വീണ്ടുമൊരു 'കേരള' ഐ.പി.ഒ; നെസ്റ്റ് ഗ്രൂപ്പിന്റെ എസ്.എഫ്.ഒ ടെക്‌നോളജീസും ഓഹരി വിപണിയിലേക്ക്

രണ്ട് വര്‍ഷത്തിനകം ഐ.പി.ഒ., ₹800 കോടിയുടെ നിക്ഷേപ പദ്ധതികള്‍ ഒരുങ്ങുന്നു, ചന്ദ്രയാന്‍-ആദിത്യ ദൗത്യങ്ങളില്‍ പങ്ക്

Update:2023-11-03 22:33 IST

Image : SFO Technologies, Dr.N.Jehangir 

കൊച്ചി ആസ്ഥാനമായ പ്രമുഖ വ്യവസായ സ്ഥാപനമായ നെസ്റ്റ് ഗ്രൂപ്പിന് (NeST Group) കീഴിലെ സുപ്രധാന വിഭാഗമായ എസ്.എഫ്.ഒ ടെക്‌നോളജീസും (SFO Technologies) പ്രാരംഭ ഓഹരി വില്‍പനയ്ക്ക് (IPO) ഒരുങ്ങുന്നു. രണ്ടുവര്‍ഷത്തിനകം ഐ.പി.ഒയിലൂടെ ഓഹരി വിപണിയിലേക്ക് കടക്കുകയാണ് ലക്ഷ്യമെന്ന് നെസ്റ്റ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എന്‍. ജഹാന്‍ഗീര്‍ പറഞ്ഞു.

