മുത്തൂറ്റ് മൈക്രോഫിന്‍ കൈകാര്യം ചെയ്യുന്നത് ₹12,200 കോടിയുടെ ആസ്തി; ഇടപാടുകാര്‍ 33 ലക്ഷം കടന്നു

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷം പുതിയ ഉപയോക്താക്കളെ നേടി

Update: 2024-04-10 07:43 GMT

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന് കീഴിലുള്ള മുത്തൂറ്റ് മൈക്രോഫിന്‍ 2023-24 സാമ്പത്തിക വര്‍ഷം നാലാപാദത്തിലെ (ജനുവരി-മാര്‍ച്ച്) പ്രാഥമിക പ്രവര്‍ത്തനഫല കണക്ക് (Business Update) പുറത്തുവിട്ടു.

വായ്പകളിലും കൈകാര്യം ചെയ്യുന്ന ആസ്തിയിലും (assets under management /AUM) ശക്തമായ വളര്‍ച്ച രേഖപ്പെടുത്തി. വായ്പകള്‍ മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 8,104 കോടി രൂപയില്‍ നിന്ന് 32 ശതമാനം വര്‍ധിച്ച് 10,662 കോടി രൂപയായി. ഒറ്റ സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വായ്പാ വിതരണ വളര്‍ച്ചയാണിത്.
എ.യു.എം ഇക്കാലയളവില്‍ 32 ശതമാനം വളര്‍ച്ചയോടെ 12,194 കോടി രൂപയായി. 2023 മാര്‍ച്ച് 31ന് ഇത് 9,208 കോടി രൂപയായിരുന്നു. കളക്ഷന്‍ കാര്യക്ഷമത 95.8 ശതമാനത്തില്‍ നിന്ന് 98.4 ശതമാനമായി ഉയര്‍ന്നു.
പുതിയ വിപണികളിലേക്ക്
മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ മൊത്തം ശാഖകളുടെ എണ്ണം 1,508ലെത്തി. മുന്‍വർഷത്തേക്കാള്‍ 29 ശതമാനം വര്‍ധനയുണ്ട്. തെലങ്കാനയിലേക്ക് കടന്നത് കൂടാതെ ഉത്തരാഖണ്ഡ്, ഹിമാചല്‍ സംസ്ഥാനങ്ങളിലും സാന്നിധ്യം വിപുലപ്പെടുത്തി. മൊത്തം ഇടപാടുകാരുടെ എണ്ണം 33.5 ലക്ഷമായി ഉയര്‍ന്നു. 10 ലക്ഷം പുതിയ ഉപയോക്താക്കളെയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൂട്ടിച്ചേര്‍ത്തത്.
മുത്തൂറ്റ് മൈക്രോഫിന്നിന്റെ മഹിളാ മൈത്രി ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ഉപയോക്താക്കളുടെ എണ്ണം 16.3 ലക്ഷമായി.
ഓഹരിയുടെ നേട്ടം
സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് പ്രവര്‍ത്തനഫല റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടർന്ന് ഇന്നലെ രാവിലത്തെ സെഷനില്‍ മുത്തൂറ്റ് മൈക്രോഫിന്‍ ഓഹരികള്‍ ആറ് ശതമാനത്തോളം ഉയര്‍ന്നിരുന്നു. ഇന്ന് പക്ഷെ മുന്ന് ശതമാനത്തോളം ഇടിവിലാണ് ഓഹരിയുള്ളത്. 2023 ഡിസംബറിലാണ് മുത്തൂറ്റ് മൈക്രോഫിന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഓഹരിയുടെ നേട്ടം 3.77 ശതമാനമാണ്. രാജ്യത്തെ നാലാമത്തെ വലിയ എന്‍.ബി.എഫ്.സി-മൈക്രോഫിനാന്‍സ് സ്ഥാപനമാണ് മുത്തൂറ്റ് മൈക്രോഫിന്‍. ദക്ഷിണേന്ത്യയില്‍ മൂന്നാം സ്ഥാനത്തും.
Tags:    

Similar News