ആശിര്‍വാദിന്റെ വായ്പയ്ക്ക് 'പൂട്ടിട്ട്' റിസര്‍വ് ബാങ്ക്, മണപ്പുറം ഓഹരികള്‍ക്ക് വന്‍ ഇടിവ്
ഓഹരിയുടെ ലക്ഷ്യവില താഴ്ത്തി ബ്രോക്കറേജുകള്‍
തൃശൂര്‍ ആസ്ഥാനമായ മണപ്പുറം ഫിനാന്‍സിന്റെ ഉപകമ്പനിയായ ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് ഉള്‍പ്പെടെ നാല് കമ്പനികള്‍ക്കെതിരെ റിസര്‍വ് ബാങ്ക് നടപടി. ഒക്ടോബര്‍ 21 ന് പ്രവര്‍ത്തനം അവസാനിച്ചതിനു ശേഷം വായ്പകള്‍ നല്‍കുന്നത് നിര്‍ത്തിവയ്ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
റിസര്‍വ് ബാങ്ക് നടപടിക്ക് പിന്നാലെ മണപ്പുറം ഓഹരി വില ഇന്ന് 11 മാസത്തെ വലിയ ഇടിവിലായി. രാവിലെ 159 രൂപയില്‍ വ്യാപാരം ആരംഭിച്ച ഓഹരി വില 15 ശതമാനത്തോളം ഇടിഞ്ഞ് 145 രൂപവരെ താഴ്ന്നു. നിലവില്‍ 13.36 ശതമാനം താഴ്ന്ന് 153.66 രൂപയിലാണ് വ്യാപാരം.
നിബന്ധനകള്‍ പാലിക്കുന്നതില്‍ വീഴ്ച
ചെന്നെ ആസ്ഥാനമായുള്ള ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് കൂടാതെ കൊല്‍ക്കത്ത ആസ്ഥാനമായ ആരോഹണ്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ന്യൂഡല്‍ഹി ആസ്ഥാനമായ ഡി.എം.ഐ ഫിനാന്‍സ്, ബംഗളൂരു ആസ്ഥാനമായ നവി ഫിന്‍സെര്‍വ് എന്നിവയ്ക്കും റിസര്‍വ് ബാങ്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
വായ്പ അനുവദിക്കുന്നതിന് കണക്കാക്കുന്ന ആസ്തികളുടെ കാര്യത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പുലര്‍ത്തുന്നില്ലെന്നതാണ് റിസര്‍വ് ബാങ്കിന്റെ ആശങ്ക. ഓരോ വിഭാഗത്തിലും വായ്പകള്‍ അനുവദിക്കുന്നതിന് എത്ര ആസ്തി വേണമെന്ന് കൃത്യമായ നിശ്ചയിച്ചിട്ടില്ല. മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഈ ബാങ്കുകള്‍ തുടര്‍ച്ചയായി വീഴ്ചവരുത്തുന്നുവെന്നാണ് ആര്‍.ബി.ഐയുടെ കണ്ടെത്തല്‍.
കഴിഞ്ഞ കുറെ മാസങ്ങളായി ഇത്തരം സ്ഥാപനങ്ങളെ വിവിധ മാര്‍ഗങ്ങളിലൂടെ നിരീക്ഷിച്ചു വരികയാണ് റിസര്‍വ് ബാങ്ക്.
അതേസമയം, റിസര്‍വ് ബാങ്കിന്റെ നടപടിയെ വിലമതിക്കുന്നുവെന്നും ആശിര്‍വാദിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നിയമപരമായി മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്നും മണപ്പുറം ഫിനാന്‍സ് അധികൃതര്‍ വ്യക്തമാക്കി. ആര്‍.ബി.ഐയുടെ നിര്‍ദേശം ബോര്‍ഡിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും ഉടനടി തീരുമാനം കൈക്കൊള്ളുമെന്നും അറിയിച്ചിട്ടുണ്ട്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ എല്ലാ നിരീക്ഷണങ്ങളും അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഈ പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കുമെന്നും മൊത്തത്തിലുള്ള എന്റര്‍പ്രൈസ് വൈഡ് ഗവേണന്‍സ്, റിസ്‌ക് മാനേജ്‌മെന്റ് എന്നിവയുടെ സമഗ്രമായ അവലോകനം നടത്തുമെന്നും കമ്പനി വ്യക്തമാക്കി.
തിരിച്ചടിയുമായി ബ്രോക്കറേജുകളും
മോര്‍ഗന്‍ സ്റ്റാന്‍ലി ഉള്‍പ്പെടെയുള്ള ബ്രോക്കറേജുകള്‍ മണപ്പുറം ഫിനാന്‍സ് ഓഹരികളുടെ റേറ്റിംഗ് താഴ്ത്തിയിട്ടുണ്ട്. ഓഹരിയുടെ ലക്ഷ്യ വില 170 രൂപയായാണ് മോര്‍ഗന്‍ സ്റ്റാന്‍ലി താഴ്ത്തിയത്. അതേസമയം മറ്റൊരു ബ്രോക്കറേജായ ജെഫ്രീസ് ഓഹരി ഹോള്‍ഡ് ചെയ്യാനാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്. ലക്ഷ്യവില 167 രൂപയായി കുറച്ചിട്ടുമുണ്ട്.
റിസര്‍വ് ബാങ്ക് വായ്പാ വിതരണം നിര്‍ത്താനാവശ്യപ്പെട്ടത് മണപ്പുറത്തിന്റെ മൊത്തം വായ്പകളുടെ 27 ശതമാനം ആസ്തികൈകാര്യം ചെയ്യുന്ന ആശിര്‍വാദിന് വലിയ വെല്ലുവിളിയാണെന്ന് ജെഫ്രീസ് കണക്കാക്കുന്നു.
ഒരു വര്‍ഷക്കാലയളവില്‍ എട്ട് ശതമാനത്തിലധികമാണ് മണപ്പുറം ഫിനാന്‍സ് ഓഹരിയുടമകള്‍ക്ക് നല്‍കിയിട്ടുള്ള നേട്ടം. അതേസമയം ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ ഓഹരി ഒമ്പത് ശതമാനത്തിനുമേല്‍ നഷ്ടമുണ്ടാക്കിയിട്ടുണ്ട്.