ടെക്‌നോളജി, സോഫ്റ്റ്‌വെയര്‍, ഫുഡ് ആന്‍ഡ് ബീവറേജസ്, എഡ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് എന്നീ വിഭാഗങ്ങളാണ് ഗ്രൂപ്പിന് കീഴിലുള്ളത്. എന്‍ജൂസ് (NJuSE), ഗോള്‍ഡന്‍ വാലി, ക്യു-ലൈഫ് (Q-Life) തുടങ്ങിയ ബ്രാന്‍ഡുകളുമായി ഫുഡ് ആന്‍ഡ് ബീവറേജസ് ബിസിനസുകളിലും സാന്നിദ്ധ്യമുള്ള നെസ്റ്റ് ഗ്രൂപ്പിന്റെ ഫ്‌ളാഗ്ഷിപ്പ് വിഭാഗമാണ് എസ്.എഫ്.ഒ ടെക്‌നോളജീസ്.
ഹാർഡ്‌വെയർ രൂപകൽപനയും നിർമ്മാണവും,​ സോഫ്റ്റ്‌വെയർ വികസനം, ഗവേഷണം എന്നീ മേഖലകളിലാണ് എസ്.എഫ്.ഒ ടെക്‌നോളജീസിന്റെ പ്രവർത്തനം. രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് ഹാർഡ്‌വെയർ കയറ്റുമതിക്കാരുമാണ്.​ 
മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് തുടങ്ങി ആശുപത്രികളിലെ അത്യാധുനിക സി.ടി., എം.ആര്‍.ഐ, എക്‌സ്-റേ, കാന്‍സര്‍ ചികിത്സാ മെഷീനുകള്‍, വിമാനങ്ങള്‍, കപ്പല്‍, റെയില്‍വേ, മെട്രോ തുടങ്ങിയവയിലും ആവശ്യമായ നിര്‍ണായക ഇലക്ട്രോണിക്‌സ് ഘടകമായ പ്രിന്റഡ് സര്‍കീട്ട് ബോർഡുകൾ (പി.സി.ബി), കേബിളുകള്‍, വയറുകള്‍, ട്രാന്‍സ്‌ഫോര്‍മറുകള്‍, ഫൈബര്‍ ഒപ്ടിക്‌സ് തുടങ്ങിയവയും സോഫ്റ്റ്‌വെയറുകളും ടിക്കറ്റ് മെഷീനുകള്‍, മള്‍ട്ടി കറന്‍സി കൗണ്ടിംഗ് മെഷീനുകള്‍, സ്മാര്‍ട്ട് മീറ്ററുകള്‍ തുടങ്ങിയവയും നിര്‍മ്മിക്കുന്ന ഒറിജിനല്‍ ഡിസൈന്‍ മാനുഫാക്ചറിംഗ് കമ്പനിയാണ് എസ്.എഫ്.ഒ ടെക്‌നോളജീസ്.
വിറ്റുവരവും ഉപയോക്താക്കളും
2022-23 സാമ്പത്തിക വര്‍ഷം 3,500 കോടി രൂപയായിരുന്നു നെസ്റ്റ് ഗ്രൂപ്പിന്റെ മൊത്തം വിറ്റുവരവ്. ഇതില്‍ 2,500 കോടി രൂപയും എസ്.എഫ്.ഒ ടെക്‌നോളജീസില്‍ നിന്നാണ്. 12 ശതമാനം വളര്‍ച്ചയാണ് എസ്.എഫ്.ഒ ടെക്‌നോളജീസ് കഴിഞ്ഞവര്‍ഷം രേഖപ്പെടുത്തിയത്. 5 വര്‍ഷത്തിനകം മൊത്തം വിറ്റുവരവ് 100 കോടി ഡോളര്‍ (8,300 കോടി രൂപ) ഭേദിക്കുകയാണ് ലക്ഷ്യമെന്നും ഡോ.എന്‍. ജഹാന്‍ഗീര്‍ പറഞ്ഞു.
മേക്ക് ഇന്‍ ഇന്ത്യ, മെയ്ഡ് ഇന്‍ കേരള എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കുന്ന ഗ്രൂപ്പിന് 56 രാജ്യങ്ങളിലായി 100ലേറെ ഉപഭോക്തൃ കമ്പനികളുണ്ട്. ഇവയില്‍ മിക്കതും ഫോര്‍ച്യൂണ്‍ മള്‍ട്ടി-നാഷണല്‍ കമ്പനികളാണ്. കേരളത്തിനകത്തും പുറത്തുമുള്ള ധനകാര്യ സ്ഥാപനങ്ങളും ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലെ പ്രതിരോധ വിഭാഗങ്ങളും വന്‍കിട ടെക് കമ്പനികളും വിദേശ മെട്രോകളും അടക്കം ഉപഭോക്തൃ പട്ടികയിലുണ്ട്. ഐ.എസ്.ആര്‍.ഒയുടെ ചന്ദ്രയാന്‍, ആദിത്യ ദൗത്യങ്ങളിലേക്കായി ആര്‍.എഫ് പാക്കേജുകള്‍ നിര്‍മ്മിച്ച് നല്‍കിയത് എസ്.എഫ്.ഒ ടെക്‌നോളജീസാണ്.
വന്‍ വികസന പദ്ധതികള്‍
മൂന്ന് വര്‍ഷത്തിനകം 800 കോടിയോളം രൂപയുടെ വികസന പദ്ധതികളാണ് ഗ്രൂപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. സോഫ്റ്റ്‌വെയറുകളും ഹാര്‍ഡ്‌വെയറുകളും വികസിപ്പിക്കാനായി കൊച്ചിയില്‍ നെസ്റ്റ് ഗ്രൂപ്പ് ഒരുക്കുന്ന കേരളത്തിലെ ആദ്യ സ്വകാര്യ പ്രത്യേക സാമ്പത്തിക മേഖലയാണ് (Private SEZ) നെസ്റ്റ് ഹൈ-ടെക് പാര്‍ക്ക്. പദ്ധതിയിലെ ആദ്യ 2.5 ലക്ഷം ചതുരശ്ര അടി പ്രവര്‍ത്തന സജ്ജമാണ്. മറ്റൊരു 2.5 ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്നു. 5 ലക്ഷം ചതുരശ്ര അടി കൂടി വിഭാവനം ചെയ്തിട്ടുണ്ട്.
എറണാകുളം വാഴക്കുളത്ത് ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ക്കായുള്ള കമ്പോണന്റ് പാര്‍ക്ക് (Component Park) ആരംഭിച്ചു. മാഗ്നെറ്റിക്, ട്രാന്‍സ്‌ഫോര്‍മറുകള്‍, കണക്ടറുകള്‍, സെന്‍സറുകള്‍ തുടങ്ങിയ കമ്പോണന്റ് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ പാര്‍ക്ക് സഹായിക്കും. കൊച്ചിക്ക് പുറമേ ബംഗളൂരു, പൂനെ എന്നിവിടങ്ങളിലും വിദേശത്തും കമ്പനിക്ക് യൂണിറ്റുകളുണ്ട്. കൊച്ചിയില്‍ ആര്‍ ആന്‍ഡ് ഡി സെന്ററും പ്രവര്‍ത്തിക്കുന്നു.
ഏറ്റെടുക്കലുകളും പരിഗണനയില്‍
കേരളത്തിനകത്തും പുറത്തും വിദേശത്തുമുള്ള ചില കമ്പനികളെ ഏറ്റെടുക്കാനും പദ്ധതിയുണ്ടെന്ന് ഡോ.എന്‍. ജഹാന്‍ഗീര്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് ആഗോള വീക്ഷണത്തോടെയാണ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം. 1990ലാണ് കമ്പനിയുടെ തുടക്കം. നിലവില്‍ 12,000ലധികം ജീവനക്കാരുണ്ട്. 40 ശതമാനവും വനിതകളാണ്.
എല്ലാ വിഭാഗം ഉപയോക്താക്കള്‍ക്കുമുള്ള 'വണ്‍-സ്‌റ്റോപ്പ് സൊല്യൂഷന്‍' പ്രൊവൈഡര്‍ എന്ന നിലയിലാണ് എസ്.എഫ്.ഒ ടെക്‌നോളജീസിന്റെ പ്രവര്‍ത്തനം. ഇത് കമ്പനിക്കും ഉപഭോക്തൃ കമ്പനികള്‍ക്കും ഒരുപോലെ നേട്ടവും സാമ്പത്തിക ലാഭവും ലഭ്യമാക്കുന്നതാണെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി.
ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, പ്രകൃതിസംരക്ഷണം, ഗ്രാമീണ വികസനം, സ്‌പോര്‍ട്‌സ് തുടങ്ങി വിവിധ മേഖലകളില്‍ സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും (CSR) ഗ്രൂപ്പ് ഊന്നല്‍ നല്‍കുന്നുണ്ടെന്ന് സി.ഇ.ഒയും എക്‌സിക്യുട്ടീവ് ഡയറക്ടറുമായ അല്‍ത്താഫ് ജഹാന്‍ഗീര്‍ പറഞ്ഞു. ഇ-മൊബിലിറ്റി, വരുംതലമുറ പേമെന്റ് സൗകര്യങ്ങള്‍, എ.ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്)​,​ എം.എൽ (മെഷീൻ ലേണിംഗ്)​ സംവിധാനങ്ങള്‍ തുടങ്ങിയവയിലും കമ്പനി ശ്രദ്ധയൂന്നുന്നുണ്ടെന്ന് സി.ഇ.ഒയും എക്‌സിക്യുട്ടീവ് ഡയറക്ടറുമായ നാസ്‌നീന്‍ ജഹാന്‍ഗീറും വ്യക്തമാക്കി.
Tags:    

Similar News