യാത്രാക്കാര്‍ക്ക് ആശ്വാസം; കെ.എസ്.ആര്‍.ടി.സി ബസുകളിലും കുപ്പിവെള്ളം, പദ്ധതിക്ക് ഉടന്‍ തുടക്കമാകും
സര്‍ക്കാര്‍ സംരംഭമായ ഹില്ലി അക്വായുമായി ചേര്‍ന്നാണ് പദ്ധതി, കുറഞ്ഞ നിരക്കില്‍ ഹോള്‍സെയിലായും ലഭ്യമാക്കും
ഇനി കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള ബസുകളില്‍ യാത്ര ചെയ്യുന്നവര്‍ വെള്ളം കുടിക്കാനായി അടുത്ത സ്റ്റാന്‍ഡ് എത്തുന്നതുവരെ കാത്തു നില്‍ക്കണ്ട. ബസില്‍ തന്നെ കുപ്പി വെള്ള വിതരണം ലഭ്യമാക്കുന്ന പദ്ധതി ഉടൻ ആരംഭിക്കുകയാണ് കെ.എസ്.ആര്‍.ടി.സി. സര്‍ക്കാരിന്റെ കുടിവെള്ള കമ്പനിയായ ഹില്ലി അക്വായുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. സാധാരണ 20 രൂപ നിരക്കിലാണ് കമ്പനികളുടെ കുപ്പിവെള്ളം വിതരണം ചെയ്യുന്നതെങ്കില്‍ കെ.എസ്.ആര്‍.ടി.സിയില്‍ 15 രൂപയ്ക്ക് ലഭിക്കും.
സൂപ്പര്‍ ഫാസ്റ്റ് മുതല്‍ ഉയര്‍ന്ന ശ്രേണിയിലുള്ള സര്‍വീസുകളിലാണ് കുടിവെള്ളം ലഭ്യമാക്കുന്നതെന്ന് കെ.എസ്.ആര്‍.ടിസിയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. കൂടാതെ കെ.എസ്.ആര്‍.ടി.സിയെ ആശ്രയിച്ച് എത്തുന്ന മറ്റു യാത്രക്കാര്‍ക്കായി കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്‍ഡുകളില്‍ നിന്നും ശുദ്ധജലം നേരിട്ട് വാങ്ങാവുന്നതാണ്.
കൂടാതെ ബള്‍ക്ക് പര്‍ച്ചേസിംഗ് സംവിധാനവും കെ.എസ്.ആര്‍.ടി.സി ഒരുക്കുന്നുണ്ട്. ഇതിനായി ഹോള്‍സെയില്‍ വിലയില്‍ ലിറ്റിറിന് പത്തു രൂപ നിരക്കില്‍ ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.