കേരളത്തില്‍ ₹76,000 കോടി കടന്ന് ചെറുകിട സംരംഭക വായ്പകള്‍

കുടിശിക: കേരളത്തില്‍ നിന്ന് 291 കേസുകള്‍

Update:2023-07-25 12:11 IST

Image : dhanamfile

സംസ്ഥാനത്ത് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭക (എം.എസ്.എം.ഇ/MSME) വായ്പകള്‍ 76,000 കോടി രൂപ കടന്നുവെന്ന് കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. 2023 മാര്‍ച്ച് പ്രകാരം കേരളത്തിലെ എം.എസ്.എം.ഇകള്‍ ബാങ്കുകളില്‍ നിന്ന് നേടിയ മൊത്തം വായ്പ 76,807.52 കോടി രൂപയാണ്. 2022-23ല്‍ 67,543.53 കോടി രൂപയും 2021-22ല്‍ 60,200 കോടി രൂപയുമായിരുന്നു.

ഏറ്റവുമധികം എം.എസ്.എം.ഇ വായ്പകളുള്ള 11 സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. മഹാരാഷ്ട്ര (3.80 ലക്ഷം കോടി രൂപ), തമിഴ്‌നാട് (2.39 ലക്ഷം കോടി രൂപ), ഗുജറാത്ത് (2.11 ലക്ഷം കോടി രൂപ) എന്നിവയാണ് ഏറ്റവുമധികം എം.എസ്.എം.ഇ വായ്പകളുള്ള സംസ്ഥാനങ്ങള്‍.
കിട്ടാക്കടം കൂടുന്നു
കേരളത്തിലെ ബാങ്ക് വായ്പകളില്‍ ഏറ്റവുമധികം കിട്ടാക്കടം എം.എസ്.എം.ഇ മേഖലയില്‍ നിന്നാണെന്ന് സംസ്ഥാനതല ബാങ്കിംഗ് സമിതിയുടെ (എസ്.എല്‍.ബി.സി/SLBC) വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. 8.26 ശതമാനമാണ് റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ എം.എസ്.എം.ഇ വായ്പകളിലെ കിട്ടാക്കട അനുപാതം.
കുടിശിക: കേരളത്തില്‍ നിന്ന് 291 കേസുകള്‍
ഉപയോക്താക്കളില്‍ നിന്ന് എം.എസ്.എം.ഇകള്‍ക്ക് കിട്ടാനുള്ള കുടിശിക സംബന്ധിച്ച കേസുകള്‍ പരിഗണിക്കാന്‍ സംസ്ഥാന തലങ്ങളില്‍ കേന്ദ്ര നിര്‍ദേശാനുസരണം എം.എസ്.ഇ ഫെസിലിറ്റേഷന്‍ കൗണ്‍സിലുകള്‍ (എം.എസ്.ഇഎഫ്.സി/MSEFC) രൂപീകരിച്ചിരുന്നു. ഇതിനകം രാജ്യത്ത് 152 എം.എസ്.ഇ.എഫ്.സികള്‍ രൂപീകരിച്ചിട്ടുണ്ട്. ഒന്നിലധികം എം.എസ്.ഇ.എഫ്.സികളുള്ള ചുരുക്കം സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
കേരളത്തില്‍ നിന്ന് ഇതുവരെ കൗണ്‍സിലിന് ലഭിച്ചത് 291 പരാതികളാണെന്ന് എം.എസ്.എം.ഇ മന്ത്രാലയത്തിന് കീഴിലെ സമാധാന്‍ (Samadhaan) പോര്‍ട്ടല്‍ വ്യക്തമാക്കുന്നു.
ഇതില്‍ 75 പരാതികള്‍ ഇതിനകം തീര്‍പ്പാക്കി. 73 എണ്ണം തള്ളി. 59 കേസുകള്‍ പരസ്പര ധാരണയിലൂടെ ഒത്തുതീര്‍ത്തു. ബാക്കി കേസുകളിന്മേല്‍ തീരുമാനം വരാനുണ്ടെന്നും പോര്‍ട്ടല്‍ വ്യക്തമാക്കുന്നു.
Tags:    

Similar News