ഒരു വര്‍ഷം ഒരു പുതിയ റെസ്റ്റൊറന്റ് മാത്രം, കൂടെയുള്ളവരില്‍ ഏറെയും മലയാളികള്‍; പാരഗണിനെപ്പറ്റി സുമേഷ് ഗോവിന്ദന്റെ സ്വപ്‌നങ്ങള്‍ ഇങ്ങനെ
പാരഗണ്‍ ഗ്രൂപ്പ് ഓഫ് റെസ്റ്റൊറന്റ്സ് സിഇഒ സുമേഷ് ഗോവിന്ദ് തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെയ്ക്കുന്നു
അടുത്തിടെ 10-15 വര്‍ഷമായി വിദേശത്ത് കഴിയുന്ന ഒരു വ്യക്തി പാരഗണില്‍ വന്ന്ഭക്ഷണം കഴിച്ച ശേഷം എന്നോട് പറഞ്ഞു; ''പാരഗണിന്റെ പഴയ മാജിക്ക് ഉണ്ടാകാന്‍ ഇടയില്ല, കാലം കുറേക്കഴിഞ്ഞല്ലോ എന്ന ചിന്തയോടെയാണ്് കയറിയത്. പക്ഷേ അന്നത്തേക്കാള്‍ കുറച്ചേറെ മെച്ചപ്പെട്ടതായാണ് തോന്നിയത്.'' എന്റെ വ്യക്തിത്വവികാസത്തിന്റെ പ്രതിഫലനമാകാം പാരഗണിലുമുണ്ടായിരിക്കുന്നത് എന്നായിരുന്നു എന്റെ മറുപടി.
യഥാര്‍ത്ഥത്തില്‍ അതുതന്നെയാണ് പാരഗണ്‍. പണത്തിന് പിന്നാലെയല്ല ഞങ്ങള്‍. രുചി, വൃത്തി, പോഷകം, സര്‍ഗാത്മകത, നൂതനത്വം എന്നിവ ചേരും പടി ചേരുന്ന ഒരു വേദിയാണ് പാരഗണ്‍. ഇവിടെ ഭക്ഷണം കഴിക്കാന്‍ വരുന്നവര്‍ നൂറില്‍ 85 മാര്‍ക്കെങ്കിലും ഞങ്ങള്‍ക്ക് നല്‍കണമെന്ന ആഗ്രഹം ഞങ്ങളിലുണ്ട്. സമൂഹത്തിലെ എല്ലാത്തരം ആളുകളുമായി നേരില്‍ ഇടപഴകേണ്ടി വരുന്ന മേഖലയാണ് റെസ്റ്റൊറന്റ് മേഖല. ഇവിടെ സ്വയം നവീകരണമാണ് വളര്‍ച്ചയ്ക്കുള്ള ഉപാധി.
പാരഗണ്‍ ഗ്രൂപ്പിന് ഇപ്പോള്‍ പല ബ്രാന്‍ഡുകളുണ്ട്. പാരഗണ്‍, സല്‍ക്കാര, എം ഗ്രില്‍, ബ്രൗണ്‍ ടൗണ്‍ എന്നിങ്ങനെ. മീറ്റ് ആന്‍ഡ് മാക്കറല്‍ എന്ന പുതിയൊരു ബ്രാന്‍ഡ് ഉടന്‍ ദുബായില്‍ തുടങ്ങും. കേരളത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ജില്ലകളില്‍ വിവിധയിടങ്ങളില്‍ പാരഗണ്‍ ഗ്രൂപ്പിന്റെ റെസ്റ്റൊറന്റുകള്‍ പ്രവര്‍ത്തിക്കുന്നു. ബംഗളൂരുവിലും ഗള്‍ഫ് രാജ്യങ്ങളിലും ശാഖകളുണ്ട്. ഇതുപോലെ പലയിടങ്ങളില്‍, പല ബ്രാന്‍ഡുകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ രുചിയിലും സേവനത്തിലും സ്ഥിരത പുലര്‍ത്താന്‍ ടീമിനെ ചേര്‍ത്ത് നിര്‍ത്തേണ്ടതുണ്ട്. കഠിനാധ്വാനം ചെയ്യുന്ന ഒരു ടീമാണ് അതിന് പിന്തുണയേകുന്നത്.
