റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി വില പൊടുന്നനെ നേര്‍പകുതിയില്‍; കാരണം ഇതാണ്

1:1 എന്ന അനുപാതത്തിലാണ് ഓഹരികള്‍ വിഭജിക്കുന്നത്

Update:2024-10-28 11:37 IST

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ബോണസ് ഇഷ്യുവിനുള്ള റെക്കോഡ് തീയതി ഇന്നാണ്. ഒരു ഓഹരിക്ക് ഒന്നെന്ന കണക്കിലാണ് ബോണസ് ഇഷ്യു അനുവദിക്കുക. അതുപ്രകാരം ഓഹരിയുടെ വില പാതിയായി കുറഞ്ഞു. വെള്ളിയാഴ്ച 2,655.45 രൂപയില്‍ ക്ലോസ് ചെയ്ത ഓഹരി വില ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയത് 1,338 രൂപയിലാണ്. അതായത് 49.61 ശതമാനം താഴ്ന്ന്. അതേസമയം, ഓഹരി വില അഡ്ജസ്റ്റ്‌മെന്റിനു ശേഷം 0.77 ശതമാനം ഉയര്‍ന്നു.

നിക്ഷപകരുടെ ട്രേഡിംഗ് ആപ്പുകളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ക്ക് 50 ശതമാനം ഇടിവ് കാണിക്കുന്നത് അഡജസ്റ്റഡ് പ്രൈസ് മൂലമാണ്. അതേസമയം നിക്ഷേപകരുടെ കൈവശമുള്ള ഓഹരികളുടെ എണ്ണം ഇരട്ടിയായി. 500 ഓഹരികള്‍ കൈവശമുള്ള നിക്ഷേപകര്‍ക്ക് 500 ഓഹരികള്‍ അധികമായി ലഭിക്കും. നിക്ഷേപകര്‍ക്ക് ബോണസ് ഓഹരി ലഭിക്കുന്നതിനാല്‍ ഫലത്തില്‍ വ്യത്യാസമില്ല.

ചെറുകിട നിക്ഷേപകർക്ക് ഗുണകരം 

ബോണസ് ഇഷ്യു നടത്തുമ്പോള്‍ വിപണിയില്‍ ലഭ്യമാകുന്ന ഓഹരികളുടെ എണ്ണം കൂടുകയും വില കുറയുകയും ചെയ്യും. ഇത് ഓഹരിയുടെ ഡിമാന്‍ഡ് വര്‍ധിക്കാനും വില കൂടാനും ഇടയാകും. റിലയന്‍സിന് നിലവില്‍ 30 ലക്ഷം ചെറുകിട ഓഹരിയുടമകളാണുള്ളത്. റീറ്റയ്ല്‍ ബിസിനുകള്‍ വിഭജിക്കുമ്പോള്‍ അത് വിലവര്‍ധനവിനും ചെറുകിട നിക്ഷേപകര്‍ക്ക് ഓഹരി പങ്കാളിയാകാനും അവസരമൊരുക്കുന്നു. റിലയന്‍സ് ജിയോയും റീറ്റെയ്‌ലും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലിസ്റ്റ് ചെയ്യുമെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. അടുത്ത വര്‍ഷത്തോടെ ഇവയുടെ ലിസ്റ്റിംഗ് യാഥാര്‍ത്ഥ്യമാകുമെന്നാണ് അനലിസ്റ്റുകള്‍ പ്രതീക്ഷിക്കുന്നത്.

റിലയസിന്റെ ബോണസ് ഇഷ്യുകൾ

ഇത് ആറാമത്തെ തവണയാണ് റിലയന്‍സ് ബോണസ് ഇഷ്യുകള്‍ അനുവദിക്കുന്നത്. ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബോണസ് ഇഷ്യുവാണ് ഇന്ന് റിലയന്‍സ് നടത്തിയത്. 2017ലായിരുന്നു അവസാനത്തെ ബോണസ് ഇഷ്യു നടന്നത്. അതിനു ശേഷം ഇതുവരെ റിലയന്‍സ് ഓഹരി 266 ശതമാനം നേട്ടം നല്‍കിയിട്ടുണ്ട്. 2017 സെപ്റ്റംബര്‍ ഏഴിന് ബോണസ് ഇഷ്യു എക്‌സ് ഡേറ്റില്‍ 725.65 രൂപയായിരുന്ന ഓഹരി വിലയാണ് വെള്ളിയാഴ്ച 2,655.45 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചത്.
അതിനു മുമ്പ് 2009, 1997, 1983, 1980 വര്‍ഷങ്ങളിലും ഓഹരി വിഭജനം നടത്തിയിട്ടുണ്ട്. ഇതു കൂടാതെ അഞ്ച് തവണ റൈറ്റ്‌സ് ഇഷ്യുവും നടത്തിയിട്ടുണ്ട്. 2020 മേയിലായിരുന്നു അവസാനത്തേത്ത്. 2023 ജൂലൈയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് ധനകാര്യ വിഭാഗമായ ജിയോ ഫിനാന്‍ഷ്യലിനെ വേര്‍പെടുത്തി പുതിയ കമ്പനി ലിസ്റ്റ് ചെയ്തു. അനലിസ്റ്റുകള്‍ പൊതുവെ റിലയന്‍സ് ഓഹരികളില്‍ ന്യൂട്രല്‍- പോസ്റ്റീവ് റേറ്റിംഗാണ് നല്‍കുന്നത്.


Tags:    

Similar News