വായ്പകളില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ; ലാഭത്തില്‍ 62 ശതമാനം വര്‍ധന

കൈകാര്യം ചെയ്ത ആസ്തികള്‍ റെക്കോഡിട്ടു

Update:2024-05-22 12:01 IST

ഷാജി വര്‍ഗീസ്,  സി.ഇ.ഒ, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ്

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനു കീഴിലുള്ള മുത്തൂറ്റ് ഫിന്‍കോര്‍പ്പ് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ വിതരണം ചെയ്ത വായ്പകള്‍ 18.60 ശതമാനം വളര്‍ച്ചയോടെ ആകെ 61,703.26 കോടി രൂപയെന്ന എക്കാലത്തേയും എക്കാലത്തെയും ഉയരത്തിലെത്തി. ആദ്യമായാണ് വായ്പകള്‍ 50,000 കോടി രൂപയെന്ന നാഴികക്കല്ല് പിന്നിടുന്നത്.

ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 33,359.30 കോടി രൂപയിലുമെത്തി. ലാഭം മുന്‍സാമ്പത്തിക വര്‍ഷത്തേക്കാള്‍ 62.12 ശതമാനം വളര്‍ച്ചയോടെ 1,047.98 കോടി രൂപയുമായി. രാജ്യവ്യാപകമായി 93 ലക്ഷത്തിലേറെ ഉപഭോക്താക്കള്‍ക്കാണ് കമ്പനി സേവനം 
നല്‍കുന്നത്.

ഉപസ്ഥാപനങ്ങളെ ഒഴിവാക്കിയുള്ള ലാഭവും ആസ്തിയും

ഉപസ്ഥാപനങ്ങളുടെ പ്രവർത്തനം പരിഗണിക്കാതെ, മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ മാത്രമായുള്ള (Standalone) വായ്പ വിതരണം 15 ശതമാനം വര്‍ധിച്ച് 50,167.12 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇത് 43,443.26 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 459.81 കോടിയേക്കാള്‍ ലാഭം 22.40 ശതമാനം വര്‍ധിച്ച് 562.81 കോടി രൂപയിലുമെത്തിയിട്ടുണ്ട്. ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ മുന്‍ വര്‍ഷം ഇതേകാലയളവിലെ 17,615.07 കോടിയേക്കാള്‍ 23.26 ശതമാനം വര്‍ധിച്ച് 21,712.34 കോടി രൂപയിലുമെത്തി.
വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തിലെ 953.38 കോടിയേക്കാള്‍ 25.59 ശതമാനം വളര്‍ച്ചയുമായി ജനുവരി-മാര്‍ച്ച് പാദത്തില്‍ 1,197.31 കോടി രൂപയായി. മാര്‍ച്ച് 31 വരെയുള്ള 42.98 ലക്ഷം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കി.

തുടര്‍ച്ചയായി പുതുമകള്‍ അവതരിപ്പിച്ചത് ഉപഭോക്തൃനിര വിപുലമാക്കാന്‍ സഹായിച്ചതായും 2024-2025 സാമ്പത്തിക വര്‍ഷത്തിലും കൂടുതല്‍ മികവുറ്റ സേവനങ്ങള്‍ ഉറപ്പാക്കുമെന്നും മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 50,000 കോടി രൂപയുടെ വായ്പാ വിതരണമെന്ന നാഴികക്കല്ല് പിന്നിട്ടതായും റീട്ടെയില്‍ സേവനദാതാവ് എന്ന നില തങ്ങള്‍ തുടരുമെന്നും ശാഖകളില്‍ 78 ശതമാനവും മെട്രോ ഇതരമേഖലകളിലാണെന്നും മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് സി.ഇ.ഒ ഷാജി വര്‍ഗീസ് പറഞ്ഞു.

Tags:    

Similar News