മലയാളിയുടെ നന്മ
എന്റെ ടീമിലുള്ള ഭൂരിഭാഗം പേരും മലയാളികളാണ്. മലയാളികള്‍ക്ക് ഒരു സവിശേഷതയുണ്ട്. നന്മ കാണുന്നിടത്ത് അവര്‍ നില്‍ക്കും. അതുകൊണ്ട് ടീമിനെ കൂടെ നിര്‍ത്തുക എന്നതിലുപരി പരസ്പരമുള്ള ഒരു ബന്ധം എന്ന് വിശേഷിപ്പിക്കുന്നതാകും കൂടുതല്‍ ശരി. നല്ല ഭക്ഷണം നല്ല മനസോടെ വിളമ്പുകയാണ് പാരഗണ്‍.
മുന്നോട്ട് പോകാന്‍ ലാഭക്ഷമത അനിവാര്യമാണ്. പക്ഷേ വലിയ മൂല്യം കൈവരിച്ച് ബിസിനസില്‍ നിന്ന് എക്‌സിറ്റ് ചെയ്ത് കോടികള്‍ നേടണമെന്ന മോഹമൊന്നുമില്ല.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്ര വര്‍ഷത്തിനുള്ളില്‍ ഇത്ര റെസ്റ്റൊറന്റുകള്‍ തുറക്കണമെന്ന ലക്ഷ്യമൊന്നും മുന്നില്‍ വെച്ചല്ല ഞാന്‍ പോകുന്നത്. നാല് കാര്യങ്ങള്‍ക്കാണ് എപ്പോഴും മുന്‍തൂക്കം നല്‍കുക. 1. വ്യക്തിത്വവികാസം: ഇതിനായി ദിവസവും 3-4 മണിക്കൂര്‍ ഞാന്‍ മാറ്റിവെയ്ക്കും. കല, സാഹിത്യം, സിനിമ, സാങ്കേതിക വിദ്യ എന്നുവേണ്ട എല്ലാ രംഗങ്ങളിലെയും പുതിയ കാര്യങ്ങള്‍ അറിയാനും കേള്‍ക്കാനുമെല്ലാമായാണ് ഈ സമയം വിനിയോഗിക്കുക. ഇന്നത്തേക്കാള്‍ കുറച്ചുകൂടി നല്ല വ്യക്തിയാകണം നാളെ എന്ന കാഴ്ചപ്പാടുണ്ട്. 2. ആരോഗ്യപരിപാലനം: എന്നും രണ്ടുമണിക്കൂര്‍ വ്യായാമം ചെയ്യും. 3. കുടുംബം:ലോകത്തിന്റെ ഏത് കോണിലായാലും ദിവസവും രണ്ട് മണിക്കൂറെങ്കിലും കുടുംബാംഗങ്ങളുമായും അടുത്ത സുഹൃത്തുക്കളുമായുമെല്ലാം സംസാരിച്ചിരിക്കും. 4. ബിസിനസ്/ഫിനാന്‍സ്: മേല്‍പ്പറഞ്ഞ എല്ലാത്തിനും സമയം നീക്കിവെച്ച ശേഷം 6-7 മണിക്കൂര്‍ സ്വസ്ഥമായി ഉറങ്ങിയതിന് ശേഷമുള്ള സമയമാണ് ബിസിനസിനായിഞാന്‍ വിനിയോഗിക്കുന്നത്. ഒരു ദിവസത്തില്‍ 7-8 മണിക്കൂര്‍ മാത്രമെ ബിസിനസ് കാര്യങ്ങള്‍ക്കായി വിനിയോഗിക്കൂ. ആ സമയം ഏറ്റവും ഉല്‍പ്പാദനക്ഷമമാകാന്‍ സഹായിക്കുന്നത് മറ്റ് മൂന്ന് കാര്യങ്ങള്‍ക്കായി ഞാന്‍ ചെലവിടുന്ന മണിക്കൂറുകളാണ്.
