ഫെഡറല്‍ ബാങ്കിന്റെ എം.ഡി ആന്‍ഡ് സി.ഇ.ഒ ആയി കെ.വി.എസ് മണിയന്‍ ചുമതലയേറ്റു
മൂന്ന് വര്‍ഷത്തേക്കാണ് നിയമനം
ആലുവ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിന്റെ പുതിയ മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ് സി.ഇ.ഒ ആയി കൃഷ്ണന്‍ വെങ്കട് സുബ്രഹ്‌മണ്യന്‍ എന്ന കെ.വി.എസ് മണിയന്‍ ഇന്ന് ചുമതലയേറ്റു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. 2010 മുതല്‍ ഫെഡറല്‍ ബാങ്കിന്റെ എം.ഡിയും സി.ഇ.ഒയുമായി തുടരുന്ന ശ്യാം ശ്രീനിവാസന്റെ കാലാവധി സെപ്റ്റംബര്‍ 22ന് അവസാനിച്ച സാഹചര്യത്തിലാണ് മണിയന്റെ നിയമനം.
കോട്ടക് മഹീന്ദ്ര ബാങ്കിന്റെ ജോയിന്റ് മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിരുന്ന മണിയന്‍ ബാങ്കിലെ മൂന്ന് പതിറ്റാണ്ടുകാലത്തെ പ്രവര്‍ത്തന കാലയളവില്‍ കോര്‍പ്പറേറ്റ് ബാങ്കിംഗ്, കൊമേഴ്സ്യല്‍ ബാങ്കിംഗ്, പ്രൈവറ്റ് ബാങ്കിംഗ്, അസറ്റ് റീകണ്‍സ്ട്രക്ഷന്‍ എന്നിവ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളുടെ മേല്‍നോട്ടം വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി-വാരാണസി, മുംബൈയിലെ ബജാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് എന്നിവിടങ്ങളിലെ പഠനശേഷമാണ് കെ.വി.എസ് മണിയന്‍ ബാങ്കിംഗ് രംഗത്തേക്ക് ചുവടുവച്ചത്. കൊട്ടക് മഹീന്ദ്ര ഫിനാന്‍സിന്റെ എന്‍.ബി.എഫ്.സി വിഭാഗത്തില്‍ കരിയര്‍ ആരംഭിച്ച മണിയന് ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗില്‍ നീണ്ട പ്രവര്‍ത്തന പരിചയമുണ്ട്.
ഓഹരികൾ മുന്നോട്ട്
ഇന്ന് ഫെഡറല്‍ ബാങ്ക് ഓഹരി 1.03 ശതമാനം ഉയര്‍ന്ന് 186 രൂപയിലാണ് വ്യാപാരം നടത്തുന്നത്. ഈ വര്‍ഷം ഇതുവരെ 19 ശതമാനത്തിലധികം നേട്ടമാണ് ഫെഡറല്‍ ബാങ്ക് ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ നേട്ടം 10 ശതമാനത്തോളവും. ഇന്നത്തെ ഓഹരി വില പ്രകാരം 45,788 കോടി രൂപയാണ് ഫെഡറല്‍ ബാങ്കിന്റെ വിപണി മൂല്യം.