നിപ: പഴം-പച്ചക്കറി കയറ്റുമതിക്കാര്‍ക്ക് ആശങ്കയായി ആരോഗ്യ സെക്രട്ടറിയുടെ ഉത്തരവ്
കേരളത്തില്‍ നിന്നുള്ള കയറ്റുമതി വിലക്കിയേക്കുമെന്ന് ഭീതി
നിപ പ്രതിസന്ധിയില്‍ ആശങ്കയിലായ കേരളത്തിലെ പഴം-പച്ചക്കറി കയറ്റുമതി മേഖലയ്ക്ക് ഇരുട്ടടിയായി ആരോഗ്യ സെക്രട്ടറിയുടെ ഉത്തരവ്. പ്രത്യേക സര്‍ട്ടിഫിക്കറ്റോടെ മാത്രമേ കയറ്റുമതി ചെയ്യാവൂ എന്നാണ് കഴിഞ്ഞ 14ന് പുറത്തിറക്കിയ ഉത്തരവ്. ഇത് കേരളത്തില്‍ നിന്നുള്ള കയറ്റുമതിക്ക് വിലക്കേര്‍പ്പെടുത്താന്‍ ഇറക്കുമതി രാജ്യങ്ങള്‍ക്ക് പ്രേരണയാകുമെന്ന ഭീതിയാണ് കയറ്റുമതിക്കാർക്കുള്ളത്.
കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് കീഴിലെ പ്ലാന്റ് ക്വാറന്റൈന്‍ വിഭാഗത്തിന്റെ പരിശോധനയ്ക്ക് ശേഷമാണ് നിലവില്‍ കയറ്റുമതി എന്നിരിക്കേ, ആരോഗ്യ സെക്രട്ടറിയുടെ ഉത്തരവ് അനാവശ്യവും അനവസരത്തിലുള്ളതുമാണ് എന്നാണ് കയറ്റുമതിക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.
നിപ തിരിച്ചടിയല്ല
അതേസമയം, കേരളത്തില്‍ നിന്നുള്ള കയറ്റുമതിയെ നിപ ബാധിച്ചിട്ടില്ലെന്ന് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് അധികൃതര്‍ പറഞ്ഞു. കോഴിക്കോട് വിമാനത്താവളം വഴി പ്രതിദിനം 50 ടണ്‍ വരെ പഴം-പച്ചക്കറി കയറ്റുമതി ഇപ്പോള്‍ നടക്കുന്നുണ്ട്. ഗള്‍ഫ്, യൂറോപ്പ്, അയര്‍ലന്‍ഡ് എന്നിവിടങ്ങളാണ് പ്രധാന വിപണികള്‍. കൊച്ചി വിമാനത്താവളം വഴിയും കയറ്റുമതിയുണ്ട്.