വെല്ലുവിളികള്‍, നേതൃശൈലി
വ്യക്തിജീവിതത്തിലും ബിസിനസിലും പുട്ടിന് പീരയെന്ന പോലെ വെല്ലുവിളികളെ നേരിട്ട വ്യക്തിയാണ് ഞാന്‍. വ്യക്തിത്വവികാസം, ആരോഗ്യം, കുടുംബം, ബിസിനസ് എന്നിങ്ങനെ നാല് ഘടകങ്ങള്‍ക്ക് ജീവിതത്തില്‍ പ്രാധാന്യം നല്‍കുന്നരീതിയാണ് പിന്തുടരേണ്ടത്. അങ്ങനെ വരുമ്പോള്‍ നാലിലും നമുക്ക്ലോകത്തെ നമ്പര്‍ വണ്‍ ആകാന്‍ സാധിക്കില്ല. എല്ലാത്തിനോടും നീതീകരിക്കാവുന്ന പോലെ മുന്നോട്ട് പോകാനാകും. പക്ഷേ സുസ്ഥിരമായ വികാസം എല്ലാകാര്യത്തിലുമുണ്ടാവും. ഈ മനോഭാവം ഉള്ളതുകൊണ്ട് പ്രശ്‌നങ്ങളെ കുറേക്കൂടി മെച്ചപ്പെട്ട രീതിയില്‍ ഓരോ തവണയും നേരിടാന്‍ സാധിക്കും. വര്‍ഷം കൂടുന്തോറും നാം പക്വത ആര്‍ജ്ജിക്കുകയാണ് ചെയ്യുക. അത് വെല്ലുവിളികളെ സമചിത്തതയോടെ നേരിടാന്‍ പ്രാപ്തരാക്കും.
എന്നെ സംബന്ധിച്ച് നല്ലൊരു ലീഡര്‍ക്ക് വേണ്ടത് പ്രധാനമായും രണ്ട് കാര്യങ്ങളാണ്. സെന്‍സിറ്റീവായിരിക്കണം. സഹാനുഭൂതി വേണം. ടീമംഗങ്ങളെ മനസിലാക്കാനും വികാരവിചാരങ്ങള്‍ ഉള്‍ക്കൊള്ളാനും സെന്‍സിറ്റീവായ ലീഡര്‍ക്കേ സാധിക്കൂ. ടീമിനോട് തന്മയീ ഭാവമുണ്ടെങ്കിലെ അവരില്‍ ഒരാളാകു. വളരെ ആധികാരികമായി, തലയെടുപ്പോടെ മുന്നില്‍ നിന്ന് നയിക്കുന്നവര്‍ ഉണ്ടാകാം. അവിടെ ഒരു ശക്തിയുണ്ട്. സെന്‍സിറ്റീവും സഹാനുഭൂതിയുമുള്ളിടത്ത് സൗന്ദര്യമുണ്ടാകും. സൗന്ദര്യ മുള്ള നേതൃശൈലിയുടെ ആരാധകനാണ് ഞാന്‍.
പുതിയ പദ്ധതികള്‍
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഒട്ടേറെ പേര്‍ പാരഗണ്‍ ഗ്രൂപ്പില്‍ നിന്നുള്ള റെസ്റ്റൊറന്റ് തുറക്കാന്‍ അനുയോജ്യമായ സ്ഥലങ്ങള്‍ വാഗ്ദാനം ചെയ്ത് വിളിക്കാറുണ്ട്. ഒരു വര്‍ഷം ഒരു പുതിയ റെസ്റ്റൊറന്റ് എന്നതാണ് എന്റെ ശൈലി. നിലവില്‍ ബ്രൗണ്‍ ടൗണിന്റെ രണ്ട് പുതിയ ഔട്ട്‌ലെറ്റുകള്‍ കൂടി പ്ലാന്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ലുലു മാളില്‍ പുതിയ പാരഗണ്‍ വരും. കോഴിക്കോട് ബീച്ചില്‍ സ്റ്റാര്‍ബക്‌സിന്റെ ഔട്ട്‌ലെറ്റിന് മുകളില്‍ പാരഗണ്‍ പുതിയ ഔട്ട്‌ലെറ്റ് തുറക്കും. പെരിന്തല്‍മണ്ണയിലും പുതിയത് വരുന്നു. 2-3 മാസത്തിനുള്ളില്‍ ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ പുതിയ ഔട്ട്‌ലെറ്റുകളുടെ സാധ്യത പരിശോധിക്കാന്‍ സന്ദര്‍ശിക്കണമെന്ന് ആഗ്രഹിക്കുന്നു.