കേരളത്തിന് മൂന്നാം വന്ദേഭാരത് ഉടന്‍, പരിഗണനയില്‍ രണ്ട് റൂട്ടുകള്‍

ആലപ്പുഴ വഴിയുള്ള വന്ദേഭാരത് മംഗളൂരു വരെ നീട്ടിയതായി കഴിഞ്ഞ ദിവസമാണ് റെയില്‍വേ ഉത്തരവിറക്കിയത്

Update:2024-02-23 15:26 IST

കേരളത്തിലേക്ക് വീണ്ടുമൊരു വന്ദേഭാരത് കൂടി ഉടന്‍ എത്തിയേക്കും. ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് മംഗളൂരുവിലേക്ക് നീട്ടാന്‍ റെയില്‍വേ തീരുമാനിച്ചതോടെ തിരുവനന്തപുരം ഡിവിഷനു കീഴില്‍ വരുന്ന അധിക ട്രെയിന്‍ ഉപയോഗിച്ച് പുതിയ സര്‍വീസ് നടത്താനാണ് നീക്കം. എറണാകുളം-ബംഗളൂരു, കോയമ്പത്തൂര്‍-തിരുവനന്തപുരം റൂട്ടുകളാണ് പരിഗണനയിലെന്നറിയുന്നു.

എറണാകുളം-ബംഗളൂരു റൂട്ടില്‍ വന്ദേഭാരത് വേണമെന്ന് ആദ്യം മുതലേ ആവശ്യമുയര്‍ന്നിരുന്നെങ്കിലും അറ്റകുറ്റപ്പണി

സൗകര്യം ഇല്ലെന്നും ചൂണ്ടിക്കാട്ടി അനുവദിച്ചിരുന്നില്ല. എറണാകുളത്ത് വന്ദേഭാരത് അറ്റകുറ്റപ്പണിക്ക് ആവശ്യമായ വൈദ്യുതീകരിച്ച പിറ്റ്‌ലൈന്‍ വൈകാതെ കമ്മീഷന്‍ ചെയ്യുന്നതോടെ ഈ പ്രശ്‌നം പരിഹരിക്കപ്പെടും. മാത്രമല്ല കാസര്‍കോട് ട്രെയിന്‍ മംഗളൂരുവിലേക്ക് നീട്ടുന്നതോടെ ട്രെയിനിന്റെ തിരുവനന്തപുരത്തെ അറ്റകുറ്റപ്പണിയും അവിടേക്ക് മാറും. ഇതോടെ സ്‌പെയര്‍ റേക്ക് ഇല്ലാതെ സര്‍വീസ് നടത്താനാകും.

ബംഗളൂരു സര്‍വീസ് വേണമെന്ന ആവശ്യവുമായി ഹൈബി ഈഡന്‍ എം.പി റെയില്‍വേ മന്ത്രിക്ക് കത്ത് അയച്ചിരുന്നു. പുലര്‍ച്ചെ അഞ്ചിന് ബംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന തരത്തില്‍ സര്‍വീസ് വേണമെന്നാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കോയമ്പത്തൂര്‍-തിരുവനന്തപുരം വന്ദേഭാരതിനായി പാലക്കാട് എം.പി വി.കെ ശ്രീകണ്ഠനും കോയമ്പത്തൂര്‍ എം.എല്‍.എ വാനതി ശ്രീനിവാസനും റെയില്‍വേ മന്ത്രിയെ കണ്ടിരുന്നു.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് ആലപ്പുഴ വഴി സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ് മംഗളൂരു വരെ നീട്ടി റെയില്‍വേ ഉത്തരവിറക്കിയത്. എന്നുമുതലാണ് സര്‍വീസ് തുടങ്ങുകയെന്ന് വ്യക്തമാക്കിയിട്ടില്ല. മംഗളുരൂവിലെ പുതിയ പ്ലാറ്റ്‌ഫോമുകളിലെ പണി പൂര്‍ത്തിയായ സാഹചര്യത്തില്‍ അധികം വൈകാതെ ട്രെയിന്‍ ഓടിത്തുടങ്ങിയേക്കുമെന്നാണ് കരുതുന്നത്.
Tags:    

Similar News