര്‍ധിപ്പിക്കാനാണ് ശിപാര്‍ശ

Update:2024-08-07 15:35 IST

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് വര്‍ധനയ്ക്ക് കളമൊരുങ്ങുന്നു. ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും വിധം മൂന്ന് വര്‍ഷത്തേക്ക് നിരക്ക് അനുമതി തേടി കെ.എസ്.ഇ.ബി റഗുലേറ്ററി കമ്മീഷന് അപേക്ഷ നല്‍കി. 2024-25 സാമ്പത്തിക വര്‍ഷം 34 പൈസ വര്‍ധിപ്പിക്കാനാണ് ശിപാര്‍ശ നല്‍കിയിരിക്കുന്നത്. വേനല്‍ക്കാലത്ത് സാധാരണനിരക്കിനു പുറമെ 10 പൈസ അധികം നിരക്ക് ഉള്‍പ്പെടെയാണിത്.

ഓരോ സ്ലാബിനും അനുസരിച്ച് നിരക്ക് വര്‍ധന വ്യത്യാസപ്പെടും. 50 യൂണിറ്റ് വരെ 3.25 രൂപയില്‍ നിന്ന് 3.35 ആയും 51 മുതല്‍ 100 യൂണിറ്റ് വരെ 3.75 രൂപയില്‍ നിന്ന് 4.17 രൂപയായും 101-150 വരെ 4.01 രൂപയില്‍ നിന്ന് 4.17 രൂപയായും 151 മുതല്‍ 200 യൂണിറ്റ് വരെ 4.65 രൂപയില്‍ നിന്ന് 4.83 രൂപ വരെയും വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. ഇതു വഴി 269.81 കോടി രൂപയുടെ അധിക വരുമാനമാണ് ലക്ഷ്യമിടുന്നത്.
40 യൂണിറ്റ് വരെ പ്രതിമാസ ഉപയോഗവും 1000 വാട്‌സ് വരെ കണക്റ്റഡ് ലോഡുമുള്ള ബി.പി.എല്‍ ഉപയോക്താക്കളെ നിരക്ക് വര്‍ധനയില്‍ നിന്ന് ഒഴിവാക്കും.
2027 മുതല്‍ എല്ലാ വര്‍ഷവും വര്‍ധന
2025-26ല്‍ 23.60 പൈസയും 2026-27 ല്‍ 5.9 പൈസയും വര്‍ധിപ്പിക്കാനുമാണ് ഉദ്ദേശിക്കുന്നത്. നിരക്ക് വര്‍ധന വഴി 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 811.20 കോടി രൂപയും 2025-26ല്‍ 549.10 കോടി രൂപയും 2026-27ല്‍ 53.82 കോടിയും അധികം കണ്ടെത്താനാകുമെന്നാണ് ശിപാര്‍ശയില്‍ പറയുന്നത്.
എന്നാല്‍ നിരക്ക് പരിഷ്‌കരിച്ച ശേഷവും 2024-25ല്‍ 447.81 കോടി രൂപയുടേയും 2025-26ല്‍ 38.60 കോടി രൂപയുടേയും 2026-27 രൂപയും 97.55 കോടി രൂപയുടെ വരുമാന അന്തരമുണ്ടാകുമെന്ന് കണക്കുകള്‍ കാണിക്കുന്നു.
മാസം 250 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന വീട്ടുകാര്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും പകലും രാത്രിയിലും വ്യത്യസ്ത നിരക്കാണ് ശിപാര്‍ശ ചെയ്യുന്നത്. 2027 മാര്‍ച്ച് വരെ എല്ലാവര്‍ഷവും നിരക്ക് കൂട്ടണമെന്നും ശിപാര്‍ശയില്‍ പറയുന്നു.
Tags:    

Similar News